ആലപ്പുഴ : വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപണത്തില്‍ ഉറച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 38,000 ഇരട്ടവോട്ടുകളെ കണ്ടെത്തിയുള്ളൂ എന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പറയുന്നത് വാസ്തവത്തില്‍ അതിശയിപ്പിക്കുന്നതും ഞെട്ടിപ്പിക്കുന്നതുമാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ വ്യാജ വോട്ടർമാരുടെ വിവരങ്ങൾ നാളെ പുറത്ത് വിടും. കേസ് ഹൈക്കോടതിയിൽ ആയതിനാൽ കൂടുതലൊന്നും പറയുന്നില്ലെന്നും പരാതിയിൽ ഉറച്ച് നിൽക്കുകയാണെന്നും ചെന്നിത്തല വ്യക്തമാക്കി.
നാല് ലക്ഷത്തി മുപ്പത്തിനാലായിരം പരാതികളാണ് നൽകിയതെന്നും എന്നാൽ കമ്മീഷന്റെ കണ്ടെത്തൽ ഞെട്ടിക്കുന്നതാണെന്നും പറഞ്ഞ പ്രതിപക്ഷ വ്യാജ വോട്ടർമാരുടെ മുഴുവൻ വിവരങ്ങളും നാളെ പുറത്തുവിടുമെന്ന് അറിയിച്ചു. വെബ്സൈറ്റിലൂടെ വിവരങ്ങൾ പുറത്തുവിടുമെന്നും തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമം അനുവദിക്കില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
താന്‍ പറയുന്നതാണോ അതോ തിരഞ്ഞെടുപ്പു കമ്മിഷന്‍ പറയുന്നതാണോ ശരിയെന്ന് പൊതുജനങ്ങള്‍ അറിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇരട്ടവോട്ട് ചെറിയ കാര്യമല്ലെന്നും ചെന്നിത്തല പറഞ്ഞു.
കേരളത്തിലെ തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാന്‍ സഹായിക്കുന്ന വിധത്തിലുള്ള ഇരട്ടവോട്ടാണ് ചേര്‍ത്തിരിക്കുന്നത്. ഈ വ്യാജ വോട്ടര്‍മാര്‍ ഒരു കാരണവശാലും വോട്ടെടുപ്പിൽ പങ്കെടുക്കാന്‍ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇരട്ട വോട്ടിൽ തെരഞ്ഞെടുപ്പ് കമ്മീഷന് കൊടുത്ത പരാതികൾ പ്രസിദ്ധീകരിക്കുമെന്നും ചെന്നിത്തല പറഞ്ഞു. കായംകുളത്തെ വോട്ടറേ സ്വാധീനിക്കാനുള്ള ശ്രമത്തെ അപലപിച്ച ചെന്നിത്ത തപാൽ വോട്ട് പ്രക്രിയ ഒട്ടും സുരക്ഷിതമല്ലെന്നും കുറ്റപ്പെടുത്തുന്നു പെൻഷൻ കൊടുത്തിട്ട് വോട്ട് സ്വാധീനിക്കുന്ന രീതി പല ഭാഗങ്ങളിൽ ഉള്ളതായും ആക്ഷേപമുണ്ട്.
സർവ്വേ ഫലങ്ങൾ പുറത്തുവിടുന്നത് ഒട്ടും ശരിയല്ലെന്നും സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് തുടങ്ങിയെന്നും ഓർമ്മിപ്പിച്ച ചെന്നിത്തല, കമ്മീഷൻ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടു.