കരിപ്പൂർ സ്വർണ്ണകടത്തിലെ സിപിഎം പങ്കാളിത്തം മറയ്ക്കാനും കൊവിഡ് മരണകണക്കിലെ കള്ളക്കളി അടക്കമുള്ള വിവാദങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുമാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനെ കൊടകര കവർച്ചാ കേസുമായി ബന്ധപ്പെടുത്താൻ ശ്രമിക്കുന്നതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. സിപിഎം നിയന്ത്രിക്കുന്ന ഗൂണ്ടാ സംഘങ്ങൾ നടത്തുന്ന കൊള്ളയും പിടിച്ചുപറിയും കണ്ടെത്താൻ കെ. സുരേന്ദ്രനെ ചോദ്യം ചെയ്യുന്നത് അപഹാസ്യമാണ്.
കരിപ്പൂരിൽ സ്വർണ്ണം തട്ടിയെടുത്തതും കൊടകരയിൽ മോഷണം നടത്തിയതും സിപിഎം പാലൂട്ടി വളർത്തുന്ന ക്രിമിനൽ മാഫിയാ സംഘങ്ങളാണ്. ഇക്കാര്യം പുറത്ത് വന്നതിന്‍റെ ജാള്യത മറക്കാനാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷനെ കേസിലേക്ക് വലിച്ചിഴക്കുന്നത്. ദേശീയ പാതയിലെ മോഷണവും ബിജെപിയുമായി എന്ത് ബന്ധമാണെന്ന് കേരളാ പോലീസ് പറയണം.
കേന്ദ്ര ഏജൻസികൾ വേട്ടയാടുന്നുവെന്ന് ആരോപണം ഉയർത്തിയ സിപിഎം ആണ് യഥാർത്ഥത്തിൽ സംസ്ഥാന സർക്കാരിന് കീഴിലുള്ള അന്വേഷണ ഏജൻസിയെ രാഷ്ട്രീയ പക പോക്കലിന് ഉപയോഗിക്കുന്നത്. ആയിരകണക്കിന് കോടികളുടെ മരം മുറിച്ച് കടത്തിയ കേസിലെ പ്രതികൾ നാട്ടിൽ സ്വൈര്യവിഹാരം നടത്തുമ്പോഴും ചെറുവിരൽ അനക്കാൻ സംസ്ഥാന പോലീസിന് കഴിഞ്ഞിട്ടില്ല. വനം കൊള്ളക്കാരെ തൊടാൻ ധൈര്യമില്ലാതെ പിണറായിയുടെ എറാൻ മൂളികളായിരിക്കുകയാണ് സംസ്ഥാന പോലീസ് .
കരിപ്പൂർ സ്വർണ്ണക്കടത്ത് അന്വേഷണം കണ്ണൂരിലെ സിപിഎം പാർട്ടി ഓഫീസുകളിലേക്ക് എത്തുന്നതിന്‍റെ വെപ്രാളമാണ് ഇപ്പോൾ കാണാൻ കഴിയുന്നത്. സിപിഎമ്മും സർക്കാരും പ്രതിക്കൂട്ടിലാകുമ്പോൾ വിവാദ വിഷയങ്ങളിൽ നിന്ന് ജനശ്രദ്ധ മാറ്റാനുള്ള തരംതാണ കുതന്ത്രം വിലപോകില്ലെന്ന് സിപിഎം മനസ്സിലാക്കണമെന്നും മന്ത്രി പ്രസ്താവനയിൽ പറഞ്ഞു.