ആലുവ താലൂക്കിലെ അയ്യമ്പുഴ വില്ലേജിൽ ഗ്ളോബൽ ഇൻഡസ്ട്രിയൽ ഫൈനാൻസ് ആന്റ് ട്രേഡ് സിറ്റി (ഗിഫ്റ്റ് സിറ്റി) പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച വിജ്ഞാപനം ഗസറ്റിൽ പ്രസിദ്ധീകരിച്ചു. 144.9759 ഹെക്ടർ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കേണ്ടത്.
ഡപ്യൂട്ടി കളക്ടർ (ലാൻഡ് അക്വിസിഷൻ), കിഫ്ബി പൊന്നുംവില സ്പെഷ്യൽ തഹസിൽദാർ എന്നിവർക്കാണ് സ്ഥലം ഏറ്റെടുക്കലിന്റെ ചുമതല. 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ വ്യവസ്ഥകളാണ് ഗിഫ്റ്റ് സിറ്റി പദ്ധതിയ്ക്കും ബാധകമാവുക
ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്ന വസ്തുവിന്റെ പട്ടിക ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ ഭൂമിയുമായി ബന്ധപ്പെട്ട കക്ഷികൾക്ക് ഇത് സംബന്ധിച്ച ആക്ഷേപം വിജ്ഞാപന തീയതി മുതൽ 15 ദിവസത്തിനകം രേഖാമൂലം പൊന്നുംവില ഓഫീസറായ സ്പെഷ്യൽ തഹസീൽദാർ (എൽ. എ, കിഫ്ബി, എറണാകുളം) മുമ്പാകെ സമർപ്പിക്കാം.
പദ്ധതി സംബന്ധിച്ച സാമൂഹ്യ പ്രത്യാഘാത വിലയിരുത്തൽ പഠന റിപ്പോർട്ടിന്റെ പൂർണ്ണരൂപം എറണാകുളം ജില്ലാ കളക്ടറുടെ വെബ് സൈറ്റിൽ ലഭ്യമാണ്. പകർപ്പുകൾ അയ്യമ്പുഴ ഗ്രാമപഞ്ചായത്ത് സെക്രട്ടറി, സ്പെഷ്യൽ തഹസിൽദാർ (എൽ എ) കിഫ്ബി എറണാകുളം, ഡെപ്യൂട്ടി കളക്ടർ (എൽ എ) കളക്ടറേറ്റ് എറണാകുളം എന്നിവരുടെ കാര്യാലയങ്ങളിലും ലഭ്യമാണ്.
അയ്യമ്പുഴ വില്ലേജിൽ റീസർവ്വേ ബ്ളോക്ക് നമ്പർ 19 ൽ വിവിധ സർവ്വ നമ്പരുകളിലായാണ് 144.9759 ഭൂമി ഏറ്റെടുക്കേണ്ടത്. 32 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടി വരും.
കൊച്ചി-ബാംഗ്ളൂർ വ്യവസായ ഇടനാഴി പദ്ധതിയുടെ ഭാഗമായി കേരളത്തിലേക്ക് കടന്നു വരാനിരിക്കുന്ന നിരവധി പദ്ധതികളിൽ ആദ്യ പദ്ധതി എന്ന നിലയിൽ ഗിഫ്റ്റ് സിറ്റി പദ്ധതി സംസ്ഥാനത്തിന്റെ വികസനത്തിൽ കുതിച്ചുചാട്ടമായിരിക്കുമെന്നാണ് വിലയിരുത്തൽ
വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങൾ ഉൾപ്പടെ നാഗരിക വികസനത്തിന് അത്യന്താപേക്ഷിതമായ ഹൈടെക് സേവനങ്ങളും സാമ്പത്തിക കേന്ദ്രവുമായി പ്രദേശത്തെ വികസിപ്പിക്കുന്ന പദ്ധതികളുമാണ ഗിഫ്റ്റ് സിറ്റിയിൽ വിഭാവനം ചെയ്യുന്നത്.