കോവിഡാനന്തര ആഗോള തൊഴിൽവിപണി: കേരളത്തിൽ വിപുലമായ നൈപുണ്യ വികസന കേന്ദ്രങ്ങൾ തുടങ്ങും- മുഖ്യമന്ത്രി

Share

ആഗോളതലത്തിലെ തൊഴിൽ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായി കേരളത്തിൽ വിപുലമായ നൈപുണ്യ വികസന കേന്ദ്രങ്ങൾ ആരംഭിക്കുമെന്നും നിലവിലുള്ള കേന്ദ്രങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.  പ്രകടപത്രികയിൽ പ്രഖ്യാപിച്ചിട്ടുള്ള 20 ലക്ഷം പേർക്ക് തൊഴിൽ നൽകുക എന്ന ലക്ഷ്യവുമായി സർക്കാർ മുന്നോട്ടു പോവുകയാണ്. കോവിഡ് മഹാമാരി സൃഷ്ടിച്ച മാറ്റങ്ങൾ കൂടി ഉൾക്കൊണ്ടാണ് ഈ മേഖലയിൽ പുതിയ പദ്ധതികൾ സർക്കാർ ആവിഷ്‌കരിച്ചിരിക്കുന്നത്. – നോർക്ക വകുപ്പ് സംഘടിപ്പിച്ച ഓവർസീസ് എംപ്ലോയേഴ്സ് കോൺഫറൻസ്  ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
കോവിഡു മഹാമാരിയെ തുടർന്ന് തൊഴിൽ സമ്പ്രദായങ്ങൾ തന്നെ ഇന്നു മാറി. ഈ സാഹചര്യം മനസ്സിലാക്കി  സംസ്ഥാനത്തെ യുവജനതയ്ക്ക് തൊഴിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതിനായി കെ-ഡിസ്‌ക് ഒരു പോർട്ടൽ തുടങ്ങിക്കഴിഞ്ഞു. പോർട്ടലിൽ രജിസ്റ്റർ ചെയ്തവർക്ക് തൊഴിൽ ലഭ്യമാക്കുന്നതിനുള്ള നടപടികളിലേക്ക് കടക്കുകയാണ്. ഈ പരിശ്രമങ്ങളിൽ വിദേശമലയാളികളായ തൊഴിൽദാതാക്കളും ഈ പരിശ്രമങ്ങളിൽ  തങ്ങളുടേതായ പങ്ക് വഹിക്കണം. തങ്ങളുടെ സഹോദരങ്ങൾക്ക് തൊഴിൽ ലഭിക്കുന്നതിനായി ഒഴിവുകൾ, അത് ഒരെണ്ണമായാൽപോലും കണ്ടെത്താൻ എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
വിദ്യാഭ്യാസ യോഗ്യതയ്ക്കൊപ്പം തൊഴിലിന് ആവശ്യമായ പരിശീലനവും അത്യാവശ്യമാണ്.  മലയാളികളുടെ കഴിവും പ്രാഗത്ഭ്യവും ലോകത്ത് പൊതുവെ അംഗീകരിക്കപ്പെട്ടതാണ്. അത് പ്രയോജനപ്പെടുത്താനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കഴിയണം.
നേരത്തേ ഭാഗ്യപരീക്ഷണം പോലെയാണ് വിദേശത്ത് തൊഴിൽ തേടി പോയിരുന്നത്. എന്നാൽ ഇന്ന് അവരവരുടെ യോഗ്യതക്കനുസരിച്ചുള്ള തൊഴിലാണ് തേടി പോകുന്നത്. ഇതിനാവശ്യമുള്ള യോഗ്യത നേടിയെടുക്കണം.
നേരത്തേ പരിശീലനം ലഭിച്ചവരും പുതിയ സാഹചര്യത്തിൽ വീണ്ടും പരിശീലനം തേടേണ്ടതുണ്ട്. ഇതോടൊപ്പം ഭാഷാ പരിജ്ഞാനവും വർധിപ്പിക്കണം. ഇംഗ്ലീഷിലുടെയുള്ള ആശയവിനിമയത്തിന്റെ മികവ് വർധിപ്പിക്കുന്നതിനൊപ്പം മറ്റ് ഭാഷകളിലും പ്രാവീണ്യം നേടേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.  
മികച്ച വിദ്യാഭ്യാസ യോഗ്യത നേടിയിട്ടും ജോലിക്ക് പോകാൻ കഴിയാത്തവർ നമുക്കിടയിലുണ്ട്, പ്രത്യേകിച്ച് സ്ത്രീകൾ. വിവാഹം, കുഞ്ഞ് ജനിക്കൽ, അങ്ങനെ പലവിധ കാരണങ്ങളാൽ ജോലിക്ക് പോകാൻ കഴിയാത്തവർ. പുരുഷൻമാരും ഇതിൽ ധാരാളമുണ്ട്. സ്വന്തം യോഗ്യതയ്ക്കനുസരിച്ചുള്ള ജോലി ലഭിക്കാത്തവരുമുണ്ട്.
വർക്ക് ഫ്രം ഹോം ഇന്ന് ഇന്ന് സർക്കാർ സംവിധാനത്തിൽ പോലും പ്രചാരണത്തിലായിരിക്കുന്നു.  
വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ട് വരാൻ സർക്കാർ ആഗ്രഹിക്കുന്നു. കേരളത്തിന് പുറത്തുള്ളവരെ അടക്കം കേരളത്തിലെത്തിക്കാൻ കഴിയും വിധം ഉയർന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ വരണം. ടൂറിസം, ആരോഗ്യ മേഖലകളിലും വലിയ മുന്നേറ്റം നടക്കുകയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നിയമസഭ ശങ്കരനാരായണൻ തമ്പിഹാളിലുംഓൺലൈനായുമായി ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ്കോമേഴ്സ് ആന്റ്ഇൻഡസ്ട്രിയുടെ (ഫിക്കി)സഹകരണത്തോടെയാണ് സ്മ്മേളനം സംഘടിപ്പിച്ചത്.
ജപ്പാനിലെ വിദഗ്ദ്ധ മേഖലയിൽ ഉണ്ടായിരിക്കുന്ന തൊഴിലവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിൽ നോർക്കയുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തിയ വിദേശകാര്യ മന്ത്രാലയം  സെക്രട്ടറി സഞ്ജയ് ഭട്ടാചാര്യ (സി.പി.വി ആന്റ് ഒ.ഐ.എ) അറിയിച്ചു.  രാജ്യത്തെ ജനങ്ങൾക്ക് നൈപുണ്യ വികസനത്തിന് ജപ്പാനിൽ നിന്നുള്ള വളന്റിയർമാരെ കൊണ്ട് വന്നു  പരിശീലനം നൽകും. പ്രവാസി തൊഴിലെന്നാൽ ബ്ലൂ കോളർ തൊഴിലാണെന്നുള്ള ധാരണ മാറണം. വിദേശ രാജ്യങ്ങളുടെ നയതന്ത്ര മേഖലയിലുൾപ്പെടെയുള്ള ഉയർന്ന തൊഴിലുകളിൽ വ്യാപാരിക്കാൻ ഇന്ത്യൻ ജനതയ്ക്ക് കഴിയുമെന്നും അതിനായി ശാസ്ത്രീയമായ പരിശീലനം സർക്കാർ ഉറപ്പാക്കുമെന്നും നിലവിലെ പദ്ധതികൾ കൂടുതൽ വിപുലപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം മറ്റു രാജ്യങ്ങളിലെ മൈഗ്രേഷൻ പോർട്ടലുമായി കൈകോർത്ത് സുരക്ഷിതവും, നിയമാനുസൃതവുമായ പ്രവാസത്തിനും രാജ്യാന്തര തൊഴിൽ സംസ്‌കാരത്തിനും വഴിയൊരുക്കും. അനധികൃത കുടിയേറ്റങ്ങളും, തൊഴിൽ ചൂഷണങ്ങളും അംഗീകരിക്കാനാകില്ല എന്നും അതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഭട്ടാചാര്യ കൂട്ടിച്ചേർത്തു. നിലവിലെ തൊഴിലവസരങ്ങൾക്കൊപ്പം പുതിയ അവസരങ്ങൾ കൂടി പ്രയോജനപ്പെടുത്താൻ കഴിയുന്ന തരത്തിലുള്ള നടപടികൾ കേന്ദ്രം നടത്തി വരികയാണ്. ഇതു കണക്കിലെടുത്ത് യാഥാർഥ്യ ബോധത്തോടെയുള്ള നടപടികൾ സ്വീകരിക്കാൻ സംസ്ഥാനങ്ങൾ തയാറാകണം. ഈ ദിശയിൽ കേരളത്തിൽ നോർക്ക സ്വീകരിക്കുന്ന നടപടികൾ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.
ചീഫ് സെക്രട്ടറി വി.പി. ജോയ് അദ്ധ്യക്ഷത വഹിച്ചു. ആർ.പി. ഗ്രൂപ്പ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഡോ. രവി പിള്ള, ആസ്റ്റർ ഡി എം ഹെൽത്ത് കെയർ സി എം ഡി ഡോ. ആസാദ്  മൂപ്പൻ, ഖത്തർ ജംബോ ഇലക്ട്രോണിക്സ് ഡയറക്ടറും ഗ്രൂപ്പ് സി ഇ ഒയുമായ സി.വി. റപ്പായി, ഫിക്കി വൈസ് പ്രസിഡന്റ് സുഭ്രകാന്ത് പാണ്ഡെ, ഖത്തർ ബിർള പബ്‌ളിക് സ്‌കൂൾ ഡയറക്റ്റർ ഡോ. മോഹൻ തോമസ്,  ബ്രൂണെ സെരിക്കണ്ടി ഗ്രൂപ്പ് സി ഇ ഒ രവി ഭാസ്‌കരൻ, വിദേശകാര്യ സഹകരണത്തിനായുള്ള സംസ്ഥാന സർക്കാരിന്റെ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി വേണു രാജാമണി, നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ കെ. വരദരാജൻ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
നോർക്ക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ സ്വാഗതവും റസിഡന്റ് വൈസ് ചെയർമാൻ കെ. വരദരാജൻ നന്ദിയും പറഞ്ഞു.
തൊഴിലിന്റെ ഭാവിയും നവനൈപുണ്യ വികസനവും എന്ന സെഷനിൽ വ്യവസായ, നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ ആമുഖ പ്രഭാഷണം നടത്തി. ഇ ആൻഡ് വൈ പാർട്ണർ അമിത് വാത്സ്യായൻ വിഷയാവതരണം നടത്തി. പാനൽ ചർച്ചയിൽ ഗൾഫാർ എൻജിനീയറിങ് ആൻഡ് കോൺട്രാക്റ്റിംഗ് സ്ഥാപകൻ പി. മുഹമ്മദ് അലി മോഡറേറ്ററായി. പ്രൊട്ടക്ടർ ജനറൽ ഓഫ് എമിഗ്രന്റ്‌സ് ആംസ്ട്രോങ് ചാങ്‌സൺ,  ബഹറിനിലെ ഇന്ത്യൻ അംബാസഡറുടെ സെക്കൻഡ് സെക്രട്ടറി രവി ശങ്കർ ശുക്‌ള, ഖത്തർ എ ബി എൻ കോർപ്പറേഷൻ ചെയർമാൻ ജെ. കെ. മേനോൻ, ഖത്തർ ഇറാം എഞ്ചിനീയറിംഗ് ഡയറക്റ്റർ പൗലോസ് തേപ്പാല, ദുബായ് എമ്മാർ പ്രോപ്പർട്ടീസ് ഡയറക്ടർ മുഹമ്മദ് അൽ മർസൂഖി, കിംസ് ഹെൽത്ത് കെയർ എം ഡിയും ഫിക്കി കേരള സ്റ്റേറ്റ് കൗൺസിൽ കോ ചെയർ ഡോ. എം.ഐ സഹദുള്ള എന്നിവർ പങ്കെടുത്തു.
പുതിയ കുടിയേറ്റ മേഖലകൾ; മിഡിൽ ഈസ്റ്റിലെ പുതിയ സാധ്യതകൾ എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിൽ പാനൽ ചർച്ചയിൽ സെന്റർ ഫോർ ഡവലപ്‌മെന്റ് സ്റ്റഡീസ് ആർ ബി ഐ ചെയർ ഡയറക്ടറും പ്രൊഫസറുമായ പ്രൊഫ. സുനിൽ മാണി മോഡറേറ്ററായി. യു എ ഇ യിലെ ഇന്ത്യൻ അംബാസഡർ പവൻ കപൂർ, കുവൈറ്റ് ഇന്ത്യൻ മിഷൻ ഫസ്റ്റ് സെക്രട്ടറി സ്മിത പാട്ടീൽ, സൗദി അറേബ്യയിലെ ഇന്ത്യൻ അംബാസഡർ ഡോ. ഔസെഫ് സയീദ്, ഖത്തറിലെ ഇന്ത്യൻ എംബസിയിലെ  സെക്കൻഡ് സെക്രട്ടറി സോമു സോമൻ, യുബിക് ഇന്ത്യ ഡയറക്ടർ ജനറൽ മൊഹ്‌സീൻ ഖാൻ  എന്നിവർ പങ്കെടുത്തു.
സമാപന സെഷനിൽ സ്പീക്കർ എം.ബി.രാജേഷ് മുഖ്യാതിഥിയായിരുന്നു. എ.സി.മൊയ്തീൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. നോർക്ക സി.ഇ.ഒ ഹരികൃഷ്ണൻ നമ്പൂതിരി സ്വാഗതവും ജനറൽ മാനേജർ അജിത് കോളശ്ശേരി നന്ദിയും പറഞ്ഞു.