സംസ്ഥാന ഇലക്ട്രോണിക്‌സ് & വിവരസാങ്കേതികവിദ്യ വകുപ്പിലെ സ്വയം ഭരണസ്ഥാപനമായ ഐസിഫോസ്, സാങ്കേതികവിദ്യയുടെ പ്രാദേശികവൽകരണം ലക്ഷ്യമിട്ടു തയ്യാറാക്കിയ ആറ് സോഫ്റ്റ്‌വെയറുകളുടെയും കാഴ്ച പരിമിതിയുള്ള വിദ്യാർത്ഥികൾക്കായി വികസിപ്പിച്ച അക്ഷി പദപ്രശ്‌ന പസിൽ ഉപകരണത്തിന്റെയും പ്രകാശനം നവംബർ ഒന്നിന് മുഖ്യമന്ത്രിയുടെ ചേമ്പറിൽ നടക്കും.
വിവരസാങ്കേതികവിദ്യ പദകോശത്തിന്റെ പ്രകാശനം രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ, ഐ ടി പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹക്കു നൽകി പ്രകാശനം ചെയ്യും. കാഴ്ച്ച പരിമിതർക്കായി വികസിപ്പിച്ചെടുത്ത അക്ഷി എന്ന പദപ്രശ്‌ന ഉപകരണം അദ്ധ്യാപകനായ ആബ്ദുൾ ഹക്കീം മുഖ്യമന്ത്രിക്കു കൈമാറും. ഐസിഫോസിലെ ഭാഷാസാങ്കേതിക വിഭാഗം വികസിപ്പിച്ചെടുത്ത സോഫ്റ്റ് വെയറുകളുടെ പോർട്ടലിന്റെ പ്രകാശനവും നടക്കും.