കാർഷിക ഗവേഷകർ കർഷകനെയും കൃഷിഭൂമിയെയും പാഠപുസ്തകമാക്കണം: കൃഷിമന്ത്രി പി. പ്രസാദ്

Share

കാർഷിക മേഖലയിലെ ഗവേഷകരും വിദ്യാർത്ഥികളും അതുപോലെ ഉദ്യോഗസ്ഥരും കർഷകനെയും കൃഷി ഭൂമിയേയും പാഠപുസ്തകമാക്ക ണമെന്ന് കൃഷിമന്ത്രിപി.പ്രസാദ് അഭിപ്രായപ്പെട്ടു. വെള്ളായണി കാർഷിക കോളേജിൽ വച്ചുനടന്ന ഡോ.എൻ.പി.കുമാരി സുഷമ അനുസ്മരണ പുരസ്കാര ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവളം എം എൽ എ എം.വിൻസെന്റി ന്റെഅധ്യക്ഷതയിലായിരുന്നു ചടങ്ങ് സംഘടിപ്പിക്കപ്പെട്ടത്.

കാർഷിക കോളേജ് വിജ്ഞാന വ്യാപന വിഭാഗം അധ്യാപികയായിരുന്ന ഡോ.കുമാരി സുഷമയുടെ സ്മരണാർത്ഥമാണ് എല്ലാ വർഷവും മികച്ച വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാന ചടങ്ങ് വെള്ളായണി കാർഷിക കോളേജ് നടത്തിവരുന്നത്.

ആദിവാസി ജനതയുടെ ഉന്നമനത്തിനായി ധാരാളം പ്രവർത്തിച്ചിട്ടുള്ള സുഷമ ടീച്ചറുടെ പ്രവർത്തനങ്ങൾ ഇന്നത്തെ തലമുറയിലെ വിദ്യാർത്ഥികൾ മാതൃകയാക്കേണ്ടതാണെ ന്ന് മന്ത്രി സൂചിപ്പിച്ചു. ഔദ്യോഗിക ജീവിതത്തിന് ഉപരിയായി കാർഷികമേഖലയ്ക്ക് ഗുണപ്രദമാകുന്ന ഗവേഷണപ്രവർത്തനങ്ങൾ സ്വയം ഏറ്റെടുത്തു നടപ്പിലാക്കിയ അധ്യാപികയാണ് സുഷമ ടീച്ചർ. കർഷകരെ പങ്കാളികളാക്കി കൊണ്ടാകണം കാർഷിക മേഖലയിലെ പദ്ധതികൾ രൂപീകരിക്കേണ്ടത്. എന്നാൽ മാത്രമേ കർഷക സൗഹാർദ്ദപരമായ പദ്ധതികൾ നടപ്പിലാക്കുവാൻ സാധിക്കുകയുള്ളൂ.

കൃഷി എന്നത് കർഷകർക്ക് ജീവൻ നിലനിർത്താനുള്ള ആനുകൂല്യം ലഭ്യമാക്കുന്ന പ്രവർത്തി അല്ല മറിച്ച് കർഷകന് അന്തസായ ജീവിതം നയിക്കുവാൻ ഉള്ളതാകണം. ഇതിന് ആവശ്യമായ സജ്ജീകരണങ്ങൾ ഏർപ്പെടുത്തുക എന്നത് ഏതൊരു സർക്കാരിന്റെ യും സമൂഹത്തിന്റെയും കർത്തവ്യമാണെന്നും മന്ത്രി വ്യക്തമാക്കി. ശാസ്ത്രീയമായ രീതിയിൽ ജൈവകൃഷി പദ്ധതി ഏറ്റെടുത്തു നടപ്പിലാക്കാനാണ് കൃഷിവകുപ്പ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

പ്രതികൂല കാലാവസ്ഥയെ അതിജീവിക്കുന്നതിനുള്ള കാർഷികവിളകൾ സംസ്ഥാനത്തിന് അത്യാവശ്യമാണെന്നും കാർഷിക ഗവേഷണ പ്രവർത്തനങ്ങൾ അതിനുള്ള പ്രതീക്ഷ കർഷകനു നൽകുന്നതായിരിക്കണമെന്നും അധ്യക്ഷ പ്രസംഗം നടത്തിയ എംഎൽഎ എം. വിൻസെന്റ് സൂചിപ്പിച്ചു.

കാർഷിക കോളേജിലെ ഓൺലൈൻ ട്രെയിനിങ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച ട്രെയിനിങ് സർവീസ് പദ്ധതിയുടെയും ട്രൈബൽ വികസന പദ്ധതിയുടെയും ഉദ്ഘാടനം തദവസരത്തിൽ മന്ത്രി നിർവഹിച്ചു. കാർഷിക വിജ്ഞാനം കൈക്കുമ്പിളിലൂടെ എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ കോപ്പി മികച്ച കർഷകനായ വാസുവിന് നൽകി കൃഷി മന്ത്രി പ്രകാശനം നിർവഹിച്ചു. മികച്ച കർഷകനായി തിരഞ്ഞെടുത്ത ബാബുവിനെ മന്ത്രി ചടങ്ങിൽ ആദരിക്കുകയും ചെയ്തു.

ചടങ്ങിൽ കാർഷിക സർവകലാശാല രജിസ്ട്രാർ ഡോ. സക്കീർ ഹുസൈൻ ,വെള്ളായണി കാർഷിക കോളേജ് ഡീൻ ഡോ. അനിൽ കുമാർ , കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ചന്തു കൃഷ്ണ , കാർഷിക കോളേജ് ജനറൽ കൗൺസിൽ അംഗങ്ങളായ ഡോ. തോമസ് ജോർജ്, ഡോ. റോയ് സ്റ്റീഫൻ, ദീപു, വിജ്ഞാന വ്യാപന വിഭാഗം മേധാവി ഡോ. സീമ,ഡോ. സി. ഭാസ്കരൻ, ട്രെയിനിംഗ് സർവ്വീസ് സ്കീം മേധാവി ഡോ. ശ്രീദയ എന്നിവർ പങ്കെടുത്തു.