കേന്ദ്ര സഹമന്ത്രി ശ്രീ രാജീവ് ചന്ദ്രശേഖറിന്റെ കേരള പര്യടനം തുടങ്ങി

Share

കേന്ദ്ര ഇലക്‌ട്രോണിക്‌സ്, വിവരസാങ്കേതിക, നൈപുണ്യ വികസന, സംരംഭകത്വ സഹമന്ത്രി ശ്രീ രാജീവ് ചന്ദ്രശേഖർ ഇന്ന് ഗുരുവായൂരിലും, മമ്മിയൂർ മഹാദേവ ക്ഷേത്രത്തിലും ദർശനം നടത്തിയാണ് കേരള സന്ദർശനം ആരംഭിച്ചത്.

കേന്ദ്രമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായാണ് ശ്രീ രാജീവ് ചന്ദ്രശേഖർ കേരളം സന്ദർശിക്കുന്നത്.  രാവിലെ കൊച്ചി വിമാനത്താവളത്തിൽ മന്ത്രിക്ക് ഊഷ്മള വരവേൽപ്പ് നൽകി.  പിന്നീട് തൃശൂർ പുറനാട്ടുകര രാമകൃഷ്ണ മഠത്തിലെത്തിയ മന്ത്രി, മഠാധിപതി സ്വാമി സദ്ഭവാനന്ദിനെ ആദരിച്ചു.

അടുത്തിടെ തൃശൂർ ചാവക്കാട് കുത്തേറ്റു മരിച്ച ബിജെപി പ്രവർത്തകൻ കൊപ്പര ബിജുവിന്റെ വീടും അദ്ദേഹം സന്ദർശിച്ചു. കുടുംബാംഗങ്ങളെ കണ്ട മന്ത്രി കുടുംബത്തിന് പിന്തുണ വാഗ്ദാനം ചെയ്തു.

പിന്നീട് അദ്ദേഹം സംസ്ഥാനത്തെ ഏക ഡിആർഡിഒ ലബോറട്ടറി ആയ – കൊച്ചിയിലെ നേവൽ ഫിസിക്കൽ ഓഷ്യാനോഗ്രഫിക് ലബോറട്ടറി (NPOL) സന്ദർശിച്ചു. അവിടെ ആസാദി കാ അമൃത് മഹോത്സവത്തിന്റെ സ്മരണയ്ക്കായി സംഘടിപ്പിച്ച ഒരു ഹ്രസ്വ ചടങ്ങിൽ അദ്ദേഹം അധ്യക്ഷത വഹിച്ചു.  ജലത്തിനടിയിലുള്ള നിരീക്ഷണ സംവിധാനങ്ങളുടെയും സാങ്കേതിക വിദ്യകളുടെയും മേഖലയിൽ എൻപിഒഎൽ നടത്തുന്ന ഗവേഷണ-വികസന പ്രവർത്തനങ്ങളെക്കുറിച്ച് ഡയറക്ടർ ശ്രീ വിജയൻ പിള്ള, മന്ത്രിയോട് വിശദീകരിച്ചു. അടുത്ത 20 വർഷത്തേക്കുള്ള എൻ‌പി‌ഒ‌എല്ലിന്റെ ഭാവി പദ്ധതികളെക്കുറിച്ചും ഇന്ത്യൻ നാവികസേനയ്‌ക്കായി ഏറ്റെടുത്തിരിക്കുന്ന വെല്ലുവിളി നിറഞ്ഞ സാങ്കേതിക  പദ്ധതികളെക്കുറിച്ചും എൻപിഓഎൽ ഡയറക്ടർ മന്ത്രിയെ ധരിപ്പിച്ചു.

ജലത്തിനടിയിൽ ഉള്ള സെൻസറുകളുടെയും അനുബന്ധ സംവിധാനങ്ങളുടെയും സൂക്ഷ്മമായ
നിരീക്ഷണത്തിനുള്ള ലോകത്തിലെ ഏറ്റവും വലിയ സൗകര്യങ്ങളിലൊന്നായ എൻപിഓഎൽ-ലെ അക്കൂസ്റ്റിക് ടാങ്ക് സൗകര്യവും മന്ത്രി സന്ദർശിച്ചു. അഡ്വാൻസ് സിഗ്നൽ സംവിധാനം വിലയിരുത്തുന്നതിന് ഓഷ്യാനോഗ്രാഫിക്, സോണാർ സിഗ്നൽ ഡാറ്റാബേസ് കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന, സോണാർ ഡിസൈൻ ആൻഡ് സിമുലേഷൻ സംവിധാനമായ ‘ദർപ്പൺ’ ശ്രീ രാജീവ് ചന്ദ്രശേഖർ സന്ദർശിച്ചു.

കേരളത്തിൽ നിന്നുള്ള ശ്രീ രാജീവ് ചന്ദ്രശേഖറിന്റെ തറവാട് തൃശൂർ ജില്ലയിലെ ദേശമംഗലത്തിനടുത്ത് കൊണ്ടയൂരിലാണ്. ഇന്ത്യയിലെ ടെലികോം വിപ്ലവത്തിന്റെ തുടക്കക്കാരിൽ ഒരാളാണ് അദ്ദേഹം.  കേരളത്തിലേക്ക് സെല്ലുലാർ വയർഫ്രീ സാങ്കേതികവിദ്യ ആദ്യമായി കൊണ്ടുവന്നത് അദ്ദേഹമാണ്. ഇത് ജനങ്ങൾക്ക്, പ്രത്യേകിച്ച് മത്സ്യത്തൊഴിലാളി സമൂഹത്തിന് പ്രയോജനകരമാണ്. കടലിൽ മത്സ്യത്തൊഴിലാളികളുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി ഏകോപിപ്പിക്കാനും, മത്സ്യത്തൊഴിലാളികൾക്ക് അവർ പിടിച്ച മത്സ്യത്തിന് മികച്ച വില ലഭിക്കുന്നതിന് അനുയോജ്യമായ വിപണികളുമായി ബന്ധപ്പെടാനും മൊബൈൽ ഫോണുകൾ സഹായിച്ചു.