തെക്കൻ കേരളത്തിൽ പ്രത്യേകിച്ച് തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ അതി തീവ്ര മഴ

Share

തെക്കൻ കേരളത്തിൽ പ്രത്യേകിച്ച് തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ അതി തീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ അധികൃതരും പൊതുജനങ്ങളും അതീവ ജാഗ്രത പാലിക്കണം. ഉരുൾപൊട്ടൽ/മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക ദുരന്ത സാധ്യത മേഖലകളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥാനങ്ങളിലേക്കോ അടുത്തുള്ള ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ മാറിത്താമസിക്കേണ്ടതാണ്.

വരും മണിക്കൂറുകളിലും വ്യാപകമായ മഴ ലഭിക്കാൻ സാധ്യതയുള്ളതിനാൽ മലയോര മേഖലയിലും, നദിക്കരകളിലും, മലയോരപ്രദേശങ്ങളിലേക്കുള്ള യാത്രകൾക്കും,വിനോദസഞ്ചാര മേഖലകളിലും അതീവ ജാഗ്രത പുലർത്താൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റികൾക്ക് കർശന നിർദേശം നൽകുന്നു.

തെക്ക് കിഴക്കൻ അറബികടലിലും വടക്കൻ തമിഴ് നാടിനു മുകളിലും ചക്രവാതചുഴി നിലനിൽക്കുന്നു. ഇതിനാൽ പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിച്ചിരിക്കുന്നു. ഇതിന്റെ സ്വാധീനത്താൽ കേരളത്തിൽ അടുത്ത രണ്ടു ദിവസം ഒറ്റപ്പെട്ട ശക്തമായ / അതി ശക്തമായ മഴക്ക് സാധ്യത. പ്രത്യേകിച്ച് തെക്കൻ കേരളത്തിൽ അതിശക്ത മഴ സാധ്യത.

ബംഗാൾ ഉൾകടലിൽ തെക്കു ആൻഡമാൻ കടലിൽ തായ്‌ലൻഡ് തീരത്തിനോട് ചേർന്ന് ഇന്ന് (13 നവംബർ 2021) രാവിലെ 8.30 ന് ന്യുന മർദ്ദം രൂപപ്പെട്ടു. ന്യൂനമർദ്ദം പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു ശക്തി പ്രാപിച്ചു നവംബർ 15 ഓടെ വടക്കു ആൻഡമാൻ കടലിലും തെക്കു-കിഴക്കു ബംഗാൾ ഉൾക്കടലിലുമായി തീവ്ര ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത. തുടർന്ന് പടിഞ്ഞാറ് വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു ശക്തി പ്രാപിച്ചു അടുത്ത 48 മണിക്കൂറിനുള്ളിൽ ആന്ധ്രാ തീരത്തു പ്രവേശിക്കാൻ സാധ്യത.