ഖാദി മേഖലയില്‍ കാലാനുസൃതമായ മാറ്റം വരുത്തും: പി.ജയരാജന്‍

Share

ഖാദി മേഖലയില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തുമെന്ന് ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.ജയരാജന്‍ പറഞ്ഞു.കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ്,അഖിലേന്ത്യാ ഖാദി കമ്മീഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച  ജില്ലാതല ബോധവത്കരണ സെമിനാര്‍ അബാന്‍ ഓഡിറ്റോറിയത്തില്‍  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം.ഖാദി വ്യവസായ മേഖലയില്‍ ഉല്‍പ്പന്നങ്ങളുടെ ഗുണമേന്മ ഉറപ്പാക്കിയുള്ള ആധുനികവല്‍ക്കരണവും,  തൊഴിലാളികള്‍ക്ക് വരുമാനം  ഉറപ്പാക്കിയുള്ള നവീകരണ പ്രവര്‍ത്തനങ്ങളും നടപ്പാക്കും.ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ പുതിയ വസ്ത്ര ഡിസൈനുകള്‍ തയ്യാറാക്കുന്നതിന് ശ്രദ്ധനല്‍കുകയാണിപ്പോള്‍ .ഖാദി മേഖലയെ പ്രോല്‍സാഹിപ്പിക്കാന്‍ ആഴ്ചയില്‍ ഒരുദിവസം ഖാദി വസ്ത്രം ധരിക്കുന്നത് എല്ലാവരും പ്രോല്‍സാഹിപ്പിക്കണം.പട്ടിക ജാതി, പട്ടിക വര്‍ഗ, പിന്നോക്ക വിഭാഗങ്ങള്‍, സ്ത്രീകള്‍ തുടങ്ങിയവരുടെ ഉന്നമനത്തിന് ഖാദി മേഖലയുമായി സഹകരിച്ച് സംരംഭകത്വം പ്രോല്‍സാഹിപ്പിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റേത്. ഖാദി ഉല്‍പ്പന്നങ്ങള്‍ക്ക് അര്‍ഹമായ പരിഗണന വിപണിയില്‍ ഉറപ്പാക്കേണ്ടതുണ്ട്.ഖാദിയുടെ പാരമ്പര്യവും മൂല്യവും നിലനിര്‍ത്തിയുള്ള പ്രവര്‍ത്തനമാണ് ഏറ്റെടുത്ത് നടപ്പാക്കുന്നതെന്നും ജയരാജന്‍ പറഞ്ഞു.
ജില്ലയുടെ വികസനത്തിന് വേഗം കൂട്ടുന്ന  പദ്ധതികള്‍ ഖാദി ഗ്രാമവ്യവസായ ബോര്‍ഡുമായി ചേര്‍ന്ന്  നടപ്പാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.ഖാദി വകുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലുള്ള ഭൂസ്വത്തുകള്‍ കണ്ടെത്തി ഖാദിയുമായി  ബന്ധപ്പെട്ട പരിശീലനം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ ജില്ലാ പഞ്ചായത്ത് ലക്ഷ്യമിടുന്നുണ്ട്. അവയുടെ ഭാഗമായി ഖാദി ബോര്‍ഡിന്റെ ചെന്നീര്‍ക്കരയിലുള്ള സ്ഥലത്ത് 40 ലക്ഷം രൂപയുടെ പുതിയ കെട്ടിടം നിര്‍മ്മിക്കുകയാണ് .നിര്‍മ്മിക്കുന്ന കെട്ടിടം ഫലപ്രദമായി  ഉപയോഗിക്കാന്‍ കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡുമായി ചേര്‍ന്ന് നടപടി സ്വീകരിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി.സക്കീര്‍ ഹുസൈന്‍,  ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ആര്‍.തുളസീധരന്‍ പിളള, ഗ്രാമ  പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി പി.എസ് മോഹനന്‍, ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് സെക്രട്ടറി ഡോ.കെ.എ രതീഷ് ,ജില്ലാ ഖാദി ഗ്രാമവ്യവസായ പ്രോജക്ട് ഓഫീസര്‍ ആര്‍.എസ് അനില്‍കുമാര്‍,കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് ഗ്രാമ വ്യവസായ ഡയറക്ടര്‍ കെ.വി ഗിരീഷ് കുമാര്‍, അഖിലേന്ത്യാ ഖാദി കമ്മീഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ പി.സഞ്ജീവ് തുടങ്ങിയവര്‍ പങ്കെടുത്തു