കായിക ടൂറിസം പ്രോത്സാഹിപ്പിക്കും: മന്ത്രി റോഷി അഗസ്റ്റിന്‍

Share

ഇടുക്കി: ജില്ലയുടെ കായിക ടൂറിസം വികസനത്തിനുതകുന്ന പദ്ധതികള്‍ ജില്ലയില്‍ നടപ്പിലാക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍.

ഡാം ടു ഡാം റണ്‍- ഹാഫ് മാരത്തണിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  സ്പോര്‍ട്സ് ടൂറിസം പ്രോത്സാഹിപ്പിച്ചു കായിക രംഗത്ത് ഉണര്‍വ് നല്‍കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

ഇടുക്കിയുടെ വികസന സങ്കല്പത്തിന്റെ പ്രധാനപ്പെട്ട ഒന്നായ ഇടുക്കി പാക്കേജിന്റെ പദ്ധതി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. അതുടനുബന്ധിച്ചു വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ മികച്ച പദ്ധതി ആസൂത്രണത്തിനാണ് ശ്രദ്ധ നല്‍കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സമാപന പരിപാടിയില്‍ ഡീന്‍ കുര്യാക്കോസ് എംപി അധ്യക്ഷത വഹിച്ചു.

സ്പോട്സ് ടൂറിസത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ പോലീസിന്റെയും ഡിടിപിസിയുടെയും  വിവിധ ഏജന്‍സികളുടെയും സഹകരണത്തോടെയാണ്  ഇടുക്കിയില്‍  ഹാഫ് മാരത്തണ്‍- ഡാം ടു ഡാം റണ്‍- സംഘടിപ്പിച്ചത്.  ഏഴ് മണിക്ക് കുളമാവ് ഡാം പരിസരത്ത് നിന്ന് ആരംഭിച്ച മാരത്തണ്‍ ചെറുതോണി ഡാം പരിസരതാണ് സമാപിച്ചത്. ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് മാരത്തണ്‍ ഫ്ളാഗ് ഓഫ് ചെയ്തു.

കുളമാവ് ഡാമില്‍ നിന്നും 7 മണിക്ക് മന്ത്രി റോഷി അഗസ്റ്റിന്‍, ജില്ലാ പോലീസ് മേധാവി ആര്‍ കറുപ്പസാമി, ജില്ലാ വികസന കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, എന്നിവരുടെ നേതൃത്വത്തില്‍ മാരത്തണ്‍ ആരംഭിച്ചു.

ജില്ലാ വികസന കമ്മീഷണര്‍ ഹാഫ് മാരത്തണില്‍ മുഴുനീള പങ്കാളിയായി. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്നും രജിസ്റ്റര്‍ ചെയ്ത് 150 പേരാണ് പങ്കെടുത്തത്.  കോതമംഗലം എംഎ കോളേജില്‍ പഠിക്കുന്ന  ദേവരാജ്  ഒന്നാമതായും  രണ്ടാമതായി ഇതേ കോളേജിലെ മറ്റൊരു വിദ്യാര്‍ത്ഥിയായ ഷെറിനും  എത്തി. ജില്ലാ വികസന കമ്മീഷണറേറ്റ്, ജില്ലാ സ്പോട്സ് കൗണ്‍സില്‍, കെസ്ട്രല്‍ അഡ്വഞ്ചേഴ്സ്, മൂന്നാര്‍ മാരത്തണ്‍ എന്നിവരാണ് മാരത്തണിന്റെ മറ്റ് പങ്കാളികള്‍.