തൊഴിൽ സേനയിലെ സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യ സ്വതന്ത്രമായതിന്റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം നഗരസഭയും സ്മാർട്ട് സിറ്റി തിരുവനന്തപുരം ലിമിറ്റഡും സംയുക്തമായി സംഘടിപ്പിക്കുന്ന ”സ്വാത്രന്ത്ര്യം തന്നെ അമൃതം” ആഘോഷപരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യം നേടി 75 വർഷമായിട്ടും സ്ത്രീ പുരുഷ സമത്വം സാധ്യമായിട്ടില്ല. തൊഴിൽ സേനയിൽ സ്ത്രീകളുടെ പങ്ക് ഇപ്പോഴും കുറവാണ്. അവർക്ക് സാമൂഹികവും സാമ്പത്തികവുമായ സ്വയം പര്യാപ്തത കൈവരിക്കുന്നതിന് തൊഴിൽ സേനയിലെ പങ്ക് വർധിപ്പിക്കേണ്ടതുണ്ട്. ഇതിനുള്ള ശ്രമങ്ങൾ തദ്ദേശസ്ഥാപനങ്ങളിൽനിന്നും ഉണ്ടാവണം. ഔപചാരികമായ രാഷ്ട്രീയ സ്വാതന്ത്ര്യം സാമൂഹികവും സാമുദായികവുമായ വേർതിരിവുകളെ ഇല്ലാതാക്കുമെന്ന പ്രതീക്ഷ ഫലിച്ചില്ല. സമൂഹത്തിലെ വിടവുകൾ പിന്നെയും വർധിപ്പിച്ചുവെന്നതാണ് സത്യം. സാമൂഹികവും സാമ്പത്തികവുമായ അസന്തുലിതാവസ്ഥ നിലനിൽക്കുന്നു. നവോത്ഥാന പൈതൃകങ്ങൾ ഉൾക്കൊണ്ടുകൊണ്ട്, ഈ വഴിക്കുള്ള പുതിയ മുന്നേറ്റങ്ങൾ ആവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഏഴരപതിറ്റാണ്ടുകൊണ്ട് എന്തുകൊണ്ടാണ് നമുക്ക് ദാരിദ്ര്യവും നിരക്ഷരതയും തൊഴിലില്ലായ്മയും തുടച്ചുനീക്കാനാവാത്തത്, സ്ത്രീ പുരുഷ സമത്വം സാധ്യമാക്കാൻ കഴിയാതെ പോയത്? ഇത്തരം ചിന്തകളിൽക്കൂടിയാണ് സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം അർത്ഥപൂർണമാക്കേണ്ടത്. എന്തൊക്കെ നഷ്ടപ്പെടുത്തിയെന്നും എന്തൊക്കെ നേടിയെടുക്കേണ്ടതുണ്ടെന്നും ആലോചിക്കണം. ഇത്തരം ആലോചനകളിലൂടെ ആഘോഷത്തെ പ്രസക്തമാക്കിമാറ്റാനാവണം. നാം ഒന്നും നേടിയിട്ടില്ല എന്നല്ല, ഒരുപാട് നേട്ടമുണ്ടായിട്ടുണ്ട്. കാര്യമായ വികസനവും ഉണ്ടായിട്ടുണ്ട്. എന്നാലതിന്റെ തൃപ്തി, പോരായ്മകൾ മറന്നുകൂടായെന്നും മുഖ്യമന്ത്രി പറഞ്ഞു.