സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ മുഴുവൻ ഓഫിസുകളിലെയും ഫയൽ നീക്കം ഓൺലൈനാക്കി ഇ- ഓഫിസ് സംവിധാനം നിലവിൽ വന്നു.
2021 ലെ ബഡ്ജറ്റ് പ്രസംഗത്തിൽ സംസ്ഥാന ധനകാര്യ മന്ത്രി വകുപ്പിലെ എല്ലാ ഓഫീസുകളിലും ഇ-ഓഫീസ് സംവിധാനം നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. വകുപ്പിന്റെ കീഴിലുള്ള 220 ഓഫിസുകളിലും ഇ – ഓഫിസ് സംവിധാനം നിലവിൽ വന്നതോടെ വകുപ്പിലെ ഫയൽ നീക്കം പൂർണ്ണമായും ഇ – ഓഫിസ് വഴിയാകും. ഇതോടെ വകുപ്പിലെ വിവിധ ഓഫീസുകളിൽ നടക്കുന്ന നടപടിക്രമങ്ങൾ പൂർണമായി ഡിജിറ്റൽ ആയി മാറുന്നത് കൂടാതെ ഓഫീസുകൾക്കിടയിലെ ഫയൽ നീക്കവും ഓൺലൈനായി മാറുകയാണ്. താഴെ തട്ടിൽ ഉള്ള സർക്കിൾ ഓഫീസ് മുതൽ ജില്ലാ ഓഫീസ്, സംസ്ഥാനതല കമ്മീഷണറേറ്റ്, സെക്രട്ടേറിയറ്റ്, ധനകാര്യ വകുപ്പ് മന്ത്രിയുടെ ഓഫീസ് വരെയുള്ള ഫയൽ നീക്കം ഇ-ഫയൽ വഴി ആകും. ഫയലുകളിൽ വേഗത്തിൽ തീരുമാനങ്ങൾ എടുക്കാനും മറ്റ് ഓഫീസുകളിലേക്ക് വേഗത്തിൽ കൈമാറുന്നതിനും സാധിക്കും .
സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് ആസ്ഥാനത്ത് 2015 ൽ തന്നെ ഇ – ഓഫിസ് സംവിധാനം നടപ്പിലാക്കിയിരുന്നു. വകുപ്പിലെ ഫയൽ നീക്കം പൂർണ്ണമായും ഇ – ഓഫിസിലേക്ക് മാറ്റുന്നതിന്റെ ആദ്യ പടിയായി 2020 ജനുവരിയിൽ തന്നെ ജില്ലാതല നികുതി ഓഫീസുകൾ ഓണലൈൻ ആക്കി. ഇപ്പോൾ സർക്കിൾ ഓഫീസുകൾ കൂടി ഓൺലൈൻ ആയതോടെയാണ് വകുപ്പിലെ ഇ – ഓഫിസ് നടപ്പാക്കൽ പൂർണ്ണമായത്. നിലവിൽ നികുതി സേവനങ്ങൾ പൂർണമായും ഓൺലൈനിൽ നൽകുന്ന വകുപ്പിലെ മറ്റ് ഫയൽ നടപടിക്രമങ്ങൾ കൂടി ഓൺലൈൻ ആയതോടെ പേപ്പർ രഹിത സമ്പൂർണ ഡിജിറ്റൽ ഓഫീസ് എന്ന ആശയമാണ് യാഥാർഥ്യമായത്.
എൻ .ഐ .സി വികസിപ്പിച്ച ഇ – ഓഫിസ് സോഫ്റ്റ്വെയർ, കേരളാ ഐ. ടി മിഷൻ മുഖേനയാണ് വകുപ്പിൽ നടപ്പാക്കിയത്. സമ്പൂർണമായി ഫയൽ നീക്കം ഇ-ഓഫീസിലൂടെ ആകുന്നതിലൂടെ വകുപ്പിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമവും സുതാര്യവും ആകുമെന്ന് സംസ്ഥാന ചരക്ക് സേവന നികുതി കമ്മിഷണർ അറിയിച്ചു.