ദുരന്തങ്ങളില്‍പ്പെട്ടവരെ 2 വര്‍ഷമായിട്ടും പുനരധിവസിപ്പിച്ചില്ല; നവകേരള സൃഷ്ടി ജനങ്ങളെ പറ്റിക്കാന്‍: പ്രതിപക്ഷ നേതാവ്

Share

തിരുവനന്തപുരം: കവളപ്പാറ, പുത്തുമല, പെട്ടിമുടി ഉരുള്‍പൊട്ടലുകളുണ്ടായി രണ്ടു വര്‍ഷമായിട്ടും പുനര്‍നിര്‍മ്മാണവും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഉരുള്‍പൊട്ടലില്‍ വീടും കൃഷിയിടവും നഷ്ടപ്പെട്ടവരെ ഓഡിറ്റോറിയങ്ങളിലും വാടക വീടുകളിലുമാണ് പാര്‍പ്പിച്ചത്. വാടക കൊടുക്കാന്‍ പോലും സര്‍ക്കാര്‍ തയാറാകാത്തതിനെ തുടര്‍ന്ന് ഇതില്‍ പലരും പെരുവഴിയിലാണ്.

സാലറി ചലഞ്ച്, പ്രളയ സെസ് എന്നിവയിലൂടെ കോടികള്‍ ലഭിച്ചെങ്കിലും അതൊന്നും പുനര്‍നിര്‍മ്മാണത്തിന് വിനിയോഗിച്ചില്ല. സര്‍ക്കാരിന്റെ നവകേരള പ്രഖ്യാപനത്തിന്റെ ഭാഗമായി രൂപീകരിച്ച റീബില്‍ഡ് കേരളയ്ക്ക് നല്‍കിയ 7460 കോടി രൂപയില്‍ 460 കോടി മാത്രമാണ് ചെലവഴിച്ചത്. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ബജറ്റില്‍ വകയിരുത്തിയ ആയിരം കോടിയില്‍ ഒരു രൂപപോലും ചെലവഴിച്ചിട്ടില്ല. നവകേരള സൃഷ്ടിയെന്നത് ജനങ്ങളെ പറ്റിക്കാനുള്ള വാഗ്ദാനം മാത്രമായിരുന്നെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ദുരന്ത പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനുണ്ടായ പരാജയം നിയമസഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള അടിയന്തിര പ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നടത്തിയ ഇറങ്ങിപ്പോക്കിന് മുന്നോടിയായി പ്രസംഗിക്കുകയായിരുന്നു വി.ഡി സതീശന്‍.

പ്രളയ പുനര്‍നിര്‍മ്മാണത്തിലും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളിലും സര്‍ക്കാരിനുണ്ടായ പരാജയം പ്രതിപക്ഷം ചൂണ്ടിക്കാട്ടുമ്പോള്‍ മലയാളികളെ പിച്ചതെണ്ടാന്‍ വിട്ടില്ലെന്ന മൈതാന പ്രസംഗമല്ല റവന്യൂമന്ത്രി നടത്തേണ്ടത്. കവളപ്പാറയില്‍ 32 പട്ടികജാതി കുടുംബങ്ങള്‍ ഉള്‍പ്പെടെ 56 പേര്‍ തെരുവിലും ഓഡിറ്റോറിയങ്ങളിലുമായി കഴിയുകയാണ്. മുന്നറിയിപ്പ് ലഭിച്ചിട്ടും അപകട മേഖലകളില്‍ കഴിയുന്ന 69 കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ല.

എന്തിനാണ് ഇങ്ങനെയൊരു ഭരണകൂടവും റവന്യൂ വകുപ്പും? പുത്തുമലയില്‍ കൃഷിനാശം ഉള്‍പ്പെടെ 52 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടും സര്‍ക്കാര്‍ പ്രഖ്യാപനം നടത്തിയതല്ലാതെ സഹായിച്ചില്ല. പ്രളയത്തില്‍പ്പെട്ട കച്ചവടക്കാരെ സഹായിക്കാനായി പ്രഖ്യാപിച്ച ഉജ്ജീവന്‍ പദ്ധതിയിലൂടെ ഒരു സഹായവും ലഭിച്ചില്ല. എന്തിനാണ് ഇങ്ങനെ പദ്ധതി പ്രഖ്യാപിച്ച് ജനങ്ങളെ പറ്റിക്കുന്നത്? പുത്തുമലയില്‍ സ്ഥലം നഷ്ടപ്പെട്ട 27 പേര്‍ക്ക് ഒരു സഹായവും നല്‍കിയില്ല. അര്‍ഹരായവരെ സഹായ പട്ടികയില്‍ നിന്നും ഒഴിവാക്കി അനര്‍ഹര്‍ക്ക് സഹായം നല്‍കിയെന്നും പരാതിയുണ്ട്. പെട്ടിമുടിയിലും 20 കുടുംബങ്ങള്‍ക്ക് ഇതുവരെ ധനസഹായം വിതരണം ചെയ്തിട്ടില്ല- പ്രതിപക്ഷ നേതാവ് പറഞ്ഞു.

പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിനു വേണ്ടി രൂപീകരിച്ച റീബില്‍ഡ് കേരളയില്‍ ധൂര്‍ത്ത് മാത്രമാണ് നടക്കുന്നത്. 7405.10 കോടിയുടെ പ്രവര്‍ത്തികള്‍ക്ക് ഭരണാനുമതി നല്‍കിയെങ്കിലും 460.90 കോടി മാത്രമാണ് ഇതുവരെ ചെലവഴിച്ചത്. 2019 ഓഗസ്റ്റില്‍ ലഭിച്ച ലോക ബാങ്കിന്റെ വികസനനയ വായ്പയുടെ ഒന്നാം ഗഡുവായ 1779.58 കോടി രൂപ ഇതുവരെ റീബില്‍ഡ് കേരളക്ക് നല്‍കിയിട്ടില്ല. ഓരോ വര്‍ഷവും ബജറ്റ് പ്രൊവിഷനായി 1000 കോടി രൂപ റീബില്‍ഡ് കേരളക്കായി വകയിരുത്തുമെങ്കിലും ശമ്പളം, ഓഫീസ് കെട്ടിട വാടക, കണ്‍സള്‍ട്ടന്‍സി ഫീ തുടങ്ങിയ ഇനങ്ങള്‍ക്ക് മാത്രമാണ് തുക ഉപയോഗിക്കുന്നത്. ഓഫീസ് ഫര്‍ണിഷിംഗിന് മാത്രം 50,90,363 രൂപ ചെലവഴിച്ചു.

ലോകത്തിലെ എല്ലാ മലയാളികളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നല്‍കിയില്ലേ? എറണാകുളത്ത് ദുരിതാശ്വാസ ഫണ്ട് തട്ടിപ്പുകാരെ സംരക്ഷിച്ചത് ആരാണ്? നിലമ്പൂരില്‍ എംഎല്‍എയും കളക്ടറും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് സഹായം ലഭിക്കാത്ത സ്ഥിതിയാണ്. പറ്റിയ അബദ്ധങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശാസ്ത്രീയമായ നടപടികള്‍ സ്വീകരിക്കുകയാണ് വേണ്ടത്. സര്‍ക്കാര്‍ പാവങ്ങളെ വിധിക്ക് വിട്ടുകൊടുക്കുകയാണ്.- പ്രതിപക്ഷ നേതാവ് പറഞ്ഞു.