എറണാകുളം: കൊച്ചിയുടെ സാങ്കേതിക വിദ്യയിലധിഷ്ഠിതമായ പൊതുഗതാഗത സംവിധാനത്തിന് മുതല്ക്കൂട്ടാകാന് കൊച്ചി ഓപ്പണ്‍ മൊബിലിറ്റി നെറ്റ് വര്‍ക്ക് യാഥാര്‍ത്ഥ്യമാകുന്നു. വിവിധ ഓണ്‍ലൈന്‍ ഗതാഗത സേവനങ്ങള്‍ ഏകീകൃത പ്ലാറ്റ് ഫോമില്‍ ലഭ്യമാക്കുകയാണ് കൊച്ചി ഓപ്പണ്‍ മൊബിലിറ്റി നെറ്റ് വര്‍ക്ക്.
നഗരഗതാഗത സംവിധാനങ്ങളുടെ സമഗ്രവികസനവും പരസ്പരബന്ധിത പ്രവര്‍ത്തനവും ഉറപ്പാക്കുന്നതിനുമായി രൂപീകരിച്ച കൊച്ചി മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ കീഴിലാണ് കൊച്ചി ഓപ്പണ്‍ മൊബിലിറ്റി നെറ്റ് വര്‍ക്ക് യാഥാര്‍ത്ഥ്യമായത്. ഇതിലൂടെ ഓപ്പണ്‍ മൊബിലിറ്റി നെറ്റ് വര്‍ക്ക് സംവിധാനത്തിലുള്ള ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് നഗരപരിധിയിലെ എല്ലാ യാത്രാ സംവിധാനങ്ങള്‍ ഉപയോഗിക്കുവാനും ഡിജിറ്റല്‍ പണമിടപാടും സാധ്യമാകും.
ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു 23-ാം തീയതി വൈകീട്ട് നാല് മണിക്ക് എറണാകുളം ടൗണ്‍ ഹാളില്‍ ഓപ്പണ്‍ മൊബിലിറ്റി നെറ്റ് വര്‍ക്ക് ഉദ്ഘാടനം ചെയ്യും. ടി.ജെ വിനോദ് എം.എല്‍.എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കൊച്ചി മേയര്‍ എം. അനില്‍കുമാര്‍, ഹൈബി ഈഡന് എം.പി, എം.എല്‍.എമാരായ കെ.ജെ മാക്സി, പി.ടി തോമസ്, കെ. ബാബു, കൊച്ചി മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി വൈസ് ചെയര്‍പേഴ്സണ്‍ കെ.ആര് ജ്യോതിലാല്‍, നന്ദന് നിലേകനി, ഡോ. ബി അശോക്, കൊച്ചി മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി സി.ഇ.ഒ അഫ്സാന പര്‍വീണ്‍, നഗരസഭാംഗം സുധ ദിലീപ് കുമാര്‍ എന്നിവര്‍ പങ്കെടുക്കും.