ആലപ്പുഴ: കുട്ടനാട്ടിലെ വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി കൃഷിമന്ത്രി പി പ്രസാദ്, ഫിഷറീസ് മന്ത്രി സജി ചെറിയാൻ, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ എന്നിവർ അടുത്തമാസം കുട്ടനാട് സന്ദർശിക്കും. മന്ത്രിമാർ കർഷകരേയും കർഷക തൊഴിലാളികളേയും സന്ദർശിക്കും. കുട്ടനാട്ടിലെ വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യനായി പി പ്രസാദ് ചേംബറിൽ വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം.
കൂടാതെ കൃഷി, ഫിഷറീസ്, ജലവിഭവം, റവന്യൂ, സിവിൽ സപ്ലൈസ്, വൈദ്യുതി എന്നീ വകുപ്പ് മന്ത്രിമാരുടെ യോഗവും ചേരും. കുട്ടനാട്ടിലെ കര്‍ഷകരേയും കർഷക തൊഴിലാളികളേയും സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്ന് മന്ത്രി പി പ്രസാദ് യോഗത്തിൽ പറഞ്ഞു. പമ്പിംഗ് സബ്സിഡി നേരിട്ട് ബാങ്ക് അക്കൗണ്ട് വഴി നൽകുവാനും ആലോചനയുണ്ട്.
പ്രകൃതിക്ഷോഭത്താൽ കൃഷിനാശം സംഭവിച്ചാൽ അടുത്ത കൃഷി തുടങ്ങാൻ ധനസഹായം നൽകുന്നതും ആലോചനയിലുണ്ട്. അപേക്ഷ ലഭിച്ച് ഒരുമാസത്തിനകം നടപടികൾ പൂർത്തീകരിക്കും. തകഴി റൈസ് മില്ലിന്റെ പ്രവർത്തനം ഗൗരവതരമായാണ് കാണുന്നതെന്നും അവിടം സന്ദർശിച്ച് പ്രശ്നപരിഹാരം ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. പെട്ടിക്കും പറയ്ക്കും പകരം വെർട്ടിക്കല്‍ ആക്സില്‍ പമ്പ് സെറ്റുകൾ സ്ഥാപിക്കും. 44 ഓരുമുട്ടുകൾ ഉടൻ സ്ഥാപിക്കുകയും മോട്ടോർതറകൾ ബലപ്പെടുത്തുകയും ചെയ്യും. വരിനെല്ലിന്റെ പ്രശ്നത്തിൽ ശാശ്വത പരിഹാരം ഉണ്ടാകുമെന്നും കൊയ്ത്ത് യന്ത്ര പ്രശ്നം പരിഹരിക്കാന്‍ ഇടപെട്ടിട്ടുണ്ടെന്നും കൂടുതല്‍ യന്ത്രങ്ങള്‍ എത്തിക്കാനുള്ള ശ്രമത്തിലാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
യോഗത്തില്‍ തോമസ് കെ തോമസ് എംഎല്‍എ, പഞ്ചായത്ത് പ്രസിഡന്റുമാര്‍, കൃഷി ഓഫീസര്‍മാര്‍, പുഞ്ച സ്പെഷ്യല്‍ ഓഫീസര്‍, നെല്ല് ഗവേഷണ ഉദ്യോഗസ്ഥര്‍ , കെ എൽ ഡി സി , സോയിൽ , അഗ്രി എൻജിനീയറിങ് , മേജർ , മൈനർ ഇറിഗേഷൻ ഉദ്യോഗസ്ഥർ തുടങ്ങിയവര്‍ പങ്കെടുത്തു.