ദേശീയ പാതയുടെ അറ്റകുറ്റപ്പണി ഉടന്‍ ഉണ്ടാകുമെന്ന് പ്രതീക്ഷ: മന്ത്രി മുഹമ്മദ് റിയാസ്

Share

ആലപ്പുഴ ജില്ലയില്‍ ദേശീയ പാതയുടെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട അനിശ്ചിതത്വം ഉടന്‍ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. കളക്ടറേറ്റില്‍ ഇന്നലെ രാത്രി ചേര്‍ന്ന അടിയന്തര യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ദേശീയ പാത ആറു വരിയാക്കുന്നതിന്റെ ഭാഗമായി  കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് കൈമാറിയിരിക്കുകയാണ്.  കഴിഞ്ഞ ഏതാനും മാസങ്ങളായി എന്‍.എച്ച്.എ.ഐയുടെ അധീനതയിലുള്ള റോഡുകളില്‍ പൊതുമരാമത്ത് വകുപ്പിന് അറ്റകുറ്റപ്പണികള്‍ നടത്താന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. ഇതിന് അതോറിറ്റിയുടെ അനുമതി വേണ്ടതുണ്ട്. 

ആറു വരിയാക്കുന്നതിന്റെ ഭാഗമായുള്ള നടപടികള്‍ ഇനിയും നീണ്ടു പോകും. അത്രയും കാലം റോഡുകളിലെ കുഴി അടയ്ക്കാന്‍ സാധിക്കാതിരുന്നാല്‍ സ്ഥിതി സങ്കീര്‍ണമാകും. യോഗത്തിനിടെ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ പ്രോജക്ട് ഡയറക്ടറെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. പ്രശ്‌ന പരിഹാരത്തിന് അടിയന്തരമായി ശ്രമിക്കാമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്.  ഈ വിഷയം കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. ഒക്ടോബറില്‍ അദ്ദേഹത്തെ നേരില്‍ കാണുന്നുണ്ട്. 

സംസ്ഥാനത്ത് ഒരു ലക്ഷത്തിലധികം കിലോമീറ്റര്‍ റോഡുകളുള്ളതില്‍ 33000 കിലോമീറ്റര്‍ റോഡുകള്‍ മാത്രമാണ് പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ളത്. വകുപ്പിനു കീഴിലുള്ള നാഷണല്‍ ഹൈവേ വിഭാഗത്തിന്റെ പരിധിയില്‍ വരുന്നത് നാനൂറു കിലോമീറ്റര്‍ റോഡ് മാത്രമാണ്. ശേഷിക്കുന്ന റോഡ് നാഷണല്‍ ഹൈവേ അതോറിറ്റിയുടെ കീഴിലാണ്. 

ഇന്നത്തെ യോഗത്തില്‍ നാഷണല്‍ ഹൈവേ അതോറിറ്റി അധികൃതര്‍ അറിയിച്ചിട്ടുള്ള കാര്യങ്ങള്‍ സമയബന്ധിതമായി നിര്‍വഹിക്കപ്പെടുന്നുണ്ടോ എന്നത് എം.എല്‍.എമാരുടെയും ജില്ലാ കളക്ടറുടെയും നേതൃത്വത്തില്‍ വിലയിരുത്തും. അതില്‍ വീഴ്ച്ചയുണ്ടെങ്കില്‍ കേന്ദ്ര സര്‍ക്കാരിനെ ധരിപ്പിക്കും. ആലപ്പുഴയില്‍ 18 കിലോമീറ്റര്‍ ദേശീയ പാത ബിസി ഓവര്‍ലേ ചെയ്യുന്നതിന് പത്തു കോടി രൂപയോളം വേണ്ടിവരും. ഇത് കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കേണ്ടതുണ്ട്. ഈ വിഷയവും കേന്ദ്രമന്ത്രിയെ ധരിപ്പിക്കും-മന്ത്രി പറഞ്ഞു.

എം.എല്‍.എമാരായ എച്ച്. സലാം, പി.പി. ചിത്തരഞ്ജന്‍, ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടര്‍ പൊതുമരാമത്ത് ദേശീയ പാതാ വിഭാഗം എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ ജോണ്‍ കെന്നത്ത് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.