ടാഗോർ ജയന്തി: ഗീതാഞ്ജലി ആലപിച്ച് സാംസ്കാരിക നായകന്മാർ; ബംഗാൾ നരഹത്യക്കെതിരെ ഇന്ന് സേവ് ബംഗാൾ ദിനം

Share

കോഴിക്കോട്: തൃണമൂൽ കോൺഗ്രസിന്റെ നേതൃത്വത്തിൽബംഗാളിൽ നടക്കുന്ന കൂട്ടനരഹത്യക്കെതിരെ ഇന്ന് സേവ് ബംഗാൾ ദിനം. ടാഗോർ ജയന്തി ദിനമായ ഇന്ന് രാവിലെ 9 ന്ഗീതാഞ്ജലി ആലപിച്ച് തപസ്യ കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ സാംസ്കാരിക നായകന്മാരും ബംഗാളിലെ ഇരകളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു.

വൈകിട്ട് 6ന് വീടുകളിൽ സേവ് ബംഗാൾ പ്ലക്കാർഡുകളേന്തി ദീപം തെളിയിക്കും. ദേശീയ ഗാനമാലപനത്തോടെ ചടങ്ങ് സമാപിക്കും.


കലയുടെയും സാഹിത്യത്തിന്റെയും നവോത്ഥാന ചിന്തയുടെയും ഈറ്റില്ലമായിരുന്ന ബംഗാൾ ഇന്ന് വാർത്തകളിൽ ഇടം പിടിക്കുന്നത് മമതാ ബാനർജിയുടെ ഭരണ ത്തണലിൽ അഴിഞ്ഞാടുന്ന കലാപകാരികളുടെ അതിനിന്ദ്യമായ ആക്രമണങ്ങളുടെ പേരിലാണെന്ന് തപസ്യ സംസ്ഥാന പ്രസിഡൻറ് മാടമ്പ് കുഞ്ഞുകുട്ടൻ, ജനറൽ സെക്രട്ടറി അനൂപ് കുന്നത്ത് എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.


ജനാധിപത്യപരമായ സംവാദമാണ് ആരോഗ്യകരമായ രാഷ്ട്രീയ ചിന്തയുടെ നട്ടെല്ല്. ഈ യാഥാർത്ഥ്യം പൂർണമായും നിരസിച്ചു കൊണ്ടുള്ള അക്രമങ്ങളാണ് ബംഗാളിലിന്ന് അശാന്തി പടർത്തുന്നത്.

ദേശീയതയുടെ പതാകയേന്തിയതിന്റെ പേരിൽ പെൺകുട്ടികൾ കൂട്ട ബലാത്സംഗത്തിനിരയാവുന്നു. മാതാപിതാക്കന്മാരുടെ മുന്നിൽ വെച്ച് മക്കൾ കൊല്ലപ്പെടുന്നു.
വീടുകൾ അഗ്നിക്കിരയാവുന്നു.

എതിർ രാഷ്ട്രീയ പാർട്ടികളുടെ ഓഫീസുകൾ തല്ലിത്തകർക്കുന്നു. ഏകാധിപതിയായ മമതാ ബാനർജി മുഖ്യമന്ത്രിയായി വീണ്ടും അധികാരമേറ്റതോടെ ബംഗാൾ കലാപത്തീച്ചൂളയായി മാറുകയാണ്. സ്ത്രീകളും കുഞ്ഞുങ്ങളും കൊല്ലപ്പെട്ടതിന്റെ ഒട്ടേറെ വാർത്തകൾ പുറത്തു വരുന്നു.

രവീന്ദ്രനാഥ ടാഗൂറിന്റെയും സത്യജിത് റേയുടെയും മണ്ണിൽ വെച്ച് സാധുക്കളായ മനുഷ്യർ കൊല്ലപ്പെടുകയും ആക്രമിക്കപ്പെടുകയും പിറന്ന നാട്ടിൽ നിന്ന് നിരാലംബരായി ആട്ടിയോടിക്കപ്പെടുകയും ചെയ്യുന്നത് കാണാതെ പോകുന്നത് സാംസ്കാരിക കേരളത്തിന് ഭൂഷണമല്ല.

കേരളത്തിലെ സാംസ്കാരിക പ്രവർത്തകരും പൊതു സമൂഹവും ഈ കാട്ടാള നീതിക്കെതിരെ ശക്തമായി പ്രതികരിക്കണമെന്ന് തപസ്യ അഭ്യർത്ഥിച്ചു.

കലാപകാരികളെ നിയമത്തിന്റെ മുന്നിലെത്തിച്ച് ഉചിതമായ ശിക്ഷ നൽകുവാൻ ഭരണകൂടത്തിന് ചുമതലയുണ്ട്. . ബംഗാളിലെ ക്രമസമാധാനനില ശാന്തമാക്കുവാൻ ആവശ്യമായ നടപടികൾ ബംഗാൾ ഗവൺമെൻ്റ് സ്വീകരിക്കണമെന്നും തപസ്യ ആവശ്യപ്പെട്ടു.