തിരുവനന്തപുരം : കേരളത്തിലെ ക്ഷീര കര്‍ഷകര്‍ക്കായി കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ അഗ്രിക്കള്‍ച്ചര്‍ ഇന്‍ഷുറന്‍സ് കമ്പനി ഓഫ് ഇന്ത്യയും മില്‍മ മലബാര്‍ റീജിയണും സംയുക്തമായി നടപ്പിലാക്കുന്ന സരള്‍ കൃഷി ബീമാ പദ്ധതിക്ക് തുടക്കമായി. ഏപ്രില്‍ 10 മുതല്‍ മെയ് 9 വരെ ഒരു മാസത്തേക്കാണ് ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുന്നത്.
മലബാര്‍ മേഖലയിലെ ആറ് ജില്ലകളിലാണ് (പാലക്കാട്, വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്) ആദ്യഘട്ടം. ഏപ്രില്‍ ,മെയ് മാസങ്ങളിലെ കഠിനമായ വേനല്‍ച്ചൂട് കാരണം പാലുല്‍പാദനത്തിലുണ്ടാകുന്ന കുറവിന് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുകയെന്നതാണ് പദ്ധതിയുടെ ഉദ്ദേശ്യം. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഉപഗ്രഹ ഡാറ്റ ഉപയോഗപ്പെടുത്തി അഗ്രിക്കള്‍ച്ചര്‍ ഇന്‍ഷുറന്‍സ് കമ്പനി കേരളത്തിലെ ക്ഷീര മേഖലയുടെ ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി പ്രകാരം നിശ്ചിത പ്രീമിയം തുക സബ്‌സിഡി ഇനത്തില്‍ മലബാര്‍ സൊസൈറ്റി തങ്ങളുടെ ക്ഷീര കര്‍ഷകര്‍ക്കായി നല്‍കും . പരമാവധി ഇന്‍ഷുറന്‍സ് തുക 2000 രൂപയാണ്. 15000 ത്തോളം ക്ഷീര കര്‍ഷകര്‍ ഇതിനോടകം ഈ പദ്ധതിയില്‍ അംഗങ്ങളായി. ഒരു ക്ഷീര കര്‍ഷകന് ഈ പദ്ധതിയില്‍ ചേര്‍ക്കാവുന്ന പരമാവധി പശു/ എരുമകളുടെ എണ്ണം 10 ആണ്. പരീക്ഷണാടിസ്ഥാനത്തില്‍ നടത്തുന്ന ഈ പദ്ധതി മറ്റു ജില്ലകളിലെ ക്ഷീര കര്‍ഷകരിലേക്കും ഉടന്‍ എത്തിക്കും.
ഈ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ മേഖലാ യൂണിയന്റെ അംഗസംഘങ്ങളില്‍ പാല്‍ നല്‍കുന്ന ക്ഷീര കര്‍ഷകരെയായിരിക്കും പരിഗണിക്കുക. ഇപ്പോള്‍ കറവയിലുള്ള പശു/ എരുമകളെ മാത്രമേ പദ്ധതിയില്‍ ചേര്‍ക്കാന്‍ സാധിക്കൂ. നിശ്ചയിച്ച അന്തരീക്ഷ താപനില, പരിധിക്കു പുറത്തു തുടര്‍ച്ചയായി 6 ദിവസമോ അതില്‍ കൂടുതലോ വരികയാണെങ്കില്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെട്ട കറവ പശു/ എരുമകള്‍ക്ക് ദിവസത്തിനനുസരിച്ചു ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭിക്കും. കര്‍ഷകര്‍ പ്രത്യേകം ക്ലെയിം സമര്‍പ്പിക്കേണ്ട ആവശ്യമില്ല. പകരം അതതു പ്രദേശത്തെ അന്തരീക്ഷ താപനില സാറ്റലൈറ്റ് വിവരശേഖരണ പ്രകാരം എടുത്ത് ഇന്‍ഷുറന്‍സ് ആനുകൂല്യത്തിന് അര്‍ഹതയുണ്ടെങ്കില്‍ അത് ഇന്‍ഷുറന്‍സ് കമ്പനി നല്‍കും. പദ്ധതിയില്‍ ചേരാന്‍ താത്പര്യമുള്ള ക്ഷീര കര്‍ഷകരുടെയും, കറവ പശു/ എരുമകളുടെ വിശദാംശങ്ങള്‍ ക്ഷീരസംഘങ്ങള്‍ മുഖേന ശേഖരിക്കും.