നാടിന്റെ വികസനത്തിന് സാക്ഷരത യഞ്ജം അനിവാര്യമെന്നും വർഷങ്ങൾക്കു മുൻപ് തുടങ്ങിയ സാക്ഷരത പ്രവർത്തനങ്ങൾ ആധുനിക കേരളത്തെ സ്ത്രീശാ ക്തികരണത്തിലും മനുഷ്യാവബോധ വികസനത്തിലും നിർണായക പങ്കാണ് വഹിച്ചിട്ടുള്ളതെന്നും ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു.
ആധുനിക ഡിജിറ്റൽ സാക്ഷരതയും പഠന വിഷയമാക്കി അവശേഷിക്കുന്ന നിരക്ഷരരെ സാക്ഷരരാക്കുവാൻ ഓരോ വ്യക്തിയും ഒന്നിച്ചു പരിശ്രമിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി നടപ്പാക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരിന്റെ സംയുക്ത പദ്ധതിയായ പഠന ലിഖ്ന അഭിയാന്റെ ജില്ലാ തല ക്ലാസുകളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 71 വയസ്സുള്ള ഐഷാ ബീവിയെ ആദ്യാ ക്ഷരം എഴുതിപ്പിച്ചു കൊണ്ടാണ് പ്രവേശനോത്സവം ഉദ്ഘാടനം
ചെയ്തത്.
ബീമാപള്ളി പത്തേക്കർ സുനാമി കോളനിയിൽ നടന്ന ചടങ്ങിൽ തിരുവനന്തപുരം നഗരസഭ ഡെപ്യൂട്ടി മേയർ പി.കെ. രാജു അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വിദ്യാഭ്യാസ – കായിക സ്ഥിരസമിതി അദ്ധ്യക്ഷ ഡോ.റീനാ കെ എസ് മുഖ്യപ്രഭാക്ഷണം നടത്തി. പഠനോപകരണ വിതരണ ഉദ്ഘാടനം 68 വയസ്സുള്ള നിസ്കാറിനു നൽകി ഡെപ്യൂട്ടി മേയർ പി കെ രാജു നിർവ്വഹിച്ചു.
നഗരസഭ ക്ഷേമ കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ എസ്.സലീം, നഗരസഭ നികുതി അപ്പീൽ കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ എസ്.എം.ബഷീർ, കൗൺസിലർമാർ വിവിധ രാഷ്ട്രീയ പാർട്ടി ജനപ്രതിനിധികൾ, ജില്ലാ സാക്ഷരതാ മിഷൻ കോ-ഓർഡിനേറ്റർ നിർമ്മല റേയ്ച്ചൽ ജോയ്, ജെ.എസ്.എസ്. ഡയറക്ടർ കെ.ബി. സതീഷ്, സൗത്ത് എ. ഇ. ഒ. ഗോപകുമാർ തുടങ്ങിയവർ പങ്കെടുത്തു.