കോവിഡ് ബാധിച്ച് ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം അടിസ്ഥാനമാക്കി കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകൾ കൂടി കാറ്റഗറി മൂന്നിൽ (സി-വിഭാഗം) ഉൾപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. തിരുവനന്തപുരം ജില്ല നേരത്തെ സി കാറ്റഗറിയിൽ ആയിരുന്നു.
ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, വയനാട്, കണ്ണൂർ ജില്ലകൾ കാറ്റഗറി രണ്ടിലും, മലപ്പുറം, കോഴിക്കോട് ജില്ലകൾ കാറ്റഗറി ഒന്നിലുമാണ്. വെള്ളിയാഴ്ച മുതൽ ഈ ജില്ലകളിൽ നേരത്തെ നിശ്ചയിച്ച പ്രകാരമുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. കാസർഗോഡ് ജില്ല നിലവിൽ ഒരു കാറ്റഗറിയിലും ഉൾപ്പെട്ടിട്ടില്ല.
സെക്രട്ടേറിയറ്റിൽ ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കോവിഡ് വാർ റൂം പുനരാരംഭിച്ചു. കോവിഡ് ബെഡ്ഡ്, ഐ.സി.യു ബെഡ്ഡ്, വെന്റിലേറ്റർ ഉൾപ്പെടെയുള്ളവയും ഇതിലൂടെ മോണിറ്റർ ചെയ്യും. കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുമ്പോൾ ആനുപാതികമായി ആശുപത്രികളിലും തിരക്ക് വർദ്ധിക്കുമെന്നതിനാൽ മുൻകരുതൽ എടുക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. കരുതൽവാസ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. പ്രാദേശികമായ ഇടപെടൽ വളരെ പ്രധാനമാണ്. കോവിഡ് ജാഗ്രതാസമിതികൾ ശക്തിപ്പെടുത്തണം.
ആശുപത്രികളിൽ ചികിത്സയ്ക്ക് മുമ്പ് രോഗലക്ഷണം ഉണ്ടെങ്കിൽ മാത്രം കോവിഡ് പരിശോധന നടത്തിയാൽ മതിയെന്ന ആരോഗ്യ വിദഗ്ധസമിതിയുടെ അഭിപ്രായം യോഗം അംഗീകരിച്ചു. ഡയാലിസിസ് സൗകര്യമുള്ള സ്വകാര്യ ആശുപത്രികളിൽ കോവിഡ് രോഗികൾക്ക് ഡയാലിസിസിന് പ്രത്യേക സംവിധാനമൊരുക്കണമെന്നും മുഖ്യമന്ത്രി യോഗത്തിൽ നിർദേശിച്ചു.