തിരുവനന്തപുരം: കേരളത്തിന്റെ അയൽസംസ്ഥാനമായ തമിഴ്‌നാട്ടില്‍ മിക്കയിനം പച്ചക്കറികള്‍ക്കും വിലയിടിവ്. എന്നാല്‍ വിലക്കുറവിന്റെ പ്രയോജനം ഉപയോക്തക്കള്‍ക്കു ലഭിക്കാതെ ഇടനിലക്കാര്‍ തട്ടിയെടുത്ത് വിപണിയിലെത്തിക്കുന്നത് നാലിരട്ടിവിലയ്ക്ക്.
പടവലങ്ങയും പാവക്കയും കിലോയ്ക്ക് മൂന്നു രൂപ നിരക്കിലാണ് കര്‍ഷകരില്‍നിന്നു വാങ്ങുന്നത്. തക്കാളി കിലോയ്ക്ക് രണ്ടു രൂപയും. മൂന്നു രൂപാ നിരക്കില്‍ കര്‍ഷകരില്‍ നിന്നു മൊത്തക്കച്ചവടക്കാര്‍ വാങ്ങുന്ന പടവലങ്ങ കിലോക്ക് പത്തു രൂപയും രണ്ടുരൂപാ നിരക്കില്‍ വാങ്ങുന്ന തക്കാളി ഒന്നര കിലോക്ക് പത്തു രൂപയ്ക്കുമാണ് തമിഴ് നാട്ടില്‍ ചില്ലറ വില്‍പന.
സവോള നൂറു രൂപക്ക് നാലു കിലോയും അഞ്ചു കിലോയും വരെ വില്‍പനയുണ്ട്. എന്നാല്‍ തക്കാളിക്ക് ഇരുപത് രൂപയും പടവലങ്ങയ്ക്കു 20 മുതല്‍ 25 രൂപയുമാണ് അതിര്‍ത്തിക്കിപ്പുറത്ത് വില.
പച്ചക്കറിയുടെ ഇന്നലെത്തെ വില തമിഴ്‌നാട്ടില്‍ ബ്രാക്കറ്റില്‍ അതിര്‍ത്തിക്കിപ്പുറത്തെ വിലയും. കോവക്ക 10 (20), കത്രിക്ക 15(30), കാരറ്റ് 20 (35 ), പടവലങ്ങാ 15 (20 ), മുരിങ്ങക്കാ 30 (54), പാവക്കാ 10 (30 ), വെണ്ടക്കാ 18. (30), തക്കാളി 6 (20 ), ഉള്ളി 40 (45), കിഴങ്ങ് 20 (25).
കമ്പത്തും ഗുഡല്ലൂരിലും കൃഷിക്കാരുടെ മാര്‍ക്കറ്റുകള്‍ എല്ലാ ദിവസവും പുലര്‍ച്ചെ മുതല്‍ ഉച്ചക്ക് 12 വരെ പ്രവര്‍ത്തിക്കുന്നുണ്ട്. കോവിഡ് വ്യാപനമുള്ളതിനാല്‍ തമിഴ്‌നാട്ടിലെ മാര്‍ക്കറ്റുകളില്‍ കേരളത്തില്‍നിന്നും എത്തുന്നവരുടെ എണ്ണവും കുറഞ്ഞു.
കമ്പം, പുതുപ്പെട്ടി, ചിന്ന മന്നൂര്‍ എന്നിവിടങ്ങളിലെ ഉള്‍ ഗ്രാമങ്ങളിലെല്ലാം പച്ചക്കറി കൃഷി വ്യാപകമായുണ്ട്. ടണ്‍ കണക്ക് തക്കാളിയാണ് വില്‍പനക്ക് മാര്‍ക്കറ്റുകളില്‍ എത്തിച്ചിട്ടും ചിലവാകാതെ വഴിയോരങ്ങളില്‍ ഉപേക്ഷിക്കുന്നത്. മുന്‍വര്‍ഷങ്ങളില്‍ മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളിലെ കടുത്ത വേനലില്‍ തക്കാളി വില കിലോക്ക് 40 രൂപയും പടവലങ്ങയ്ക്ക് 30 രൂപ വരെയും വില ലഭിച്ചിരുന്നു.
അന്ന് വരള്‍ച്ചയായിരുന്നു വില കിട്ടാന്‍ കാരണമായത്. ഇക്കൊല്ലം തേനി ജില്ല ജല സമൃദ്ധമാണ്. ഇതിനാല്‍ മിക്ക ഇനം പച്ചക്കറികള്‍ക്കു വില ഇടിയുകയാണ്. അത്തരം അവസരങ്ങളിലെങ്കിലും കാർഷിക നിയമത്തിന്റെ ഗുണഫലത്തെ കുറിച്ച് കർഷകർക്ക് അറിവുണ്ടാവേണ്ടത് പൊതുജനങ്ങൾക്കും കൂടി സഹായകരമാവുന്ന കാര്യമാണ് .