നവംബർ ഒന്നുമുതൽ പാലക്കാട് – തൃശൂർ റൂട്ടിൽ കെ.എസ്.ആർ.ടി.സി പുതിയ ബോണ്ട് സർവ്വീസ് ആരംഭിക്കുന്നു. പാലക്കാട് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്നും തൃശൂർ സ്റ്റാൻ്റ് വരെയാണ് സർവ്വീസുണ്ടായിരിക്കുക. രാവിലെ 8.20 ന് പാലക്കാട് നിന്നും പുറപ്പെട്ട് വൈകിട്ട് 5.20 ന് തൃശൂരിൽ നിന്നും തിരിച്ചു വരുന്ന രീതിയിലാണ് സർവ്വീസ് ക്രമീകരിച്ചിരിക്കുന്നത്. ഈ റൂട്ടിൽ സ്ഥിരമായി യാത്ര ചെയ്യേണ്ട ആർക്കും മുൻകൂട്ടി ബുക്ക് ചെയ്ത് ബോണ്ട് സർവ്വീസ് പ്രയോജനപ്പെടുത്താം. നിലവിൽ ഈ റൂട്ടിലേയ്ക്ക് ഏതാനും സീറ്റുകൾ കൂടി ഒഴിവുണ്ട്. ബുക്കിംഗിനായി 8943489389 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ജില്ലയിൽ കെ.എസ്.ആർ.ടി.സി അഞ്ച് ബോണ്ട് സർവ്വീസുകൾ നടത്തുന്നുണ്ട്. പാലക്കാട് – എലവഞ്ചേരി, പാലക്കാട് – മണ്ണുത്തി കാർഷിക സർവ്വകലാശാല എന്നിവിടങ്ങളിലേയ്ക്കും പാലക്കാട് – കോയമ്പത്തൂർ റൂട്ടിൽ മൂന്ന് ബോണ്ട് സർവ്വീസുകളുമാണ് നടത്തുന്നത്. കോവിഡ് 19 നെത്തുടർന്നുണ്ടായ ലോക്ഡൗണിൻ്റെ പശ്ചാത്തലത്തിലാണ് ജില്ലയിൽ കെ.എസ്.ആർ.ടി.സി ബോണ്ട് സർവ്വീസുകൾ ആരംഭിച്ചത്. സാധാരണ സർവ്വീസുകളെ അപേക്ഷിച്ച് കൂടുതൽ സൗകര്യപ്രദം എന്ന നിലയിൽ ബോണ്ട് സർവ്വീസിന് ആവശ്യക്കാരുണ്ടെന്നും ആവശ്യക്കാർ കൂടുതലുള്ള റൂട്ടുകളിൽ സർവ്വീസ് നടത്താൻ കെ.എസ്.ആർ.ടി.സി സജ്ജമാണെന്നും ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ ടി.എ. ഉബൈദ് അറിയിച്ചു.