കൊച്ചി: കേരളത്തിൽ കൊവിഡ് പ്രതിരോധം പാളിയതിന്റെ ഉത്തരവാദിത്വം സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. എല്ലാം ജനങ്ങളുടെ തലയിൽ വെച്ച് കൈകഴുകുകയാണ് മുഖ്യമന്ത്രിയെന്നും കൊച്ചിയിൽ നടന്ന നാഷണൽ ഹെൽത്ത് വോളന്റിയേർസിന്റെ സംസ്ഥാനതല ക്യാമ്പയിന്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി വിഭാവനം ചെയ്ത നാഷണൽ ഹെൽത്ത് വോളന്റിയേർസിന്റെ പ്രവർത്തനം ഏറ്റവും കൂടുതൽ വേണ്ടത് കേരളത്തിലാണ്. കൊവിഡ് പ്രതിരോധം പൂർണമായും തകർന്നത് ഇവിടെയാണ്. പിണറായി സർക്കാരിന്റെ അവകാശവാദങ്ങൾ എല്ലാം വെറും വാചകകസർത്ത് മാത്രമായിരുന്നു. ഇന്ത്യയിലെ ആകെയുള്ള കൊവിഡ് കേസുകളിൽ 52 ശതമാനവും കേരളത്തിലാണ്. ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് ഇവിടെ 16 ശതമാനത്തിലെത്തി. ഈ മാസം അവസാനമാകുമ്പോഴേക്കും 20ൽ എത്തുമെന്നാണ് വിദഗ്ധർ പറയുന്നത്.
യുപിയിൽ പ്രതിദിന കേസുകൾ 100ൽ താഴെയാണെന്ന് ഓർക്കണം. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെല്ലാം കൊവിഡിനെ പിടിച്ചുകെട്ടിയെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. അശാസ്ത്രീയവും അപക്വവുമായ പ്രതിരോധമാണ് സംസ്ഥാനത്തെ തകർത്തത്. വീഴ്ചകളിൽ നിന്നും പാഠം പഠിക്കാതെ അതിനെ ന്യായീകരിക്കുന്നതാണ് സർക്കാരിന്റെ പ്രശ്നം. ഏറ്റവും അധികം രോഗികളെ കണ്ടെത്തുന്നത് ഞങ്ങളാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. കേരളത്തിന്റെ ഇരട്ടി ടെസ്റ്റ് ദിനംപ്രതി നടത്തുന്ന മറ്റു സംസ്ഥാനങ്ങളിൽ എന്തുകൊണ്ട് ഇത്രയും കേസ് റിപ്പോർട്ട് ചെയ്യുന്നില്ലെന്ന് മുഖ്യമന്ത്രി പറയണം.
കേരളത്തിൽ വാക്സിനേഷന് സ്പോട്ട് രജിസ്ട്രേഷനാണ് നടക്കുന്നത്. ഓൺലൈനിൽ സ്ലോട്ട് കിട്ടാനില്ല. വേണ്ടപ്പെട്ടവർക്ക് മാത്രമാണ് വാക്സിൻ ലഭിക്കുന്നത്. ക്വോറന്റയിൻ കാര്യത്തിലും കണ്ടയിൻമെന്റ് സോണുകളുടെ കാര്യത്തിലും ദേശീയ നയം പിന്തുടരാൻ കേരളം തയ്യാറായില്ല. . പൊപ്പുലേഷൻ ഡെൻസിറ്റിയാണ് കൊവിഡിന് കാരണമെന്നാണ് ഇപ്പോൾ പറയുന്നത്. രാജ്യത്തെ വൻ നഗരങ്ങളുമായി ഡെൻസിറ്റിയിൽ കേരളത്തെ താരതമ്യം ചെയ്യാനാകുമോ? മരണനിരക്ക് കുറച്ചുകാണിച്ചും ടെസ്റ്റുകളുടെ എണ്ണം കുറച്ചും തട്ടിപ്പ് നടത്തുകയായിരുന്നു ആരോഗ്യവിഭാഗം. എന്നാൽ ആരോഗ്യമന്ത്രി പറയുന്നത് കേന്ദ്രസംഘം കേരളത്തെ അഭിനന്ദിച്ചുവെന്നാണ്. എന്ത് കാര്യത്തിനാണ് കേരളത്തെ അഭിനന്ദിക്കേണ്ടതെന്ന് സുരേന്ദ്രൻ ചോദിച്ചു.