ഞായറാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയക്കും സാധ്യത ; പൊതുജനങ്ങൾ ജാഗ്രത പാലിക്കണം

Share

സംസ്ഥാനത്ത് ഞായറാഴ്ച (ഒക്ടോബർ 17)വരെ ശക്തമായ കാറ്റിനും ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ സാഹചര്യം മുൻനിർത്തി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങൾക്കായി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.

**ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രതാ നിർദേശങ്ങൾ

ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും, ചില്ലകൾ ഒടിഞ്ഞുവീണും അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാൻ പാടില്ല. മരച്ചുവട്ടിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുത്.

വീട്ട് വളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകൾ വെട്ടിയൊതുക്കണം. അപകടകരമായ അവസ്ഥയിലുള്ള മരങ്ങൾ പൊതു ഇടങ്ങളിൽ ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളെ അറിയിക്കണം.

ഉറപ്പില്ലാത്ത പരസ്യ ബോർഡുകൾ, വൈദ്യുതപോസ്റ്റുകൾ, കൊടിമരങ്ങൾ തുടങ്ങിയവ കടപുഴകി വീഴാൻ സാധ്യതയുള്ളതിനാൽ കാറ്റും മഴയും ഇല്ലാത്ത സമയത്ത് അവ ശരിയായ രീതിയിൽ ബലപ്പെടുത്തുകയോ, അഴിച്ചു വെക്കുകയോ ചെയ്യണം. മഴയും കാറ്റുമുള്ളപ്പോൾ ഇവയുടെ ചുവട്ടിലോ, സമീപത്തോ നിൽക്കുകയോ വാഹനങ്ങൾ പാർക്ക് ചെയ്യാനോ പാടില്ല.

ചുമരിൽ ചാരി വെച്ചിട്ടുള്ള കോണി പോലെയുള്ള കാറ്റിൽ വീണുപോകാൻ സാധ്യതയുള്ള ഉപകരണങ്ങളും മറ്റ് വസ്തുക്കളും കയറുപയോഗിച്ച് കെട്ടി വെക്കണം.

കാറ്റ് വീശി തുടങ്ങുമ്പോൾ തന്നെ വീടുകളിലെ ജനലുകളും വാതിലുകളും അടച്ചിടണം. ജനലുകളുടെയും വാതിലുകളുടെയും സമീപത്തും വീടിന്റെ ടെറസിലും നിൽക്കരുത്. 

ഓല മേഞ്ഞതും ഷീറ്റ് പാകിയതും അടച്ചുറപ്പില്ലാത്തതുമായ വീടുകളിൽ താമസിക്കുന്നവർ 1077 എന്ന നമ്പറിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കൺട്രോൾ റൂമുമായി ബന്ധപ്പെടണം. മുന്നറിയിപ്പ് വരുന്ന ഘട്ടങ്ങളിൽ അധികൃതർ ആവശ്യപ്പെടുമ്പോൾ സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറിത്താമസിക്കണം. 

തദ്ദേശസ്ഥാപനതല ദുരന്ത ലഘൂകരണ പദ്ധതി പ്രകാരം കണ്ടെത്തിയിട്ടവരെ, ആവശ്യമുള്ള ഘട്ടങ്ങളിൽ കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റാൻ തദ്ദേശഭരണ സ്ഥാപനങ്ങളും റവന്യൂ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും മുൻകൈ എടുക്കണം. 

കാറ്റും മഴയും ശക്തമാകുമ്പോൾ വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീണുണ്ടാകുന്ന അപകടം ശ്രദ്ധയിൽ പെട്ടാൽ കെ.എസ്.ഇ.ബിയുടെ 1912 എന്ന കൺട്രോൾ റൂമിലോ 1077 എന്ന നമ്പറിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കൺട്രോൾ റൂമിലോ വിവരം അറിയിക്കണം. തകരാർ പരിഹരിക്കുന്ന പ്രവർത്തികൾ കാറ്റും മഴയും അവസാനിച്ച ശേഷം മാത്രം നടത്തണം.  കെ.എസ്.ഇ.ബി ജീവനക്കാരുമായി പൊതുജനങ്ങൾ ക്ഷമയോടെ സഹകരിക്കണം. പൊതുജനങ്ങൾ നേരിട്ടിറങ്ങി ഇത്തരം പ്രവർത്തികൾ ചെയ്യരുത്. 

പത്രം,പാൽ വിതരണക്കാരും അതിരാവിലെ ജോലിക്ക് ഇറങ്ങുന്നവരും വഴികളിലെ വെള്ളക്കെട്ടുകളിൽ വൈദ്യുതി ലൈൻ പൊട്ടിവീണിട്ടില്ലെന്ന് ഉറപ്പാക്കണം. അപകടം സംശയിക്കുന്നപക്ഷം കൺട്രോൾ റൂമിൽ അറിയിച്ച് അപകടം ഇല്ലെന്ന് ഉറപ്പ് വരുത്തി മാത്രം മുന്നോട്ട് പോകണം.

കൃഷിയിടങ്ങളിൽ കൂടി കടന്ന് പോകുന്ന വൈദ്യുതിലൈനുകൾ സുരക്ഷിതമാണെന്ന് പാടത്ത് ഇറങ്ങുന്നതിന് മുൻപ് ഉറപ്പാക്കണം.

നിർമ്മാണ ജോലികളിൽ ഏർപ്പെടുന്നവർ കാറ്റും മഴയും ശക്തമാകുമ്പോൾ ജോലി നിർത്തി വെച്ച് സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറണം. 

ശക്തമായ കാറ്റിനെ നേരിടാനുള്ള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുൻകരുതൽ നിർദേശങ്ങൾ പൊതുജനങ്ങൾക്ക് https://sdma.kerala.gov.in/windwarning/ എന്ന ലിങ്കിൽ ലഭിക്കും. 

***പൊതുജനങ്ങൾക്കായുള്ള ഇടിമിന്നൽ ജാഗ്രത നിർദേശം

ഉച്ചക്ക് രണ്ട് മുതൽ രാത്രി 10 മണിവരെയുള്ള സമയങ്ങളിൽ ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. ഇടിമിന്നൽ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും നാശനഷ്ടം സൃഷ്ടിക്കും. 

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം. തുറസ്സായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.

ഇടിമിന്നലുള്ള സമയത്ത് ജനലും വാതിലും അടച്ചിടണം. വാതിലിനും ജനലിനും അടുത്ത് നിൽക്കരുത്. 

വീടിനുള്ളിൽ തന്നെ ഇരിക്കണം. പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കണം. 

അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാൻ സാധിക്കാതെ തുറസ്സായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച് തല, കാൽ മുട്ടുകൾക്കിടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കണം. 

ഗൃഹോപകരണങ്ങളുടെ വൈദ്യുതിബന്ധം വിഛേദിക്കണം. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കണം. 

ഇടിമിന്നലിൽ നിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ്ജ് പ്രൊട്ടക്ടർ ഘടിപ്പിക്കാം.

ഇടിമിന്നൽ സമയത്ത് ടെലിഫോൺ ഉപയോഗിക്കരുത്. മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിൽ കുഴപ്പമില്ല.  

അന്തരീക്ഷം മേഘാവൃതമാണെങ്കിൽ, കുട്ടികൾ ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണി വരെ തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കണം. 

തുണികൾ എടുക്കാൻ ടെറസിലോ, മുറ്റത്തോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.

പൈപ്പുകളിലൂടെ മിന്നൽ സഞ്ചരിച്ചേക്കാമെന്നതിനാൽ ഇടിമിന്നൽ സമയത്ത് കുളിക്കുന്നതും ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കണം. 

ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കാനോ വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യാനോ പാടില്ല. 

ഇടിമിന്നൽ സമയങ്ങളിൽ വാഹനത്തിനുള്ളിൽ സുരക്ഷിതരായിരിക്കുമെന്നതിനാൽ വാഹനമോടിക്കുന്നവർ അതിനുള്ളിൽ തന്നെ തുടരണം. കൈകാലുകൾ പുറത്തിടരുത്. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കണം. ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടണം.

ജലാശയത്തിൽ മീൻ പിടിക്കാനും കുളിക്കാനും ഇറങ്ങരുത്. കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ മൽസ്യബന്ധനം, ബോട്ടിംഗ് മുതലായവ നിർത്തി വെച്ച് അടുത്തുള്ള കരയിലേക്ക് എത്തണം. ഇടിമിന്നൽ സമയത്ത് ബോട്ടിന്റെ ഡെക്കിൽ നിൽക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും നിർത്തിവെക്കണം. 

ഈ സമയത്ത് ടെറസിലും ഉയരമുള്ള സ്ഥലങ്ങളിലും വൃക്ഷ കൊമ്പിലും ഇരിക്കരുത്. ഈ സമയങ്ങളിൽ പട്ടം പറത്തുന്നത് ഒഴിവാക്കണം. 

വളർത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് കെട്ടരുത്. മേഘാവൃതമായിരിക്കുമ്പോൾ അവയെ അഴിക്കാനും സുരക്ഷിതമായി മാറ്റിക്കെട്ടാനും പോകുന്നത് ഇടിമിന്നലേൽക്കുന്നതിന് കാരണമാകാം. 

മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ, കാഴ്ച്ചയോ കേൾവിയോ നഷ്ടമാവുകയോ, ഹൃദയാഘാതം സംഭവിക്കയോ ചെയ്യാം. മിന്നലേറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ലെന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്. മിന്നൽ ഏറ്റാൽ ആദ്യ മുപ്പത് സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ്ണ നിമിഷങ്ങളാണ്. മിന്നലേറ്റ ആളിന് ഉടൻ വൈദ്യ സഹായം എത്തിക്കണം. 

ഇടിമിന്നൽ സാധ്യത മനസ്സിലാക്കാൻ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ‘ദാമിനി’ മൊബൈൽ ആപ്ലിക്കേഷൻ  ഉപയോഗിക്കാവുന്നതാണ്. 

പ്രവചനാതീത സ്വഭാവമുള്ള തുലാമഴ, കാറ്റിന്റെയും ഇടിമിന്നലിന്റെയും അകമ്പടിയോടെ ഉച്ച കഴിഞ്ഞ സമയത്തായിരിക്കും ആരംഭിക്കുക. പകൽ സമയത്തെ തെളിഞ്ഞ ആകാശം കണ്ട് ജാഗ്രത കുറവ് പാടില്ല