കാഞ്ഞിരപ്പള്ളി: ധനിക കുടുംബത്തിൽ ഇരട്ടക്കൊല 

Share

കോട്ടയം: കാഞ്ഞിരപ്പള്ളി മണ്ണാറക്കയത്ത് സഹോദരന്മാർ തമ്മിലുള്ള തർക്കത്തെതുടർന്ന് വ്യവസായിയും അമ്മാവനും  വെടിയേറ്റ് മരിച്ചു. കാഞ്ഞിരപ്പള്ളി മണ്ണാറക്കയം കരിമ്പനാൽ രഞ്ജു കുര്യനാണ് (50) സഹോദരന്‍റെ വെടിയേറ്റ് മരിച്ചത്. ഇയാളുടെ അമ്മാവൻ തലയ്ക്ക് വെടിയേറ്റ  മാത്യു സ്കറിയ ചൊവ്വ പുലർച്ചെ  കോട്ടയം മെഡിക്കൽ കൊളെജ് ആശുപത്രിയിൽ മരിച്ചു. വെടിവച്ച പ്രതി ജോർജ് കുര്യനെ (പാപ്പൻ 55 ) കാഞ്ഞിരപ്പള്ളി പൊലീസ് കസ്റ്റഡിയിൽ എടുത്തു. സ്ഥലം വിൽപനയെ ചൊല്ലിയുണ്ടായ തർക്കമാണ് വെടിവെപ്പിൽ കലാശിച്ചത്. തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം.

kola
രഞ്ജുവും മാത്യുവും 

കൊച്ചിയിൽ ഫ്ലാറ്റ് നിർമാതാവായ ജോർജ് കുര്യൻ  കുടുംബ ഉടമസ്ഥതയിലുള്ള സ്ഥലം കഴിഞ്ഞ ദിവസം വിൽപ്പന നടത്തിയിരുന്നു. ഊട്ടിയിൽ വ്യവസായിയായ സഹോദരൻ രഞ്ജു ഇതിനെപ്പറ്റി ചോദിക്കുന്നതിനായാണ് തിങ്കളാഴ്ച കാഞ്ഞിരപ്പള്ളിയിലെ വീട്ടിലെത്തിയത്.തറവാട്ടുവീട്ടിൽ ഇത് സംബന്ധിച്ച ചർച്ചകൾ നടക്കുന്നതിനിടെ രഞ്ജുവും ജോർജും തമ്മിൽ വാക്കേറ്റം ഉണ്ടായി. തുടർന്ന് ജോർജ് തന്‍റെ കയ്യിലുണ്ടായിരുന്ന റിവോൾവർ എടുത്ത് വെടിയുതിർത്തു. തലയ്ക്ക് വെടിയേറ്റ രഞ്ജു തൽക്ഷണം മരിച്ചു. ഇത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതിയുടെയും കൊല്ലപ്പെട്ടയാളുടെയും അമ്മാവനായ മാത്യു സ്കറിയയുടെ തലയ്ക്ക് വെടിയേറ്റത്.

രഞ്ജുവിന്‍റെ മൃതദേഹം കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വിവരമറിഞ്ഞെത്തിയ കാഞ്ഞിരപ്പള്ളി പൊലീസ് ജോർജിനെ കസ്റ്റഡിയിലെടുത്തു. കൊലപാതകം നടത്തണമെന്ന ഉദേശത്തോടെ കരുതിക്കൂട്ടി തന്നെയാണ് ഇയാൾ സ്ഥലത്ത് തോക്കുമായി എത്തിയതെന്നാണ് പൊലീസിന്‍റെ നിഗമനം. ലൈസൻസുള്ള റിവോൾവർ ഉപയോഗിച്ചാണ് ജോർജ് വെടിവച്ചതെന്നും ഇയാളെ വിശദമായി ചോദ്യം ചെയ്യുമെന്നും കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി പറഞ്ഞു.