കേരള ഫുട്ബാളിനെ ഉയരത്തിലെത്തിക്കാൻ അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷനുമായി ധാരണയായതായി കായിക മന്ത്രി വി. അബ്ദുറഹിമാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അടുത്ത സീസണിലെ സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് മത്‌സരങ്ങൾ മഞ്ചേരി സ്‌റ്റേഡിയത്തിൽ നടത്തുമെന്നും മന്ത്രി അറിയിച്ചു. വെസ്റ്റിൻഡീസുമായുള്ള ട്വന്റി ട്വന്റി മത്‌സരങ്ങളിലൊന്ന് കേരളത്തിന് അനുവദിക്കുമെന്ന് അറിയിപ്പ് ലഭിച്ചിട്ടുണ്ട്.
അണ്ടർ 16 ഫുട്ബാൾ ക്യാമ്പ് കേരളത്തിൽ നടത്താനും ധാരണയായിട്ടുണ്ട്. വനിതാ ഫുട്ബാൾ ടീമിന് കൂടുതൽ പ്രോത്സാഹനം നൽകും. ബീച്ച് ഫുട്ബാളിനെ പ്രോത്‌സാഹിപ്പിക്കാനുള്ള പദ്ധതിയും കേരളത്തിൽ നടപ്പാക്കും. പഞ്ചായത്ത് തലം മുതൽ ഫുട്ബാൾ മത്‌സരങ്ങളും കോച്ചിംഗ് ക്യാമ്പുകളും സംഘടിപ്പിക്കും. ഇത് ഘട്ടം ഘട്ടമായി സംസ്ഥാനതലത്തിലേക്ക് ഉയർത്തി ലീഗ് മത്‌സരങ്ങൾ നടത്തും. തൃശൂരും കോഴിക്കോടും റീജ്യണൽ കായിക കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതോടെ കൂടുതൽ കായിക താരങ്ങൾക്ക് നിയമനം നൽകാനാവും. കേരളത്തിന്റെ ആവശ്യങ്ങൾ ഉൾപ്പെടുത്തി കേന്ദ്ര കായിക മന്ത്രിക്ക് നേരിട്ട് നിവേദനം നൽകുമെന്ന് മന്ത്രി അറിയിച്ചു.
ഒക്‌ടോബർ മുതൽ എല്ലാ പഞ്ചായത്തിലും സ്‌പോർട്‌സ് കൗൺസിൽ നിലവിൽ വരും. തകർന്നു കിടക്കുന്ന സ്‌റ്റേഡിയങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഒരു കമ്പനിക്ക് രൂപം നൽകിയിട്ടുണ്ട്. എല്ലാ വർഷവും സ്‌റ്റേഡിയങ്ങളുടെ അറ്റകുറ്റപ്പണി നടത്തും. കോവിഡാനന്തരകാലത്ത് കളിക്കളങ്ങളെ കൂടുതൽ സജീവമാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. വിദേശ ടീമുകളെ പങ്കെടുപ്പിച്ച് ഫുട്ബാൾ മത്‌സരം നടത്തുന്നത് സംബന്ധിച്ചും ചർച്ചകൾ നടക്കുന്നു. അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷൻ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി അഭിഷേക് യാദവും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.