കെഎസ്ആർടിസി ടെർമിനൽ കരാറിൽ വൻ അഴിമതി

Share


കോഴിക്കോട്: കെഎസ്ആർടിസി സമുച്ചയം 30 വർഷത്തേക്ക് സ്വകാര്യ സ്ഥാപനമായ ആലിഫ് ബിൽഡേഴ്സിന് നടത്തിപ്പിന് കൊടുത്തതിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്ന് ബിജെപി ജില്ലാ പ്രസിഡൻറ് അഡ്വ.വി.കെ.സജീവൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.സ്ക്വയർ ഫീറ്റിന്150 രുപ വരെ വാടക നിലനിൽക്കുന്ന നഗരത്തിലെ കണ്ണായ സ്ഥലത്ത് പണിത പ്രധാന ബിൽഡിംഗിൽ ചതുരശ്ര അടിക്ക് 10 രൂപ നിരക്കിൽ അതും 30 വർഷത്തേക്ക് ഒരുശതമാനം പോലും വർദ്ധനവില്ലാതെ നടത്തിപ്പിന് കരാർ കൊടുക്കുമ്പോൾ സർക്കാരിന് ഭീമമായ നഷ്ടമാണ് ഉണ്ടാകുന്നത്.മിനിമം 1500 കോടിയുടെ അഴിമതി ഈ ഇടപാടിൽ നടന്നിട്ടുണ്ട്.ആരുടെയൊക്കെ പോക്കറ്റിലേക്കാണ് പണം പോയിരിക്കുന്നത്,ആരുടെയൊക്കെ മക്കൾക്കാണ് 30 വർഷത്തെ ഈ ബിസിനസ്സിൽ ഷെയർ കിട്ടിയിരിക്കുന്നത് എന്നു മാത്രമേ അറിയാനുളളൂ.കെ.ടിഡിഎഫ്സിക്ക് 30 കൊല്ലം കൊണ്ട് 257 കോടി മാത്രമാണ് ലഭിക്കാൻ പോകുന്നത്.അതേസമയം ആലിഫ് ബിൽഡേഴ്സിന് വാടകക്കാരിൽ നിന്നുളള അഞ്ച് ശതമാനം വാടക വർദ്ധനവ് കൂടി കണക്കിലെടുത്താൽ 3000 കോടിയോളം വരുമാനമുണ്ടാകും.പണി പൂർത്തിയാക്കിയ ഒരു സ്ഥാപനം നടത്തിപ്പിന് മാത്രമായി ഇങ്ങനെ കൈമാറേണ്ട കാര്യമില്ല.അതുകൊണ്ട് കരാർ റദ്ദാക്കി സർക്കാർ ഓപ്പൺ ടെൻഡർ വിളിക്കണമെന്നും സജീവൻ ആവശ്യപ്പെട്ടു.ഈ ആവശ്യമുന്നയിച്ച് യുവമോർച്ച ജൂലൈ 22ന് കെഎസ്ആർടിസി വളയൽ സമരം നടത്തുമെന്നും അറിയിച്ചു.


കോഴിക്കോട് റെയിൽവേ സ്റ്റേഷൻ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്താൻ റെയിൽവേ ഭൂമിയിൽ ബിഒടി വ്യവസ്ഥയിൽ സമുച്ചയം പണിത് യാത്രക്കാർക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കുന്ന പദ്ധതിയെ തുരങ്കം വെച്ചവരാണ് വിചിത്രമായ കെഎസ്ആർടിസിയുടെ ബിഒടി ടെർമിലൻ ഇടപാട് നടത്തിയിരിക്കുന്നത്.

അവിടെ റെയിൽവേ നിർദ്ദേശിക്കുന്ന തരത്തിലുളള സമുച്ചയം നിർമ്മിച്ച് റെയിർവേയെ ഷെയർകൂട്ടി ഒപ്പറേറ്റ് ചെയ്തതിന്ശേഷം നിശ്ചിത വർഷം കഴിയുമ്പോൾ സർക്കാരിന് കൈമാറാനായിരുന്നു പദ്ധതി ഉണ്ടായിരുന്നതെങ്കിൽ ഇവിടെ സർക്കാർ സ്ഥാപനമായ കെടിഡിഎഫ്സി മുതൽമുടക്കി സമുച്ചയം പണിത് സ്വകാര്യ കമ്പനിക്ക് നഷ്ടത്തിന് കൈമാറുകയാണ്. ഇതിൽ തുടക്കം മുതൽ ദുരൂഹത നിറഞ്ഞു നിൽക്കുകയാണെന്നും സജീവൻ കുട്ടിച്ചേർത്തു.മാരാർജി ഭവനിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ബിജെപി ജില്ലാ ഉപാദ്ധ്യക്ഷൻ ബി.കെ.പ്രേമൻ,ജില്ലാ സെക്രട്ടറി ഇ.പ്രശാന്ത് കുമാർ,യുവമോർച്ച ജില്ലാ പ്രസിഡൻറ് ടി.റെനീഷ് എന്നിവരും സന്നിഹിതരായിരുന്നു.