സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകനെ അനുസ്മരിച്ച് മുസ്ലിംലീഗ് നേതാവ് കെ എം ഷാജി എം എൽ എ. മാധ്യമപ്രവർത്തകനായ ആഷിഷ് യെച്ചൂരി കഴിഞ്ഞ ദിവസമാണ് കോവിഡ് ബാധിച്ച് മരിച്ചത്.
ആഷിഷ് യെച്ചൂരി ഒരു പാഠപുസ്തകമാണെന്നും സ്വാഭിമാനമാണ് മരണത്തിലേക്ക് കടന്നു പോയതെന്നും ഷാജി ഫേസ്ബുക്കില്‍ കുറിച്ചു. ആഷിഷ് പിതാവിന്റെ പേര് ദുരുപയോഗിച്ചില്ല. പിതാവിനോ അദ്ദേഹത്തിന്റെ പ്രസ്ഥാനത്തിനോ അപമാനം വരുത്തി വെച്ചില്ലെന്നും കെ എം ഷാജി കുറിച്ചു.
കെ എം ഷാജിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം…
‘ഇന്ത്യയിലെ ഏറ്റവും കരുത്തുറ്റ കമ്മ്യുണിസ്റ്റ് നേതാക്കളിലൊരാളുടെ മകന്‍. അധികാരത്തിന്റെയും പദവികളുടേയും സ്വാധീനങ്ങളുടേയും വഴിയില്‍ അയാള്‍ പോയില്ല. പിതാവിന്റെ പേര് ദുരുപയോഗിച്ചില്ല.
പിതാവിനോ അദ്ദേഹം നയിക്കുന്ന പ്രസ്ഥാനത്തിനോ അപമാനം വരുത്തി വെച്ചില്ല. മൂലധന സമാഹരണത്തിൽ ഏര്‍പ്പെട്ടില്ല. സീതാറാം യെച്ചൂരിക്ക് ഒരു മകനുണ്ടെന്ന് ലോകമറിഞ്ഞത് നിര്യാണ വാര്‍ത്തയിലൂടെ മാത്രം.
മുപ്പത്തഞ്ചാം വയസില്‍ കോവിഡിന് കീഴടങ്ങി മരിക്കുവോളം ആ മകന്‍ ദിശാബോധമുള്ള ഒരു മാധ്യമ പ്രവര്‍ത്തകനായി പ്രവര്‍ത്തിച്ചു. മുഖ്യധാരയില്‍ ടൈംസ് ഓഫ് ഇന്ത്യയില്‍ നിന്ന് തുടങ്ങിയ യാത്ര അവസാനിച്ചത് ന്യൂസ് ലൗണ്ട്രി പോലെ ജനപക്ഷമാധ്യമ മേഖലയില്‍ പിച്ച വയ്ക്കുന്ന ഒരു പോര്‍ട്ടലിലായിരുന്നു.
ചില മനുഷ്യരുടെ ജീവിതങ്ങള്‍ പാഠപുസ്തകങ്ങളാണ്. എങ്ങനെ ജീവിക്കാമെന്നതിന്റെയും മരണത്തിലേക്ക് സാഭിമാനം എങ്ങനെ നടന്ന് പോകാമെന്നതിന്റെയും.’