‘ക്ലിയോപാട്ര’യുടെ കടൽയാത്രയ്ക്ക്‌ തുടക്കം

Share

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ കടൽയാത്രയുടെ പുതിയ ലോകം തീർത്ത് ക്ലിയോപാട്രയും മുസിരിസ് പൈതൃക പദ്ധതിയും.

കോട്ടപ്പുറത്തുനിന്ന്‌ കടലിലേക്കുള്ള  സഞ്ചാര സംവിധാനം, ക്ലിയോപാട്ര എന്ന ആഡംബര യാത്രാ ബോട്ടിലൂടെ യാഥാർഥ്യമായി. മുസിരിസ് പൈതൃക പദ്ധതിയും കേരളാ ഷിപ്പിങ് ആൻഡ്‌ ഇൻലാൻഡ് നാവിഗേഷൻ കോർപറേഷനും സംയുക്തമായാണ് കടൽയാത്രാ പദ്ധതിയ്ക്ക് രൂപം നൽകിയത്. 

കോട്ടപ്പുറം ഫോർട്ട് ജെട്ടിയിൽനിന്ന്‌ ആരംഭിച്ച് കടലിലേക്ക് രണ്ടുമണിക്കൂർ ദൈർഘ്യമുള്ള യാത്രയാണ് ക്ലിയോപാട്രയിലൂടെ വിഭാവനം ചെയ്യുന്നത്. സഹോദരൻ അയ്യപ്പൻ മ്യൂസിയം, പള്ളിപ്പുറം മഞ്ഞുമാതാ ബസിലിക്ക, അഴീക്കോട് പുലിമുട്ട്, മുനയ്ക്കൽ എന്നീ പ്രദേശങ്ങളിലൂടെ കടന്ന് കടലിലേക്ക് സഞ്ചരിച്ച് കോട്ടപ്പുറം ഫോർട്ട്‌ജെട്ടിയിൽ തിരിച്ചെത്തുന്നതാണ് പാക്കേജ്. എസി, നോൺ എസി ഇരിപ്പിട സംവിധാനം, ഗൈഡ്, ഗായകർ, വിനോദ പരിപാടികൾ എന്നിവ യാനത്തിൽ ഉണ്ട്‌. ലഘുഭക്ഷണവും നൽകും.

നൂറുപേർക്ക് യാത്ര ചെയ്യാവുന്ന ബോട്ട്‌ യാത്രയ്‌ക്ക്‌ 400 രൂപയാണ്‌ ടിക്കറ്റ് നിരക്ക്. അഞ്ച് വയസിന്‌ താഴെയുള്ള കുട്ടികൾക്ക് യാത്ര സൗജന്യമാണ്. സാധാരണ ടിക്കറ്റ് പ്രകാരമുള്ള യാത്രക്ക് പുറമെ രണ്ട് പാക്കേജ് യാത്രകളും ക്ലിയോപാട്ര മുസിരിസ് ക്രൂയിസിന്റെ ഭാഗമായി നടപ്പാക്കുന്നുണ്ട്. കോളേജ്, സ്കൂൾ വിദ്യാർഥികൾക്ക്‌ സ്റ്റുഡന്റ് ക്രൂയിസ് പാക്കേജ് പ്രത്യേകമായിട്ടുണ്ട്. ഇതിൽ 50 വിദ്യാർഥികൾക്കും അധ്യാപകർക്കുംകൂടി വെജിറ്റേറിയൻ ഭക്ഷണം ഉൾപ്പെടെ 19,999 രൂപ മാത്രമാണ് ഈടാക്കുക. എക്‌സ്‌ക്ലൂസീവ് പാക്കേജിൽ  50 വെജിറ്റേറിയൻ ഭക്ഷണം ഉൾപ്പെടെ യാത്ര പാക്കേജിന് 24,999 രൂപയാണ് ഈടാക്കുന്നത്. 

വിവരങ്ങൾക്ക് ഫോൺ: 9778413160, 9846211143. പദ്ധതിയുടെ ഉദ്ഘാടനം കോട്ടപ്പുറം ആംഫി തിയറ്റർ പരിസരത്ത് വി ആർ സുനിൽകുമാർ എംഎൽഎയും കന്നിയാത്രയുടെ ഫ്ലാഗ് ഓഫ് കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎയും നിർവഹിച്ചു. കൊടുങ്ങല്ലൂർ നഗരസഭാ ചെയർപേഴ്സൺ എം യു ഷിനിജ അധ്യക്ഷയായി. മുസിരിസ് പൈതൃക പദ്ധതി എംഡി പി എം നൗഷാദ് മുഖ്യാതിഥിയായി.