തീവ്രത കൂടിയ കോവിഡ്; ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരെ കാത്തിരിക്കുന്നത് ദീര്‍ഘകാലത്തേക്കുള്ള പാര്‍ശ്വ ഫലങ്ങൾ

Share

കോവിഡ് ബാധിച്ചവരില്‍ 80 ശതമാനത്തിനും പലപ്പോഴും ആശുപത്രി വാസം വേണ്ടി വരാറില്ല. എന്നാല്‍ രോഗം തീവ്രമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരെ കാത്തിരിക്കുന്നത് ദീര്‍ഘകാലത്തേക്കുള്ള പാര്‍ശ്വ ഫലങ്ങളാണ്.

തീവ്രത കൂടിയ കോവിഡ്19 അണുബാധ മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരില്‍ 50 ശതമാനം പേര്‍ക്കും രോഗമുക്തിക്ക് മാസങ്ങള്‍ക്ക് ശേഷം ഹൃദ്രോഗമുണ്ടാകുന്നുണ്ടെന്ന് ഓക്‌സ്ഫഡ് ജേണല്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി.

ഇതിനാല്‍ കോവിഡ് രോഗമുക്തരായവര്‍ ഹൃദയാരോഗ്യം സംബന്ധിച്ച് പരിശോധന നടത്തേണ്ടത് അത്യാവശ്യമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കോവിഡ് ശരീരത്തിലുണ്ടാക്കുന്ന അണുബാധ ഹൃദയ പേശികളെ ദുര്‍ബലമാക്കുകയും ഹൃദയതാളം തെറ്റിക്കുകയും രക്തം കട്ടപിടിക്കാന്‍ ഇടയാക്കുകയും ചെയ്യുമെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

മാത്രമല്ല വൈറസ് ഹൃദയത്തിലെ മയോകാര്‍ഡിയം ടിഷ്യൂവിലുള്ള എസിഇ2 റിസപ്റ്ററുകളുമായി നേരിട്ട് ബന്ധപ്പെട്ടും നാശം വിതയ്ക്കാം.

ഹൃദയ പേശികളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന മയോകാര്‍ഡിറ്റിസ് ഹൃദയം നിലയ്ക്കാന്‍ ഇടയാക്കാം. മുന്‍പ് തന്നെ ഹൃദ്രോഗം ഉള്ളവരുടെ നില വഷളാക്കാനും കോവിഡ് അണുബാധയ്ക്ക് സാധിക്കും.

കോവിഡ് രോഗമുക്തിക്ക് ശേഷം നെഞ്ച് വേദന വന്നവരും അണുബാധയ്ക്ക് മുന്‍പ് ലഘുവായ ഹൃദ്രോഗം ഉണ്ടായിരുന്നവരും ഒരു ഇമേജിങ്ങ് പരിശോധനയ്ക്ക് വിധേയമാകണം. ഇത് വൈറസ് ഹൃദയ പേശികള്‍ക്ക് നീണ്ടു നില്‍ക്കുന്ന നാശമുണ്ടാക്കിയിട്ടുണ്ടോ എന്ന് കാട്ടിത്തരും.