കേരളം തരിശ് രഹിത സംസ്ഥാനമാകാനൊരുങ്ങുന്നു: മുഖ്യമന്ത്രി

Share

കേരളം തരിശ് രഹിത സംസ്ഥാനം എന്ന നിലയിലേക്ക് മെല്ലെ നീങ്ങുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലിൽ നടന്ന കേരള ഫുഡ് കോൺക്‌ളേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ വ്യാപകമായി തരിശ് ഭൂമിയിൽ കൃഷി ആരംഭിച്ചിട്ടുണ്ട്. പലയിടങ്ങളും തരിശ് രഹിത ഗ്രാമങ്ങളും ബ്‌ളോക്കുകളും മണ്ഡലങ്ങളുമായി. നെൽക്കൃഷിയിൽ അഭിവൃദ്ധി സാധ്യമായതായി മുഖ്യമന്ത്രി പറഞ്ഞു.
പച്ചക്കറി കൃഷി വ്യാപിപ്പിക്കുന്നതിന് ജനകീയ കാമ്പയിൽ തന്നെ നടന്നു. മട്ടുപ്പാവിലടക്കം കൃഷി ചെയ്യുന്ന രീതിയിലേക്ക് കേരളീയരെത്തി. പച്ചക്കറി ഉത്പാദനത്തിൽ സ്വയംപര്യാപ്തത എന്ന നിലയിലേക്ക് അടുത്തപ്പോഴാണ് മഹാപ്രളയവും തുടർന്നുള്ള വർഷത്തെ കനത്ത കാലവർഷവും ഉണ്ടായത്. അതിനു പിന്നാലെ കോവിഡും എത്തി. ഇത് കൃഷിയെ പ്രതികൂലമായി ബാധിച്ചു. ഭക്ഷ്യമേഖലയിൽ പുരോഗതിയുണ്ടാക്കുകയാണ് പ്രധാനം. അത്യുത്പാദന ശേഷിയുള്ള ഇനങ്ങൾ ഉപയോഗിക്കേണ്ടി വരും. പൊതുവിതരണ സംവിധാനത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് കാലത്ത് രാജ്യത്ത് പലയിടത്തും ജനങ്ങൾ ഭക്ഷണത്തിനായി ബുദ്ധിമുട്ടിയപ്പോൾ കേരളം മാതൃക കാട്ടി. കേരളത്തിൽ ആരും പട്ടിണി കിടക്കരുതെന്ന നിലപാടെടുത്തു. കേരളം തുടങ്ങിയ കമ്മ്യൂണിറ്റി കിച്ചനുകൾ വലിയ തോതിൽ ദേശീയ ശ്രദ്ധ ആകർഷിച്ചു. ജനകീയ ഭക്ഷണശാലയും മാതൃകയായതായി മുഖ്യമന്ത്രി പറഞ്ഞു. ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ അധ്യക്ഷത വഹിച്ചു.