നരേന്ദ്ര മോദി ജന്മദിനം: തിരുവനന്തപുരം ജില്ലയില്‍ വിപുലമായ പരിപാടികള്‍

Share


പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനമായ ഇന്ന് ജില്ലയില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ബിജെപി ജില്ലാ അധ്യക്ഷന്‍ വി.വി. രാജേഷ് അറിയിച്ചു.

ഒക്ടോബര്‍ 7 വരെ ആഘോഷ പരിപാടികള്‍ നടത്തും. സേവാ സമര്‍പ്പണ്‍ അഭിയാന്‍ എന്ന പേരിലാണ് ആഘോഷങ്ങള്‍ നടക്കുക. ഇന്ന് ജില്ലയിലെ ആരാധനാലയങ്ങളില്‍ പ്രധാനമന്ത്രിയുടെ ആയുസിനും ആരോഗ്യത്തിനുമായി പ്രവര്‍ത്തകരുടെ മതവിശ്വാസങ്ങള്‍ക്കനുസൃതമായി പ്രാര്‍ത്ഥനകളും പൂജകളും നടത്തും.

ചെറുതും വലുതുമായ എല്ലാ ദേവാലയങ്ങളിലും പ്രത്യേക പ്രാര്‍ത്ഥനകളുണ്ടാകും. ഒ. രാജഗോപാല്‍ പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലും കുമ്മനം രാജശേഖരന്‍ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലും പി.കെ. കൃഷ്ണദാസ് ആറ്റുകാല്‍ ക്ഷേത്രത്തിലും പ്രാര്‍ത്ഥനകളും പൂജകളും നടത്തും.
മന്നം മെമ്മോറിയല്‍ നാഷണല്‍ ക്ലബില്‍ രാവിലെ 11 ന് പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം ബിജെപി മുന്‍ അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നിര്‍വഹിക്കും.

ബിജെപി 330 രൂപ അടച്ച് 71 വ്യക്തികളെ പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമാ യോജന ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗങ്ങളാക്കും. മോദി സര്‍ക്കാര്‍ നടപ്പാക്കിയ വനിതകള്‍ക്ക് ഒരു രൂപയ്ക്ക് സാനിറ്ററി നാപ്കിന്‍ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ പതിനായിരം പേര്‍ക്ക് മഹിളാമോര്‍ച്ച സാനിറ്ററി നാപ്കിന്‍ നല്‍കുന്നതിന്റെ ഉദ്ഘാടനവും നടക്കും.

കിസാന്‍മോര്‍ച്ചയുടെ നേതൃത്വത്തില്‍ രണ്ട് പശുക്കുട്ടികളെ ദാനം ചെയ്യുന്ന പരിപാടിയുടെ ഉദ്ഘാടനവും പട്ടികജാതിമോര്‍ച്ചയുടെ നേതൃത്വത്തില്‍ നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ നല്‍കുന്ന പരിപാടിയുടെ ഉദ്ഘാടനവും ന്യൂനപക്ഷമോര്‍ച്ചയുടെ നേതൃത്വത്തില്‍ നിര്‍ധനര്‍ക്ക് വസ്ത്രവിതരണം നടത്തുന്ന പരിപാടിയുടെ ഉദ്ഘാടനവും നടക്കും.

യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയുടെ ജീവിതവും ഭരണനേട്ടങ്ങളും വിശദീകരിക്കുന്ന പ്രദര്‍ശിനിയും നാഷണല്‍ ക്ലബില്‍ ആരംഭിക്കും. 19 ന് പ്രദര്‍ശിനിയുടെ സമാപനചടങ്ങ് കേന്ദ്രമന്ത്രി വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യും.


ജില്ലയില്‍ നിന്ന് പ്രധാനമന്ത്രിക്ക് ജന്മദിന സന്ദേശവുമായി മൂന്നു ലക്ഷം പോസ്റ്റ് കാര്‍ഡുകള്‍ അയയ്ക്കും. കേന്ദ്ര പദ്ധതി ഗുണഭോക്താക്കളെയും പാര്‍ട്ടി പ്രവര്‍ത്തകരെയും ഇതില്‍ പങ്കാളികളാക്കും. നദീസംരക്ഷണ പരിപാടികള്‍ നടത്തും.

പുഴകളിലും തോടുകളിലും മാലിന്യങ്ങളും പ്ലാസ്റ്റിക്കും നീക്കം ചെയ്യും. കേന്ദ്ര പദ്ധതികളെ കുറിച്ച് ജനങ്ങള്‍ക്ക് അറിയുന്നതിനുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ദീനദയാല്‍ ജന്മദിനമായ സെപ്തംബര്‍ 25 ന് നടത്തും. ഒക്‌ടോബര്‍ 2 ന് ഗാന്ധി ജയന്തി ദിനത്തില്‍ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളും ശുചീകരിക്കും.


വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി വെങ്ങാനൂര്‍ സതീശ്, ജില്ലാ ട്രഷറര്‍ നിശാന്ത് സുഗുണന്‍, കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് മണമ്പൂര്‍ ദിലീപ്, മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് ജയാ രാജീവ് എന്നിവരും പങ്കെടുത്തു.