കേരളത്തിന്റെ പാൽപ്പൊടി നിർമാണ ഫാക്ടറി ഒരു വർഷത്തിനകം യാഥാർഥ്യമാകുമെന്നു മൃഗസംരക്ഷണ – ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. മിൽമയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഫാക്ടറി പ്രവർത്തനം തുടങ്ങുന്നതോടെ മിച്ചംവരുന്ന പാൽ കേരളത്തിൽത്തന്നെ പാൽപ്പൊടിയാക്കി മാറ്റാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ നിർമിക്കുന്ന സെന്റർ ഓഫ് എക്‌സലൻസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു മന്ത്രി.
പാൽ ഉത്പാദനത്തിൽ കേരളം സ്വയംപര്യാപ്തത നേടിക്കഴിഞ്ഞു. മിച്ചംവരുന്ന പാൽ മിൽമ സംഭരിച്ച് മറ്റു സംസ്ഥാനങ്ങളിൽക്കൊണ്ടുപോയി പാൽപ്പൊടിയാക്കുന്ന രീതിയാണ് ഇപ്പോഴുള്ളത്. സ്വന്തമായി പാൽപ്പൊടി ഫാക്ടറി യാഥാർഥ്യമാകുന്നതോടെ ഇക്കാര്യത്തിലും സ്വയംപര്യാപ്തത കൈവരിക്കാനാകും. മൂല്യവർധിത ഉത്പന്നങ്ങളുടെ വ്യവസായം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ പനീർ യൂണിറ്റിനും മിൽമ പദ്ധതി തയാറാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ക്ഷീര വികസന മേഖലയിലേക്കു വലിയ തോതിൽ ചെറുകിട സംരംഭങ്ങൾ വരുന്നുണ്ട്. യുവാക്കളടക്കമുള്ളവർ ഈ മേഖലയോടു വലിയ താത്പര്യം കാണിക്കുന്നുണ്ട്. ഇങ്ങനെയെത്തുന്നവർക്കു മൃഗസംരക്ഷണ മേഖലയെക്കുറിച്ചും മൃഗ പരിപാലനം, വ്യവസായം തുടങ്ങിയവയിലും മികച്ച പരിശീലനം നൽകേണ്ടതുണ്ട്.
സെന്റർ ഓഫ് എക്‌സലൻസ് പോലുള്ള സ്ഥാപനങ്ങൾ ഇതു ലക്ഷ്യംവച്ചുള്ളതാണെന്നും മന്ത്രി പറഞ്ഞു. മൃഗസംരക്ഷണ വകുപ്പിന്റെ മൊബൈലൽ ടെലി വെറ്ററിനരി യൂണിറ്റിന്റെയും മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ ഹൈ എൻഡ് അൾട്രാ സൗണ്ട് മെഷീനിന്റെയും ഉദ്ഘാടനവും മന്ത്രി ചടങ്ങിൽ നിർവഹിച്ചു.
കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ വി.കെ. പ്രശാന്ത് എം.എൽ.എ അധ്യക്ഷത വഹിച്ചു. കൗൺസിലർ എസ്. ജയചന്ദ്രൻ നായർ, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. എ. കൗശിഗൻ, പ്രിൻസിപ്പൽ ട്രെയിനിങ് ഓഫിസർ ഡോ. ഹരികൃഷ്ണകുമാർ തുടങ്ങിയവർ പങ്കെടുത്തു.