സംസ്ഥാനത്ത് നിലവിലെ നിയന്ത്രണങ്ങള്‍ ആള്‍ക്കൂട്ടം നിയന്ത്രിക്കാന്‍ ഉപകരിക്കുന്നില്ലെന്നു പൊലീസ്. കടകള്‍ കൂടുതല്‍ സമയവും ദിവസവും തുറക്കാന്‍ അനുവദിക്കണമെന്നാണു പൊലീസിന്‍റെ ശുപാര്‍ശ. വാരാന്ത്യ ലോക്ഡൗണ്‍ ഞായറാഴ്ച മാത്രമായി ചുരുക്കണമെന്ന നിര്‍ദേശവും പൊലീസ് സര്‍ക്കാരിനു മുന്നില്‍വച്ചു. ഇതടക്കം ലോക്ഡൗണ്‍ രീതികള്‍ മാറ്റുന്നതിനു വിദഗ്ധ സമിതി സമര്‍പ്പിച്ച നിര്‍ദേശങ്ങളില്‍ സര്‍ക്കാര്‍ ഇന്നു തീരുമാനമെടുക്കും.
ടിപിആര്‍ അടിസ്ഥാനത്തിൽ നിയന്ത്രണം മാറ്റാനാണു പൊതുനിര്‍ദേശം. പകരം തദ്ദേശസ്ഥാപനത്തിലെ ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ പരിശോധന നടത്തി ടിപിആര്‍ നിശ്ചയിക്കണം. അതിന്റെ അടിസ്ഥാനത്തില്‍ വാര്‍ഡ് തലത്തിലേക്കു നിയന്ത്രണം ചുരുക്കാനും നിര്‍ദേശമുണ്ട്. നിലവിലെ ടിപിആര്‍ രീതി തുടരുകയാണങ്കില്‍ മൈക്രോ കണ്ടെയ്ൻമെന്റ് സോണുകള്‍ പ്രഖ്യാപിച്ച് അവിടം മാത്രം അടയ്ക്കുന്നതും പരിഗണനയിലുണ്ട്.
എന്നാല്‍ ടിപിആര്‍ 10ന് മുകളിലുള്ള പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണം വേണമെന്നാണു കേന്ദ്രനിര്‍ദേശം. അതിനാല്‍ നിലവിലെ രീതി തന്നെ തുടര്‍ന്ന് ടിപിആര്‍ പത്തില്‍ താഴെയുള്ള പ്രദേശങ്ങളില്‍ എല്ലാ ദിവസവും കടകള്‍ തുറക്കാന്‍ അനുവദിക്കുന്നതും പരിഗണനയിലാണ്. വാരാന്ത്യ ലോക്ഡൗണും പിന്‍വലിച്ചേക്കും.
ഓണക്കാലത്ത് വ്യാപാരം സജീവമാകാനായി ഏതാനും ദിവസങ്ങളിലേക്ക് കൂടുതല്‍ ഇളവ് നല്‍കുന്നത് ആലോചനയിലുണ്ടങ്കിലും അത് സുപ്രീംകോടതി നിര്‍ദേശത്തിന് വിരുദ്ധമാകുമെന്നാണ് സര്‍ക്കാരിനു ലഭിച്ച ഉപദേശം. ബലിപെരുന്നാളിനായി പ്രത്യേക ഇളവ് നല്‍കിയതിനെ കോടതി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.