ആര്യനാട് എഫ്.എച്ച്.സി യിൽ കോവിഡ് വാക്സിൻ വിതരണത്തിൽ ഉണ്ടായ വീഴ്ചയുടെ പേരിൽ ജീവനക്കാർക്കെതിരെ സ്വീകരിച്ച നടപടികൾ പുന:പരിശോധിക്കണമെന്ന് എൻ.ജി.ഒ യൂണിയൻ ആവശ്യപ്പെട്ടു.15 വയസ്സിൽ നൽകേണ്ട ടെറ്റനസ് ടോക്സോയിഡ് വാക്സിൻ എടുക്കുന്നതിന് എത്തിയ കുട്ടിക്ക് കോവിഡ് വാക്സിൻ നൽകിയതിനെ തുടർന്നാണ് കുത്തിവെയ്പ് നൽകിയ ജെ.പി.എച്ച്.എൻ നെ സസ്പെൻഡ് ചെയ്തത്.
വാക്സിൻ വിതരണ കേന്ദ്രത്തിൽ പാലിക്കേണ്ട നടപടിക്രമങ്ങൾ സംബന്ധിച്ച വ്യക്തമായ നിർദേശങ്ങൾ നൽകാനും ഓരോ നിർദ്ദേശങ്ങളും ഫലപ്രദമായി നടപ്പിലാക്കുന്നു എന്ന് ഉറപ്പുവരുത്താൻ മെഡിക്കൽ ഓഫീസർ മുതലുള്ള ബന്ധപ്പെട്ട ജീവനക്കാരെ ചുമതലപ്പെടുത്താനും ആരോഗ്യവകുപ്പ് ഡയറക്ടർ നടപടി സ്വീകരിക്കണം. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത വീഴ്ചയാണ് ഉണ്ടായത്.
സ്ഥാപനങ്ങളിലെ ഭൗതിക സാഹചര്യങ്ങളും ജോലിഭാരവുമെല്ലാം ഇത്തരം വീഴ്ചകൾക്ക് കാരണമാകുന്നുണ്ട്. ഇതിൻറെ ഭാഗമായ നടപടികൾ സ്വീകരിക്കുമ്പോൾ കഴിഞ്ഞ രണ്ടു വർഷത്തോളമായി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന രാജ്യത്തിനാകെ മാതൃകയാകുന്ന വിധം വാക്സിനേഷൻ ചുമതലകൾ ഫലപ്രദമായി നിർവഹിച്ച ജീവനക്കാരുടെ മനോവീര്യം തകർക്കുന്ന സമീപനം ഉണ്ടാകാതിരിക്കാനും ബന്ധപ്പെട്ട അധികാരികൾ ശ്രദ്ധിക്കണം.
അന്വേഷണ നടപടിക്രമങ്ങൾ കാലതാമസം സൃഷ്ടിക്കാതെ സസ്പെൻഷൻ നടപടികൾ പിൻവലിക്കണം. എന്നാൽ ഉണ്ടായ സംഭവത്തിന്റെ ഗൗരവം കാണാതെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തിയും കുപ്രചരണങ്ങൾ അഴിച്ചുവിട്ടും ഒരു വിഭാഗം നടത്തുന്ന സമരങ്ങൾ തള്ളിക്കളയണം . ഒമിക്രോൺ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ വാക്സിനേഷൻ ഉൾപ്പെടെയുള്ള കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്ന സർക്കാർ നടപടികളിൽ എല്ലാ ജീവനക്കാരും പങ്കാളികളാകണമെന്ന് അഭ്യർത്ഥിക്കുന്നു.