ഡൽഹി: ‘ആശുപത്രി കിടക്കയുടെ കാര്യത്തിലും ഓക്സിജൻ ഉൾപ്പെടെയുള്ള സൗകര്യങ്ങളിലും വലിയ ദൗർലഭ്യം നിലവിലുണ്ട്’ ഒരാഴ്ചത്തെ കോവിഡ് ലോക്ഡൗൺ പ്രഖ്യാപിച്ച് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പറഞ്ഞതിങ്ങനെയാണ്. വരുന്ന ഒരാഴ്ചയ്ക്കുള്ളിൽ കോവിഡ് പ്രതിരോധത്തിനാവശ്യമായ ക്രമീകരണങ്ങൾ ഒരുക്കുകയാണ് സർക്കാർ ലക്ഷ്യമെന്നു വ്യക്തം.
ഒപ്പം നിലവിലെ തീവ്രതയിൽ രോഗം പടരുന്നതിനു തടയിടുക എന്ന ലക്ഷ്യവുമുണ്ട്. വാരാന്ത്യ കർഫ്യൂവിൽ സിനിമാശാലകൾക്കുൾപ്പെടെ പ്രവർത്തനാനുമതി നൽകിയിരുന്നെങ്കിൽ വരുന്ന ഒരാഴ്ച ഇവയെല്ലാം അടഞ്ഞു കിടക്കും. ആളുകൾ പുറത്തിറങ്ങുന്നതു പരമാവധി കുറച്ച് നിലവിലെ വ്യാപനം കുറയ്ക്കാനാണു സർക്കാർ ശ്രമിക്കുന്നത്.
സ്വകാര്യ സ്ഥാപനങ്ങളോടു ജീവനക്കാർക്കു ‘വർക്ക് ഫ്രം ഹോം’ അനുവദിക്കാൻ നിർദേശിച്ചു. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ രാജ്യതലസ്ഥാനത്തുനിന്നും അതിഥി തൊഴിലാളികളുടെ കൂട്ടപ്പലായനം ആരംഭിച്ചു. ആനന്ദ് വിഹാര്‍ ഉള്‍പ്പെടെയുള്ള വിവിധ ബസ് ടെര്‍മിനലുകളില്‍ വന്‍തിരക്കാണ് രാത്രി വൈകിയും ഉണ്ടായത്. യുപി, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലും തൊഴിലാളികള്‍ പലായനം ആരംഭിച്ചു.
ആർക്കൊക്കെ പുറത്തിറങ്ങാം
∙ സർക്കാർ ജീവനക്കാർക്ക് മതിയായ തിരിച്ചറിയൽ രേഖകൾ കാട്ടിയാൽ യാത്രയ്ക്ക് അനുമതി
∙ ഡൽഹി സർക്കാർ ഓഫിസുകൾ അടഞ്ഞു കിടക്കും
∙ അവശ്യമേഖലയിലെ സേവനങ്ങൾക്കും അടിയന്തര സേവനങ്ങൾക്കും അനുമതി. ആരോഗ്യ–കുടുംബക്ഷേമ വകുപ്പുകളിലും ആശുപത്രികളിലും ജോലി ചെയ്യുന്നവർക്കു തിരിച്ചറിയൽ കാർഡ് കാട്ടിയാൽ യാത്ര ചെയ്യാം
∙ പൊലീസ്, ജയിൽ, ഹോംഗാർഡ്, സിവിൽ ഡിഫൻസ്, ഫയർ ആൻഡ് എമർജൻസി, ജില്ലാ ഭരണകൂടം, പേ–അക്കൗണ്ട് വിഭാഗം, വൈദ്യുതി, ജലം, ശുചീകരണം, പൊതുഗതാഗതം എന്നീ രംഗത്തു ജോലി ചെയ്യുന്നവർക്കും അനുബന്ധ ഓഫിസുകൾക്കും പ്രവർത്തിക്കും.
∙ കോടതികളിലും നിയമ വകുപ്പുകളിൽ ജോലി ചെയ്യുന്നവർക്കും യാത്ര ചെയ്യാം.
∙ ഡോക്ടർ, നഴ്സ്, പാരാമെഡിക്കൽ ജീവനക്കാർ എന്നിവർക്കും ആശുപത്രി, ആരോഗ്യ പരിശോധനാ കേന്ദ്രങ്ങൾ, ക്ലിനിക്ക്, ഫാർമസി, മരുന്നു കമ്പനി, മറ്റു ആരോഗ്യ മെഡിക്കൽ സേവനങ്ങൾ എന്നിവർക്കും ഇളവ്
∙ ഗർഭിണികൾ, രോഗികൾ എന്നിവർക്കു വൈദ്യ സേവനം ലഭ്യമാക്കാൻ ഇളവ്
∙ വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ, ഐഎസ്ബിടി എന്നിവിടങ്ങളിൽനിന്നു വരികയും പോകുകയും ചെയ്യുന്നവർ ടിക്കറ്റ് കാട്ടിയാൽ ഇളവ് ലഭിക്കും.
∙ വിവിധ രാജ്യങ്ങളിലെ നയതന്ത്ര ഉദ്യോഗസ്ഥർ, ഭരണഘടനാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ എന്നിവർക്കും തിരിച്ചറിയൽ കാർഡ് കാട്ടിയാൽ യാത്രയ്ക്ക് അനുമതി.
∙ മാധ്യമപ്രവർത്തകർ
ഇവ അടഞ്ഞു കിടക്കും
∙ സ്വകാര്യ സ്ഥാപനങ്ങൾ, കടകൾ, ഷോപ്പിങ് കേന്ദ്രങ്ങൾ, മാളുകൾ, ആഴ്ചച്ചന്തകൾ, നിർമാണക്കമ്പനികൾ, വിദ്യാഭ്യാസ–പരിശീലന സ്ഥാപനങ്ങൾ, സിനിമാശാല, റസ്റ്ററന്റ്, ബാർ, ഓഡിറ്റോറിയം, വാട്ടർപാർക്ക്, ഗാർഡൻ, പാർക്കുകൾ, കായിക കോംപ്ലക്സുകൾ, ജിംനേഷ്യം, ബാർബർഷോപ്, സലൂൺ, സ്വിമ്മിങ് പൂൾ.
∙ നിർമാണ പ്രവർത്തനങ്ങൾക്കു ഭാഗികമായി വിലക്ക്. തൊഴിലാളികൾ നിർമാണസ്ഥലത്തു തന്നെ താമസിക്കുന്നവരാണെങ്കിൽ ജോലികൾ തുടരാം.
∙ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക, അക്കാദമിക്, മതപരമായ കൂടിച്ചേരലുകൾക്കെല്ലാം വിലക്ക്.
വിവാഹം, സംസ്കാരം
∙ വിവാഹത്തിന് 50 പേരെ അനുവദിക്കും. ഇവർ കല്യാണക്കുറിയുടെ സോഫ്റ്റ്, ഹാർഡ് കോപ്പി ഹാജരാക്കണം. സംസ്കാരം, മരണാനന്തര ചടങ്ങുകൾക്ക് 20 പേരെ അനുവദിക്കും
മെട്രോ സർവീസ്
∙ രാവിലെ 8 മുതൽ 10 വരെയും വൈകിട്ട് 5 മുതൽ 7 വരെയും 30 മിനിറ്റ് ഇടവേളയിൽ മെട്രോ സർവീസ് നടത്തും. മറ്റു സമയങ്ങളിൽ മെട്രോ സർവീസ് 1 മണിക്കൂർ ഇടവേളയിൽ മാത്രം. മെട്രോയിൽ 50 ശതമാനം സീറ്റിൽ മാത്രമേ യാത്രക്കാരെ അനുവദിക്കൂ. യാത്ര ചെയ്യണമെങ്കിൽ മതിയായ തിരിച്ചറിയൽ കാർഡോ ഇ–പാസോ ആവശ്യം.
പൊതുഗതാഗതം
ഉണ്ട്. പക്ഷേ യാത്രയ്ക്ക് ആവശ്യമായ രേഖകൾ കയ്യിൽ കരുതണം. ബസിൽ പരമാവധി 50 ശതമാനം യാത്രക്കാരെ മാത്രമേ അനുവദിക്കൂ. ഓട്ടോ, ഇ–റിക്ഷ എന്നിവയിൽ പരമാവധി 2 യാത്രക്കാർ. ടാക്സി, ക്യാബ്, ഗ്രാമീൺ സേവ എന്നിവയിൽ 2 പേരെ മാത്രം. മാക്സി ക്യാബുകളിൽ പരമാവധി 5 യാത്രക്കാർ. വാനിൽ പരമാവധി 11 യാത്രക്കാർ. നിന്നുള്ള യാത്ര ഒരിടത്തും അനുവദിക്കില്ല.
ഇ–പാസ് എങ്ങനെ?
∙ www.delhi.gov.in എന്ന സർക്കാർ വെബ്സൈറ്റിൽ നൈറ്റ് കർഫ്യൂ പാസ് എന്ന സെക്‌ഷനിലാണ് അപേക്ഷ നൽകേണ്ടത്. തിരിച്ചറിയൽ കാർഡും മറ്റു വിവരങ്ങളും നൽകി ഇ–പാസിന് അപേക്ഷിക്കാം. ജില്ലാ കലക്ടർമാർക്കാണ് ഇ–പാസ് നൽകാനുള്ള അധികാരം. ഇതിന്റെ ഹാർഡ്, സോഫ്റ്റ് കോപ്പികൾ കയ്യിൽ കരുതണം.