‘ചേര’യുടെ പോസ്റ്റര്‍ പങ്കുവച്ചു; കുഞ്ചാക്കോ ബോബന് നേരെ സൈബര്‍ ആക്രമണം

Share

‘ചേര’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവച്ചതിന് നടന്‍ കുഞ്ചാക്കോ ബോബന് നേരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് പ്രതിഷേധം. കുരിശില്‍ നിന്നിറക്കിയ ശേഷം മാതാവിന്റെ മടിയില്‍ കിടക്കുന്ന യേശുവിന്റെ ചിത്രവുമായി ‘ചേ’രയുടെ പോസ്റ്ററിന് സാമ്യമുണ്ട്. ഇതിന് ‘ചേര’ എന്ന് പേര് നല്‍കിയിരിക്കുന്നത് മതവികാരം വ്രണപ്പെടുത്തുന്നു എന്നാണ് വിദ്വേഷ പ്രചാരകരുടെ വാദം.

കുഞ്ചാക്കോ ബോബന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച ‘ചേര’യുടെ പോസ്റ്റിന് താഴെയാണ് വിദ്വേഷ കമന്റുകള്‍. ചിത്രത്തിന്റെ ടീമിന് ആശംസകള്‍ അറിയിക്കുന്നു എന്ന ക്യാപ്ഷനോടുകൂടിയാണ് താരം പോസ്റ്റിട്ടത്.

കുരിശില്‍ നിന്നും ഇറക്കിയ ശേഷം മാതാവിന്റെ മടിയില്‍ കിടക്കുന്ന യേശുവിന്റെ ചിത്രവുമായി ഒരു സാമ്യവുമില്ലെന്ന് പറഞ്ഞുനില്‍ക്കാന്‍ ആകുമോ?… എന്നിട്ട് അതിനു പേര് കൊടുത്തത് ചേര എന്നും… കുഞ്ചാക്കോ ബോബന്റെയും പിന്തുണ നിരാശപ്പെടുത്തുന്നു. സിനിമക്കാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യം ഇപ്പോള്‍ റീച്ച് കിട്ടാന്‍ മതവികാരം വൃണപ്പെടുത്തുക എന്ന മൂന്നാംകിട പരിപാടിയായി മാറുന്നു… എന്തിനാണ് മതമേതായാലും വിശ്വാസികളെ ചൊറിഞ്ഞു പബ്ലിസിറ്റി ഉണ്ടാക്കുന്നത്? തരംതാണ് അന്നം കഴിക്കണോ. തമ്പുരാന്‍ പൊറുക്കട്ടേയെന്ന് മനംനൊന്ത് പ്രാര്‍ത്ഥിക്കുന്നു. കോയ കുഴിച്ച കുഴിയില്‍ നിങ്ങള്‍ എല്ലാം വീണു പോയോ? അല്ലെങ്കില്‍ ഒന്നിച്ച എടുത്ത തിരുമനമോ? മതപരമായ റെസ്പെക്ട് കൊടുക്കുന്നില്ലെല്‍ വേണ്ട.അത് നിങ്ങളുടെ വ്യക്തിസ്വാതന്ത്ര്യം. പക്ഷെ മറ്റൊരാള്‍ ബഹുമാനിക്കുന്നതിനെ നിന്ദികാതെ ഇരിക്കുന്നതാണോ സാമൂഹിക ബോധം.. എന്നിങ്ങനെയാണ് കമന്റുകള്‍.

ലിജിന്‍ ജോസ് സംവിധാനം ചെയ്യുന്ന പുതിയ സിനിമ ‘ചേര’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ലോകപ്രശ്‌സ്ത ചിത്രകാരനും ശില്‍പിയുമായ മൈക്കല്‍ആഞ്ചലോയുടെ വിഖ്യാതമായ ശില്‍പം പിയത്തയെ ഓര്‍മ്മിക്കും വിധമാണ് ‘ചേര’യുടെ പോസ്റ്റര്‍ ചെയ്തിരുന്നു. അര്‍ജുന്‍ എംസിയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. തിരക്കഥ നജീം കോയയുടേതാണ്. അന്‍വര്‍ അലിയുടെ വരികള്‍ക്ക് ഷഹബാസ് അമന്‍ ഈണം പകരുന്നു. അലക്‌സ് ജെ പുളിക്കലാണ് ക്യാമറ.ഫ്രൈഡേ, ലോ പോയിന്റ് എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് ലിജിന്‍ ജോസ്.