ജനകീയാസൂത്രണത്തിൻ്റെ ഭാഗമായി ജനപങ്കാളിത്തതോടെ നടപ്പാക്കിയ വികസന പദ്ധതികള്‍ കേരളത്തിൽ വിപ്ലവകരമായ മുന്നേറ്റം സാധ്യമാക്കിയതായി സഹകരണ -രജിസ്ട്രേഷന് വകുപ്പ് മന്ത്രി വി.എന്‍. വാസവന് പറഞ്ഞു. ജനകീയാസൂത്രണം രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജില്ലാ ആസൂത്രണ സമിതി സംഘടിപ്പിച്ച പ്രശ്നോത്തരി മത്സരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി .
പദ്ധതിയുടെ ഗുണഫലങ്ങൾ സാമ്പത്തിക, സാമൂഹിക , സാംസ്കാരിക രംഗങ്ങളില്‍ വൻ മാറ്റങ്ങൾ സൃഷ്ടിക്കുകയും ഉത്പാദന രംഗം സാമൂഹികവത്ക്കരിക്കപ്പെടുകയും ചെയ്തു.
ജനാധിപത്യം അര്ഥപൂര്ണ്ണമായത് ജനകീയാസൂത്രണത്തെ തുടർന്നാണെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി അധ്യക്ഷത വഹിച്ചു. നഗരസഭാധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍ , ആസൂത്രണ സമിതി അംഗങ്ങളായ സുധ കുര്യന്, മഞ്ചു സുജിത്ത്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ബിനു ജോണ്‍, ഗ്രാമ പഞ്ചായത്ത് അസോസിയേഷന് സെക്രട്ടറി അജയന് കെ.മേനോന്, പഞ്ചാബ് നാഷണല്‍ ബാങ്ക് മാനേജര്‍ ധീരജ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ലിറ്റി മാത്യു സ്വാഗതവും ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ സി.എന്‍. സുഭാഷ് നന്ദിയും പറഞ്ഞു.
തുടർന്നു നടന്ന പ്രശ്നോത്തരി മത്സരത്തിൽ വിവിധ തദ്ദേശ സ്ഥാപന ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമടങ്ങുന്ന 63 ടീമുകള്‍ പങ്കെടുത്തു.
ജില്ലാ ഫെസിലിറ്റേറ്റര്‍ ബിന്ദു അജി, മുന്‍ പ്ലാനിംഗ് ഓഫീസര്‍ സുരേഷ് ബാബു, എസ് ആര് ജി അംഗം എസ്. ജമാല്‍ എന്നിവര്‍ മത്സരത്തിന് നേതൃത്വം നല്കി.