സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലെ മാവേലി സ്റ്റോറുകൾ പ്രവർത്തിക്കുന്ന കെട്ടിടങ്ങളുടെ വാടക അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകുമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. മാവേലി സ്റ്റോറുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തൽ, പുതുതായി ആരംഭിക്കുന്ന മാവേലിസ്റ്റോറുകൾക്ക് കെട്ടിടം കണ്ടെത്തുന്ന നടപടി തുടങ്ങിയവ നിരീക്ഷിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അധികാരം ഉണ്ടായിരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
മാവേലി സ്റ്റോറുകളുടെ നടത്തിപ്പുകാരായ സപ്ലൈകോയുമായി ഇത്തരം കാര്യങ്ങൾ കൂട്ടായി ചർച്ച ചെയ്ത് തീരുമാനിക്കുന്നതിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനും സപ്ലൈകോ ഡിപ്പോ മാനേജർ കൺവീനറുമായുള്ള പഞ്ചായത്ത് തല സമിതി രൂപീകരിക്കും. മാവേലി സ്റ്റോർ പ്രവർത്തിക്കുന്ന വാർഡിലെ അംഗവും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സണും സപ്ലൈകോയുടെ ജൂനിയർ മാനേജർ, മാവേലി സ്റ്റോർ മാനേജർ എന്നിവരും പഞ്ചായത്ത് സമിതിയിലുണ്ടാവും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വാടക നൽകുന്ന മാവേലി സ്റ്റോറുകളുടെ പ്രവർത്തനം കാര്യക്ഷമവും ജനകീയവുമാക്കുന്നതിന് സമിതി ഇടപെടൽ നടത്തണമെന്ന് മന്ത്രി നിർദേശിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വാടക നൽകി പ്രവർത്തിക്കുന്ന മാവേലി സ്റ്റോറുകളിൽ അതാത് തദ്ദേശ ഭരണ പ്രദേശത്തെ കുടുംബശ്രീ യൂണിറ്റുകളുടെയും സംരംഭങ്ങളുടെയും ഉൽപന്നങ്ങളും ഗ്രാമ പഞ്ചായത്തുകളുടെ നേതൃത്വത്തിൽ ഉത്പാദിപ്പിക്കുന്ന ഉൽപന്നങ്ങളും വിൽക്കുന്നതിന് സൗകര്യം ഒരുക്കുമെന്നും ഇത്തരം മാവേലി സ്റ്റോറുകളിൽ നിയോഗിക്കുന്ന താൽക്കാലിക ജീവനക്കാരെ കുടുംബശ്രീ സി ഡി എസുകൾ മുഖേന തെരഞ്ഞെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.