സംസ്ഥാനത്തെ സ്കൂളുകളില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമായി നടപ്പാക്കുന്ന ജി-സ്യൂട്ട് പ്ലാറ്റ്ഫോമിന്റെ പരിശീലന മൊഡ്യൂളും വിഡിയോകളും പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി വി.ശിവന്‍കുട്ടി പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷിന് നല്‍കി പ്രകാശനം ചെയ്തു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.ജീവന്‍ ബാബു, കൈറ്റ് സി.ഇ.ഒ. കെ.അന്‍വര്‍ സാദത്ത് എന്നിവരും സന്നിഹിതരായിരുന്നു.
കോവിഡ് 19 പ്രതിസന്ധിയെത്തുടര്‍ന്ന് കൈറ്റ് വിക്ടേഴ്സിലൂടെ നല്‍കിവരുന്ന ഫസ്റ്റ്ബെല്‍ ഡിജിറ്റല്‍ ക്ലാസുകളുടെ തുടര്‍ച്ചയായി ഈ വര്‍ഷം ആവിഷ്കരിച്ച ജിസ്യൂട്ട് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിന്റെ പൈലറ്റ് വിന്യാസം 426 സ്കൂളുകളില്‍ പൂര്‍ത്തിയാക്കി.
ജൂലൈ അവസാനവാരം ആദ്യം തിരുവനന്തപുരം ജില്ലയിലെ പിരപ്പന്‍കോട് വി.എച്ച്.എസ് ഇ സ്കൂളിലും തുടര്‍ന്ന് പതിനാല് ജില്ലകളിലുമായി 34 വി.എച്ച്.എസ്.ഇ സ്കൂളുകളിലും ജിസ്യൂട്ട് ട്രയല്‍ റണ്‍ നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഈ മാസം (ആഗസ്റ്റ്) 153 ഹൈസ്കൂളുകളിലും, 141 ഹയര്‍സെക്കന്ററി സ്കൂളുകളിലും 132 വി.എച്ച്.എസ്.ഇ സ്കൂളുകളിലുമായി 426 സ്കൂളുകളില്‍ പൈലറ്റ് വിന്യാസം പൂര്‍ത്തിയാക്കിയത്.
ഡിജിറ്റല്‍ ഉപകരണങ്ങളുടെയും കണക്ടിവിറ്റിയുടെയും ലഭ്യതയും അധ്യാപകരുടെ സന്നദ്ധതയും ഉറപ്പുവരുത്തിയ സ്കൂളുകളിലാണ് പൈലറ്റ് വിന്യാസം നടത്തിയത്. 76723 കുട്ടികളും 8372 അധ്യാപകരും പൈലറ്റ് വിന്യാസത്തിന്റെ ഭാഗമായി സവിശേഷ ലോഗിന്‍ ഐഡി ഉപയോഗിച്ച് ജിസ്യൂട്ട് പ്ലാറ്റ്ഫോം വിജയകരമായി പ്രയോജനപ്പെടുത്തി.
47 ലക്ഷം കുട്ടികള്‍ക്കും 1.7 ലക്ഷം അധ്യാപകര്‍ക്കും സുരക്ഷിതവും സ്വകാര്യത ഉറപ്പാക്കുംവിധം ലോഗിന്‍ സൗകര്യമൊരുക്കുന്ന ജിസ്യൂട്ട് പ്ലാറ്റ്ഫോം ഗൂഗിള്‍ ഇന്ത്യയുമായി ചേര്‍ന്ന് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സജ്ജമാക്കിയത് സര്‍ക്കാരിന്റെ നൂറുദിന കര്‍മ പരിപാടിയുടെ ഭാഗമായാണ്. അധ്യാപകര്‍ക്ക് കുട്ടികളുമായി നേരിട്ട് സംവദിക്കാനും കുട്ടികൾക്ക് ക്ലാസ് പ്രവര്‍ത്തനങ്ങള്‍ അപ്‍ലോഡ് ചെയ്യാനും മൂല്യനിര്‍ണയം നടത്താനുമെല്ലാം അവസരമൊരുക്കുകയും ചെയ്യുന്ന ജിസ്യൂട്ട് സംവിധാനം പൂര്‍ണമായും സൗജന്യമായാണ് സംസ്ഥാനത്തിന് ലഭിക്കുന്നത്.
കുട്ടികള്‍ക്ക് പ്രത്യേക സ്റ്റോറേജ് ആവശ്യമില്ലാതെത്തന്നെ മൊബൈല്‍ ഫോണ്‍ വഴിയും പ്രയോജനപ്പെടുത്താവുന്ന വിധത്തിലും അപരിചിതരെ ക്ലാസുകളില്‍ നുഴഞ്ഞുകയറാന്‍ അനുവദിക്കാത്ത തരത്തിലുമാണ് ജിസ്യൂട്ട് ക്രമീകരിച്ചിരിക്കുന്നത്. വ്യക്തിഗത വിവരങ്ങള്‍ പ്ലാറ്റ്ഫോമില്‍ ശേഖരിക്കുന്നില്ലെന്ന് മാത്രമല്ല പരസ്യങ്ങള്‍ പൂര്‍ണമായും ഒഴിവാക്കിയും ഡേറ്റയിന്മേല്‍ കൈറ്റിന് മാസ്റ്റര്‍ കണ്‍ട്രോള്‍ ഉറപ്പുവരുത്തുകയും ചെയ്യുന്ന രൂപത്തിലാണ് പ്ലാറ്റ്ഫോം.
സ്കൂള്‍ തലം മുതല്‍ സംസ്ഥാന തലം വരെ വിവിധ ക്ലാസുകള്‍ ക്രമീകരിക്കാനും അവ മോണിറ്റര്‍ ചെയ്യാനും, വിവിധ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനും കഴിയുന്ന ഒരു എല്‍.എം.എസ് (ലേണിംഗ് മാനേജ്മെന്റ് സിസ്റ്റം) ആയാണ് ജിസ്യൂട്ട് സജ്ജമാക്കിയിട്ടുള്ളത്. സെപ്റ്റംബര്‍ മാസത്തില്‍ത്തന്നെ പത്തുലക്ഷത്തോളം കുട്ടികള്‍ക്ക് ലോഗിന്‍ ചെയ്യാനുള്ള സംവിധാനം കൈറ്റ് ഒരുക്കിയിട്ടുണ്ട്.