ജില്ലയില്‍ ശക്തമായി പെയ്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഒറ്റപ്പെട്ടു പോയ കുടുംബങ്ങളെയെല്ലാം രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനത്തെത്തിക്കാന്‍ കഴിഞ്ഞതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മല്ലപ്പള്ളിയില്‍ വെള്ളം കയറിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഡാമുകളിലേക്ക് വരുന്ന വെള്ളത്തിന്റെ തോതില്‍ കുറവു വന്നിട്ടുണ്ട്. അമിത ആശങ്കയുടെ ആവശ്യമില്ല, എങ്കിലും അതീവ ജാഗ്രത എല്ലാവരും പാലിക്കണം. എല്ലാ വകുപ്പുകളും ഒത്തുചേര്‍ന്ന് മികച്ച പ്രവര്‍ത്തനമാണ് ജില്ലയില്‍ നടത്തിവരുന്നതെന്നും മന്ത്രി പറഞ്ഞു. മല്ലപ്പള്ളി താലൂക്ക് ഓഫീസില്‍ യോഗം ചേര്‍ന്നു സ്ഥിതി വിലയിരുത്തി. മല്ലപ്പള്ളി ടൗണ്‍, മല്ലപ്പള്ളി വലിയ പാലം, മല്ലപ്പള്ളി സെന്റ് മേരീസ് എല്‍പിഎസ്, വെള്ളം കയറിയ സ്ഥലങ്ങള്‍ എന്നിവിടങ്ങള്‍ മന്ത്രി സന്ദര്‍ശിച്ചു.
അഡ്വ. മാത്യു ടി. തോമസ് എംഎല്‍എ, മല്ലപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ഗീതാ കുര്യാക്കോസ്, ഡെപ്യൂട്ടി കളക്ടര്‍ രാജലക്ഷ്മി, മല്ലപ്പള്ളി തഹസില്‍ദാര്‍ എം. ടി. ജയിംസ്, പഞ്ചായത്ത് അംഗങ്ങളായ റെജി പണിക്കമുറി, സാം പട്ടേലില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.