ഒമിക്രോൺ ജാഗ്രതയോടെ കേരളവും: മന്ത്രി വീണാ ജോർജ്

Share

വാക്സിൻ എടുക്കാൻ ബാക്കിയുള്ളവർ എത്രയും വേഗമെടുക്കണം
കോവിഡിന്റെ പുതിയ വകഭേദമായ ‘ഒമിക്രോൺ’ (B.1.1.529)  വിദേശത്ത് കണ്ടെത്തിയ സാഹചര്യത്തിൽ കേരളത്തിൽ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. കേന്ദ്രത്തിന്റെ മാർഗനിർദേശമനുസരിച്ചുള്ള നടപടികൾ സംസ്ഥാനം സ്വീകരിച്ചിട്ടുണ്ട്. എല്ലാ വിമാനത്താവളങ്ങളിലും നിരീക്ഷണം ശക്തമാക്കും. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും എല്ലാവരും കോവിഡ് മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കണം. മാസ്‌ക്, സാനിറ്റൈസർ തുടങ്ങിയവ ഉപയോഗിക്കാനും, സാമൂഹിക ആകലം പാലിക്കാനും എല്ലാവരും ശ്രദ്ധിക്കണം. വാക്സിനെടുക്കാത്തവർ എത്രയും വേഗം വാക്സിൻ എടുക്കണം. ആരോഗ്യ വകുപ്പ് അവലോകന യോഗങ്ങൾ നടത്തി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിമാക്കിയതായി മന്ത്രി വ്യക്തമാക്കി.
കേന്ദ്ര മാർഗനിർദേശ പ്രകാരം ഇന്ത്യയിലേക്ക് വരുന്ന എല്ലാ യാത്രക്കാരും 72 മണിക്കൂറിനകം ആർടിപിസിആർ പരിശോധന നടത്തി എയർസുവിധ പോർട്ടലിൽ അപ് ലോഡ് ചെയ്യണം.
കേന്ദ്ര മാർഗനിർദേശങ്ങളിൽ പറയുന്ന വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്നവരെ കൃത്യമായി നിരീക്ഷിക്കും. ഈ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് സംസ്ഥാനത്തെ എയർപോർട്ടുകളിൽ വീണ്ടും ആർടിപിസിആർ പരിശോധന നടത്തും. എല്ലാ എയർപോർട്ടുകളിലും കൂടുതൽ പരിശോധന നടത്താനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തി വരുന്നു. ഇവർ കർശനമായി ഏഴ് ദിവസം ക്വാറന്റീനിലിരിക്കണം. അതിന് ശേഷം ആർടിപിസിആർ പരിശോധന നടത്തണം. ഈ രാജ്യങ്ങളിൽ നിന്നും വരുന്നവരിൽ രോഗ സംശയമുള്ളവരുടെ സാമ്പിളുകൾ പരിശോധനയ്ക്കായി അയയ്ക്കും.