തിരുവനന്തപുരം: മന്ത്രി കെടി ജലീലിന് സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്ന ലോകായുക്ത വിധി വന്നിട്ടും മന്ത്രിയെ പിന്തുണക്കുന്ന നിലപാടിലാണ് സിപിഎമ്മും സർക്കാരും. ഹൈക്കോടതിയെ സമീപിക്കാനുള്ള മന്ത്രിയുടെ നീക്കത്തെ പിന്തുണച്ച സിപിഎം സെക്രട്ടറിയേറ്റ് രാജിയാവശ്യം തള്ളുകയും ചെയ്തു.
ബന്ധുനിയമന വിവാദം ഉയർന്ന ഘട്ടത്തിലെല്ലാം മുഖ്യമന്ത്രിയും സിപിഎമ്മും ഒരുമിച്ച് നിന്ന് പ്രതിരോധം തീർത്ത ജലീലിന് ലോകായുക്ത വിധിയ്ക്ക് ശേഷവും അതേ പിന്തുണ തുടരുകയാണ്. വിധിയെക്കുറിച്ചുള്ള നിയമപരമായ പരിശോധനയ്ക്കുള്ള സാവകാശമാണ് ഇപ്പോൾ പറയുന്നത്.
ലോകായുക്ത വിധിക്കെതിരെ ജലീൽ ഹൈക്കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ്. ഈ നിയമനടപടിയെ പിന്തുണച്ച് രാജിക്കായുള്ള മുറവിളി തള്ളുകയാണ് ഇന്ന് ചേർന്ന് സിപിഎം അവയലിബ്ൽ സെക്രട്ടറിയേറ്റ്. ലോകായുക്ത ഉത്തരവ് വന്നയുടനെ ആരും രാജിവെച്ച ചരിത്രമില്ലെന്ന് വാദമാണ് നിയമമന്ത്രി എകെ ബാലൻ ഉന്നയിക്കുന്നത്.
ലോകായുക്ത വിധിവരുന്നതിന് മുമ്പ് തന്നെ മന്ത്രിമാർ രാജിവെച്ച സംഭവങ്ങളുണ്ടെങ്കിലും അതെല്ലാം തള്ളി സാങ്കേതിക വാദങ്ങൾ നിരത്തിയാണ് നിയമമന്ത്രി ജലീലിന് പിന്തുണ നൽകുന്നത്. ഹൈക്കോടതിയും ഗവർണറും തള്ളിയ കേസെന്ന് കെ.ടി ജലീൽ തന്നെ വിധി വന്നതിന് പിന്നാലെ പ്രതികരണവുമായെത്തിയിരുന്നു. ഇതുതന്നെയാണ് സിപിഎം ഉയർത്തുന്ന പ്രധാന പ്രതിരോധവും.
ബന്ധുനിയമന വിവാദത്തിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നിർദേശത്തെത്തുടർന്നാണ് അന്ന് മന്ത്രി ഇ.പി ജയരാജൻ രാജിവെച്ചത്. വിജിലൻസ് ക്ലീൻ ചിറ്റ് നൽകിയ ശേഷമാണ് ഇപിയ്ക്ക് തിരിച്ചെത്താനായത്. ഇപിക്കില്ലാത്ത സിപിഎമ്മിൻറെ അകമഴിഞ്ഞ പിന്തുണ ജലീലിന് തുടരുന്നതാണ് രാഷ്ട്രീയ കേന്ദ്രങ്ങളിലെ പ്രധാന ചർച്ച.
സർക്കാറിൻറെ കാലാവധി തീരാൻ ദിവസങ്ങൾ മാത്രമേവ അവശേഷിക്കുന്നുള്ള എന്നതിനാൽ രാജിവെച്ചാൽ കേസ് തന്നെ തീരും എന്ന വാദം ഇടക്ക് ഉയർന്നിരുന്നു.
ഹൈക്കോടതിയെ സമീപിച്ചാൽ തുടർഭരണമുണ്ടായി വീണ്ടും ജലീൽ മന്ത്രിയായാൽ കേസ് വീണ്ടും ദോഷകരമായി ബാധിക്കാനുള്ള സാധ്യതകളും ചർച്ചകളിൽ ഉയർന്നു. എന്നാൽ അത്തരം വാദങ്ങൾ തള്ളി തൽക്കാലം രാജിവേണ്ടെന്ന നിലപാടിലേക്ക് സിപിഎം.