തിരുവനന്തപുരം: അല്ലെങ്കില്‍ തന്നെ ബസുകളുടെ മരണപ്പാച്ചില്‍ മൂലം വഴിയാത്രക്കാര്‍ ഭയന്നു മാറുകയാണ്. അതിനിടെ സംസ്ഥാനത്ത് കെ.എസ.്ആര്‍.ടി.സി ബസുകളുടെയും സ്വകാര്യ ബസുകളുടെയും പരമാവധി വേഗം 60 കിലോമീറ്ററില്‍ നിന്ന് 70 ആക്കി ഉയര്‍ത്താന്‍ ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. വേഗം പോരെന്ന് ബസ്യാത്രക്കാര് പറഞ്ഞുവെന്നാണ്മന്ത്രി പറയുന്നത്. ഭാഗ്യവശാല്‍, ജംക്ഷനുകളിലും സ്കൂളിനു മുന്നിലും മറ്റും വേഗ നിയന്ത്രണം പഴയതു പോലെ തുടരുമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്. സ്പീഡ് ഗവര്‍ണറിലും വേഗപരിധി 70 ആക്കി ഉയര്‍ത്തും. റോഡിലെ പരമാവധി വേഗം സംബന്ധിച്ച് തൂക്കിയിടാവുന്ന എല്‍.ഇ.ഡി. ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനും റോഡ് സുരക്ഷാ അതോറിറ്റിക്കു നിര്‍ദേശം നല്‍കും. ഓരോ ഭാഗത്തുമുള്ള വേഗം സംബന്ധിച്ച വിവരം ഈ ബോര്‍ഡുകളില്‍ തെളിയും. പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ പ്രവര്‍ത്തനക്ഷമമാകുന്നതോടെ മറ്റു വാഹനങ്ങളുടെ അമിത വേഗം നിയന്ത്രിക്കാനാവുമെന്നും യോഗം വിലയിരുത്തി.