കര്‍ഷക പോരാട്ടത്തിന്റെ മണ്ണായ മോറാഴയില്‍ നിന്നും ഉയര്‍ന്ന എം വി ഗോവിന്ദന്‍ കേരള മന്ത്രിസഭയിലേക്ക്

Share

സാമ്രാജ്യത്വ ശക്തികള്‍ക്കെതിരായ കര്‍ഷക പോരാട്ടത്തിന്റെ മണ്ണായ മോറാഴയില്‍ നിന്നും സിപിഐ എംകേന്ദ്രകമ്മറ്റിയിലേക്ക് ഉയര്‍ന്ന എം വി ഗോവിന്ദന്‍ കേരള മന്ത്രിസഭയിലേക്ക് എത്തുമ്പോള്‍ അരനൂറ്റാണ്ട് കാലത്തെ തെളിമയാര്‍ന്ന പൊതുപ്രവര്‍ത്തനത്തിലെ അനുഭവസമ്പത്താണ് മുതല്‍കൂട്ടാവുന്നത്. വളരെ ചെറുപ്പത്തില്‍ ബാലസംഘം പ്രവര്‍ത്തകനായും ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ ഭാഗമായും തന്നിലെ പൊതുപ്രവര്‍ത്തകനെ അദ്ദേഹം അടയാളപ്പെടുത്തി.

കെ എസ് എഫിന്റെ പ്രവര്‍ത്തകനും കണ്ണൂര്‍ ജില്ലാ യുവജന ഫെഡറേഷന്‍ ഭാരവാഹിയായിരുന്നു. കെ എസ് വൈ എഫ് രൂപീകരിച്ചപ്പോള്‍ നേതൃത്വത്തിലേക്ക് ഉയര്‍ന്നു. ഡി വൈ എഫ് ഐയുടെ സ്ഥാപക നേതാക്കളില്‍ ഒരാളാണ്. അഖിലേന്ത്യാ പ്രിപ്പറേറ്ററി കമ്മറ്റി അംഗവും കേന്ദ്ര കമ്മറ്റി അംഗവുമായിരുന്നു. ഡി വൈ എഫ് ഐയുടെ സംസ്ഥാന സെക്രട്ടറിയായും പ്രസിഡന്റായും പ്രവർത്തിച്ചു.

അടിയന്തരാവസ്ഥയ്‌ക്കെതിരായ പ്രക്ഷോഭങ്ങളില്‍ ഉരുകിതെളിഞ്ഞ കമ്യൂണിസ്റ്റാണ്‌. കൊടിയ പൊലീസ് മര്‍ദ്ദനത്തിനിരയായി. നാല് മാസം ജയിലിലുമായി. നേരത്തെ പത്തുവര്‍ഷം എം എല്‍ എയായി പാര്‍ലമെന്ററി രംഗത്ത് കഴിവ് തെളിയിച്ചിട്ടുണ്ട്. തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തില്‍ നിന്ന് തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കിയാണ് പതിനഞ്ചാം കേരള നിയമസഭയിലേക്ക് എത്തിയത്. 1969ല്‍ പാര്‍ടി അംഗമായി.

1980കളുടെ ആദ്യപകുതിയില്‍ അവിഭക്ത കണ്ണൂര്‍ ജില്ലയിലെ കാസര്‍കോട്‌ താലൂക്ക് സെക്രട്ടറിയായ അദ്ദേഹം ഉത്തരമലബാറിന് ചുവപ്പൻ അടിത്തറയുണ്ടാക്കി. 2002ല്‍ സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി. എറണാകുളം ജില്ലാ സെക്രട്ടറിയായി ജില്ലയിലെ പാർട്ടിയെ ഒറ്റക്കെട്ടാക്കി ശക്തിപ്പെടുത്തി. 2006ല്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റിലും 2018ല്‍ പാര്‍ടി കേന്ദ്രകമ്മറ്റിയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. ദീര്‍ഘകാലം സിപിഐ എം കണ്ണൂര്‍ ജില്ലാ റെഡ് വളണ്ടിയര്‍ സേനയുടെ ക്യാപ്റ്റനുമായിരുന്നു അറുപത്തേഴുകാരനായ എം വി ഗോവിന്ദൻ.

തളിപ്പറമ്പ്‌ പരിയാരം ഇരിങ്ങൽ യുപി സ്കൂളിൽ കായികാധ്യാപകനായിരിക്കേ രാഷ്ട്രീയരംഗത്ത് സജീവമായതോടെ ജോലിയിൽ നിന്ന് സ്വയം വിരമിച്ചു. 1986ൽ മോസ്‌കോ ലോക യുവജന സമ്മേളനത്തിൽ പങ്കെടുത്തിരുന്നു.

കേരള സ്‌റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന്റെ സംസ്ഥാന പ്രസിഡന്റായ എം വി ഗോവിന്ദൻ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗത്തിന് വേണ്ടി നിരന്തരം ശബ്ദമുയര്‍ത്തി. നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കുവാനുള്ള പരിസ്ഥിതി സംരക്ഷണ പ്രസ്ഥാനത്തിലൂടെ കര്‍ഷക തൊഴിലാളി പ്രസ്ഥാനത്തെ മുന്നില്‍ നിന്ന് നയിച്ചു. ആള്‍ ഇന്ത്യ അഗ്രികള്‍ച്ചറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ദേശീയ വൈസ് പ്രസിഡന്റുമാണ്. സിപിഐ എംന്റെ ത്വാത്വിക പ്രചാരകനും ഇ എം എസ് അക്കാദമിയുടെ ചുമതലക്കാരനുമാണ്‌.

മാര്‍ക്‌സിസ്റ്റ് സംവാദത്തിന്റെ എഡിറ്ററും ദേശാഭിമാനി ചീഫ് എഡിറ്ററുമായിരുന്നു. കര്‍ഷക തൊഴിലാളി മാസികയുടെ ചീഫ് എഡിറ്ററാണ്‌.വൈരുദ്ധ്യാത്മക ഭൗതികവാദം ഇന്ത്യൻ ദർശനത്തിൽ, സ്വത്വരാഷ്ട്രീയത്തെ പറ്റി, ചൈനീസ് ഡയറി, യുവജനപ്രസ്ഥാനത്തിന്റെ ചരിത്രം, ആശയ സമരങ്ങളുടെ പശ്ചാത്തലത്തിൽ, കർഷക തൊഴിലാളി യൂണിയൻ ചരിത്രവും വർത്തമാനവും, കാടുകയറുന്ന ഇന്ത്യൻ മാവോവാദം എന്നീ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.

കണ്ണൂര്‍ ജില്ലയിലെ മൊറാഴയിലെ പരേതരായ കെ കുഞ്ഞമ്പുവിന്റെയും എം വി മാധവിയമ്മയുടെയും മകനാണ്‌. അധ്യാപക ജോലി ഉപേക്ഷിച്ചാണ് രാഷ്ട്രീയത്തില്‍ സജീവമായത്. സിപിഐ എം കണ്ണൂര്‍ ജില്ലാ കമ്മറ്റി അംഗമായ ഭാര്യ പി കെ ശ്യാമളയും മക്കളായ ശ്യാംജിത്തും രംഗീതും മരുമകള്‍ സിനിയും പേരക്കുട്ടി വിഥാര്‍ത്ഥും ഉള്‍പ്പെടുന്നതാണ് എം വി ഗോവിന്ദന്റെ കുടുംബം.