പ്രകൃതിക്ഷോഭങ്ങള്‍ തടയാന്‍ ദീര്‍ഘകാല മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും: മന്ത്രി വി.അബ്ദുറഹിമാന്‍

Share

പ്രകൃതിയിലെ സ്വാഭാവിക നീരൊഴുക്ക് പുന: സ്ഥാപിച്ച് ജില്ലയില്‍ വെള്ളപ്പൊക്കം ഉള്‍പ്പെടെയുള്ള പ്രകൃതിക്ഷോഭങ്ങള്‍ തടയാന്‍ ദീര്‍ഘകാല മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി സര്‍ക്കാറിലേക്ക് സമര്‍പ്പിക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ പറഞ്ഞു. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
 

കൃഷിയിടങ്ങളിലേക്ക് വെള്ളമെത്തിക്കാന്‍ മണ്ണ് അടിഞ്ഞുകൂടിയ തോടുകളും കനാലുകളും നവീകരിക്കും. തോടുകളിലെയും കനാലുകളിലെയും നീരൊഴുക്ക് തടസപ്പെടാതിരിക്കാന്‍ വില്ലേജ് ഓഫീസര്‍മാരും പഞ്ചായത്ത് സെക്രട്ടറിമാരും സമയബന്ധിതമായി ഇടപെടണമെന്നും മന്ത്രി നിര്‍ദേശിച്ചു. മഴപെയ്താല്‍ പെട്ടെന്ന് വെള്ളം കയറുന്ന റോഡുകളില്‍ റിഫ്ളക്ടീവ് സൂചന ബോര്‍ഡുകള്‍ സ്ഥാപിക്കാനും റോഡരികിലെ അപകടാവസ്ഥയിലുള്ള മരങ്ങള്‍ എത്രയും വേഗം മുറിച്ചുമാറ്റുന്നതിനും മന്ത്രി നിര്‍ദേശം നല്‍കി. മഴ പെയ്താല്‍ റോഡില്‍ വെള്ളക്കെട്ടുണ്ടാകുന്ന സാഹചര്യം ഒഴിവാക്കാന്‍ ഡ്രൈനേജുകള്‍ ശുചീകരിക്കുന്നതിനും അറ്റകുറ്റപണികള്‍ നടത്തുന്നതിനും തദ്ദേശ സ്ഥാപന സെക്രട്ടറിമാരും പൊതുമരാമത്ത് നിരത്ത് വിഭാഗം ഉദ്യോഗസ്ഥരും നടപടി സ്വീകരിക്കണമെന്നും മഴയുടെ തോത് പ്രാദേശികാടിസ്ഥാനത്തില്‍ മനസിലാക്കുന്നതിന് ഓട്ടോമാറ്റിക് മഴമാപിനി സംവിധാനം സ്ഥാപിക്കുന്നതിനാവശ്യമായ വിശദാംശങ്ങള്‍ ജില്ലാ കലക്ടര്‍ക്ക് നല്‍കാന്‍ ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.
 

കടലിലെ രക്ഷാപ്രവര്‍ത്തനത്തിന് ജില്ലയില്‍ മറൈന്‍ എന്‍ഫോഴ്സ്മെന്റ് വിങും താനൂര്‍ കേന്ദ്രീകരിച്ച് പെട്രോള്‍ ബോട്ടും സജ്ജീകരിക്കുന്നതിനായി തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. മഴക്കെടുതി സാഹചര്യത്തില്‍ ജില്ലയിലെ ഉദ്യോഗസ്ഥര്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചെന്നും പരാതിക്കിടയാക്കാതെ തന്നെ നടപടികള്‍ സ്വീകരിച്ചുവെന്നും മന്ത്രി പറഞ്ഞു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടെയുണ്ടായ മികവ് ജില്ലാകലക്ടറുടെ നേതൃത്വത്തിലുള്ള നല്ല കൂട്ടായ്മയുടെ ഫലമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ജില്ലയില്‍ ഇതുവരെ ആശ്വാസകരമായ സാഹചര്യമാണ്. ജനങ്ങള്‍ ജാഗ്രത പാലിച്ചതിനാല്‍ ഇത്തവണ മഴക്കെടുതിയില്‍ ജില്ലയില്‍ അപകടങ്ങള്‍ കുറഞ്ഞു. എങ്കിലും ഒക്ടോബര്‍ 24 വരെ ജാഗ്രത തുടരണമെന്ന് മന്ത്രി ഓര്‍മിപ്പിച്ചു.
 

കടലില്‍ കാണാതായ പൊന്നാനി സ്വദേശികള്‍ക്കായി ബേപ്പൂര്‍ മുതല്‍ കൊച്ചി വരെയുള്ള മേഖലയില്‍ നേവിയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും നേതൃത്വത്തില്‍ തെരച്ചില്‍ തുടരുകയാണെന്നും സര്‍ക്കാറിന് ചെയ്യാനാകുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. വനത്തിനുള്ളില്‍ താമസിക്കുന്നവരെ അത്യാഹിത ഘട്ടങ്ങളില്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപാര്‍പ്പിക്കുന്നതിന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മന്ത്രിയും ജില്ലാകലക്ടറും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലയില്‍ നിലവില്‍ നാല് താലൂക്കുകളിലായി ആറ് ദുരിതാശ്വാസ ക്യാമ്പുകളാണുള്ളതെന്നും ഇവിടങ്ങളിലായി 248 പേര്‍ താമസിക്കുന്നതായും ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ യോഗത്തില്‍ പറഞ്ഞു. മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കല്ലാത്ത ഖനനവും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രയും നിരോധിച്ചതായും അടിയന്തര ആവശ്യങ്ങള്‍ക്കല്ലാത്ത മലയോര യാത്രയ്ക്ക് വിലക്കുള്ളതായും പൊലീസ് നിരീക്ഷണവും നടപടിയും തുടരുന്നതായും ജില്ലാ കലക്ടര്‍ അറിയിച്ചു. 

അവലോകന യോഗത്തില്‍ മന്ത്രിയ്ക്കും കലക്ടര്‍ക്കും പുറമെ ജില്ലാ വികസന കമ്മീഷണര്‍ എസ് പ്രേംകൃഷ്ണന്‍, പെരിന്തല്‍മണ്ണ സബ് കലക്ടര്‍ ശ്രീധന്യ സുരേഷ്, എ.ഡി.എം എന്‍.എം മെഹറലി, ഡെപ്യൂട്ടി കലക്ടര്‍മാരായ ജെ.അരുണ്‍, പി.പുരുഷോത്തമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.