കോവിഡിന് ശേഷമുള്ള പ്രശ്നങ്ങൾ.. എല്ലാം സ്വയം മാറുമോ? മാറ്റാൻ കഴിയുമോ!!

Share

കോവിഡിനെ തുടർന്നുള്ള പ്രശ്നങ്ങൾ സ്വയം മാറുമെന്നാണ് പലരും പ്രതീക്ഷിക്കുന്നത്. “കോവിഡ് വന്നിട്ട് രക്ഷപ്പെട്ടതല്ലേ? ബാക്കിയുള്ളവയും സ്വയം മാറിക്കോളും” എന്ന് പലരും സമാധാനിക്കുന്നു. എന്നാൽ അങ്ങനെ വിചാരിച്ചിരുന്നവർ ആ ധാരണ തിരുത്തി ആയുർവേദ ചികിത്സ തേടി വരുന്നുണ്ട്.

പല ആയുർവേദ ചികിത്സാ കേന്ദ്രങ്ങളിലും കോവിഡ് പോസിറ്റീവ് ആയി ചികിത്സയ്ക്കുവേണ്ടി എത്തിയവരേക്കാൾ പത്തിരട്ടിയോളം ആൾക്കാർ നെഗറ്റീവായ ശേഷമുള്ള ബുദ്ധിമുട്ടുകൾക്കുള്ള ചികിത്സ തേടിയെത്തുന്നുണ്ട്. സംസ്ഥാന സർക്കാർ 1206 ആയുർരക്ഷാ ക്ലിനിക്കുകളിലൂടെ ഇതിനായി സജ്ജീകരിച്ചിട്ടുള്ള പദ്ധതിയുടെ പേര് പുനർജ്ജനി എന്നാണ്.

കരൾ,ശ്വാസകോശം, ഹൃദയം തുടങ്ങിയ ഭാഗങ്ങളെ ബാധിക്കുന്ന ബുദ്ധിമുട്ടുകളാണ് പലർക്കുമുള്ളത്. ഇതുവരെ ഇല്ലാതിരുന്ന പ്രമേഹം, രക്തസമ്മർദ്ദം, ശ്വാസംമുട്ട് തുടങ്ങിയ പല പ്രശ്നങ്ങളും പുതിയതായി ഉണ്ടായവരും ഉള്ള കുഴപ്പങ്ങൾ നിയന്ത്രണവിധേയമാക്കാൻ പ്രയാസമുള്ളവിധം വർദ്ധിച്ചവരുമുണ്ട്.

കോവിഡ് നെഗറ്റീവാകുന്നതോടെ എല്ലാം ശരിയാകുമെന്ന് വിചാരിച്ച പലർക്കും പിന്നീടുണ്ടായ ബുദ്ധിമുട്ടുകൾ വലിയ പ്രയാസങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.
ശ്വാസംമുട്ട്, ചെറിയൊരു പ്രവർത്തി ചെയ്യുമ്പോൾ പോലുമുള്ള കിതപ്പ്, വിട്ടുമാറാത്ത ക്ഷീണം, ഉറക്കം തീരെ ഇല്ലാതാകുകയോ ഇടയ്ക്കൊന്ന് ഉണർന്നു പോയാൽ പിന്നെ എത്ര ശ്രമിച്ചാലും വീണ്ടും ഉറങ്ങുവാൻ സാധിക്കാതെ വരികയോ ചെയ്യുന്ന അവസ്ഥ, മാനസികപ്രശ്നങ്ങൾ, കഫം വർദ്ധിച്ചുണ്ടാകുന്ന ബുദ്ധിമുട്ടുകൾ, തലവേദന, തോൾവേദന, കാലുകൾക്ക് പ്രത്യേകിച്ചും മുട്ടുകൾക്കും അതിനു താഴെയുള്ള ഭാഗത്തുമുണ്ടാകുന്ന വേദന, ശരീരഭാരം കുറയുക, എന്ത് കഴിച്ചാലും ഒരേ രുചി തന്നെ അനുഭവപ്പെടുകയോ ശരിയായ രുചിയും മണവും അറിയാൻ കഴിയാതെ വരികയോ ചെയ്യുക, ത്വക്കിനുണ്ടാകുന്ന രോഗങ്ങൾ തുടങ്ങിയവയാണ് പലർക്കുമുള്ളത്. ഇവ മാറുവാൻ ഏറെ സമയമെടുക്കുന്നവരുമുണ്ട്. അതുമാത്രമല്ല ചികിത്സിക്കാതെ ഇവയൊന്നും മാറുന്നുമില്ല.

ആധുനികചികിത്സ ചെയ്യുന്നവർക്ക് ശ്വാസംമുട്ടലിനുള്ള ഇൻഹേലർ ഉൾപ്പെടെയുള്ള ചികിത്സകളും രക്തം കട്ടപിടിക്കാതിരിക്കുന്നതിന് നൽകുന്ന ഗുളികകളും മൾട്ടി വിറ്റാമിൻ ഉൾപ്പെടെയുള്ള ഗുളിക കളും ചികിത്സയായി നൽകുന്നതായിട്ടാണ് കാണുന്നത്.

ആയുർവേദ ചികിത്സ ചെയ്യുന്നവർക്ക് മറ്റു ബുദ്ധിമുട്ടുകളില്ലാതെയും തീവ്രതയേറിയ മരുന്നുകൾ ഉപയോഗിക്കാതെയും വളരെ കുറച്ചു നാളത്തെ ചികിത്സ കൊണ്ടും ബുദ്ധിമുട്ടുകൾ ഭേദപ്പെടുന്നുണ്ട്.

ചില വിദേശ പഠനങ്ങൾ സൂചിപ്പിക്കുന്നത് ഒരു വർഷത്തോളം സമയമെടുത്ത് മാത്രമേ കോവിഡാനന്തരമുള്ള ചില ബുദ്ധിമുട്ടുകൾ പരിഹരിക്കുവാനുകുന്നുള്ളൂ എന്നാണ്. ആയുർവേദചികിത്സ അതിനേക്കാൾ ഭേദവും ഫലപ്രദവും സുരക്ഷിതവുമാണ്.

ഭക്ഷണകാര്യങ്ങളിൽ കൂടി ശ്രദ്ധിക്കുന്നവർക്ക് രോഗ ചികിത്സയിൽ നല്ല ഫലം ലഭിക്കുന്നുണ്ട്. മാംസാഹാരവും എണ്ണപ്പലഹാരവും തൈരും തണുത്തതും വറുത്ത മത്സ്യവും മുട്ടയും നിയന്ത്രിച്ചു ഭക്ഷണം കഴിക്കുന്നവരിൽ പെട്ടെന്ന് കോവിഡാനന്തര ബുദ്ധിമുട്ടുകളും കുറയുന്നുണ്ട്. എന്നാൽ മറ്റ് ആഹാരങ്ങൾ പോഷണമുണ്ടാക്കുന്നതും സമീകൃതവും ആയിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

കോവിഡാനന്തരം തുടർന്നുനിൽക്കുന്ന ചില ബുദ്ധിമുട്ടുകൾ സന്ധികളെ ആശ്രയിച്ച് ആർത്രൈറ്റിസും മെറ്റബോളിസത്തെ കുഴപ്പത്തിലാക്കി കരൾ രോഗങ്ങളും പ്രമേഹവും ഹൃദയത്തെ ആശ്രയിച്ച് രക്തസമ്മർദ്ദവും ശ്വാസകോശത്തെ ആശ്രയിച്ച് ശ്വാസരോഗങ്ങളും ഉണ്ടാക്കുന്നതായി കാണുന്നു. വൃക്കരോഗങ്ങളുണ്ടാകുവാനുള്ള സാദ്ധ്യതയുമുണ്ട്.ഇവ കൂടി പുതിയ രോഗങ്ങളായ മറ്റു ജീവിതശൈലീരോഗങ്ങൾക്കൊപ്പം കൂടിയാൽ ആരോഗ്യ നിലവാരം കൂടുതൽ താറുമാറാകുമെന്ന കാര്യത്തിൽ സംശയമില്ല.

സാധിക്കുന്നതിനേക്കാൾ കൂടുതൽ അദ്ധ്വാനവും രോഗത്തെ വർദ്ധിപ്പിക്കുന്ന അപഥ്യാഹാരങ്ങളും ആരോഗ്യത്തിന് കുഴപ്പമുണ്ടാക്കാനിടയുള്ള മരുന്നുകളും ചികിത്സകളും പരമാവധി ഒഴിവാക്കേണ്ടിവരും. ഏറ്റവും സുരക്ഷിതമായ ചികിത്സയും പഥ്യാഹാരവും
ആരോഗ്യമറിഞ്ഞുള്ള വ്യായാമവും മാത്രം മതിയെന്ന് തീരുമാനിക്കേണ്ടുന്ന രോഗാവസ്ഥയാണ്
കോവിഡാനന്തര രോഗങ്ങൾക്കുള്ളത്.

കോവിഡ് ബാധിച്ച് നെഗറ്റീവായവർ നിർബന്ധമായും അവരുടെ രക്തത്തിലെ ഷുഗർ, കൊളസ്ട്രോൾ, ബി.പി, കരളിന്റെ പ്രവർത്തനങ്ങൾ എന്നിവ രക്തപരിശോധനയിലൂടെയും ചിലപ്പോൾ അൾട്രാസൗണ്ട് നടത്തിയും നിരീക്ഷിക്കേണ്ടതുണ്ട്. അവ നോർമലല്ലെങ്കിൽ ശരിയായ ഇടപെടലുകളിലൂടെ നോർമലാക്കുകയും അത് പരിശോധിച്ച് ഉറപ്പു വരുത്തുകയും വേണം.

ത്വക്കിനുണ്ടാകുന്ന പ്രശ്നങ്ങളും മുടികൊഴിച്ചിലും കുഴപ്പം നിസ്സാരമായി കരുതേണ്ടതല്ല. അതും കോവിഡ് കാരണം ശരീരത്തിനുണ്ടായ കുഴപ്പം കാരണമുള്ളതുതന്നെയാണ്. അവയ്ക്കുള്ള ചികിത്സകൂടി ഭക്ഷണത്തിന്റെ ശ്രദ്ധയ്ക്കൊപ്പം അനിവാര്യമാണ്. ഇടുപ്പ് വേദനയുള്ളവർ ഇടുപ്പിന്റെ ഭാഗത്തുള്ള രക്തചംക്രമണം ശരിയായി നടക്കുന്നുണ്ടോയെന്നും ഘടനാപരമായ വ്യത്യാസം ഇടുപ്പെല്ലിന്റെ സന്ധിയിൽ ഉണ്ടായിട്ടുണ്ടോ എന്നും അറിയേണ്ടതുണ്ട്. ഉറക്കം എത്രയും വേഗത്തിൽ ശരിയാക്കുന്നോ അത്രയും വേഗത്തിൽ രക്തസമ്മർദ്ദം നോർമലാകും.ഒരു ഭക്ഷണത്തിനോടും താൽപര്യവും രുചിയും തോന്നാത്ത അവസ്ഥയൊക്കെ അധികനാൾ ബുദ്ധിമുട്ടിക്കുന്നതായി അനുഭവപ്പെടുന്നില്ല.ഒന്നാം തരംഗത്തിൽ കോവിഡ് ബാധിച്ചവർക്കും
കോവിഡാനന്തരം ഇത്തരം ബുദ്ധിമുട്ടുകൾ അത്രയേറെ കാണുന്നില്ല. കുട്ടികൾക്ക് തോന്നുന്ന പ്രയാസങ്ങൾ മറ്റാരേക്കാളും വേഗത്തിൽ മാറുന്നതായും നിരീക്ഷണങ്ങളുണ്ട്. പൂർണ്ണാരോഗ്യമുള്ളവർക്കും ബുദ്ധിമുട്ടുകൾ കുറവാണ്. ഇവയെല്ലാം പരിഗണിച്ച് കോവിഡാനന്തര ബുദ്ധിമുട്ടുകളുള്ളവർ ആയുർവേദ ചികിത്സ പ്രയോജനപ്പെടുത്തേണ്ടതാണ്.