മാവേലിക്കര: മന്ത്രിയായിരിക്കെ ഡോ എം കെ മുനീർ യാത്ര ചെയ്ത സ്വകാര്യവാഹനം ഇടിച്ച സംഭവത്തിൽ മരിച്ച അധ്യാപകന്റെ കുടുംബത്തിന് 75 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധി.
മാവേലിക്കര എംഎസിടി കോടതിയാണ് വിധി പറഞ്ഞത്. 2015 മെയ് 18 നായിരുന്നു കായംകുളം കമലാലയം ജംക്‌ഷനിൽ വച്ച് അപകടം നടന്നത്. ചങ്ങനാശേരി എൻഎസ്എസ് കോളജിലെ മലയാളം പ്രഫസർ ശശികുമാറാണ് മരിച്ചത്. പുതുപ്പള്ളി ഗോവിന്ദമുട്ടത്തെ വീട്ടിലേക്കു പോകുകയായിരുന്ന ശശികുമാറിന്റെ സ്കൂട്ടറിലേക്ക് തിരുവനന്തപുരത്തു നിന്നു കോഴിക്കോട്ടേക്ക് പോവുകയായിരുന്ന മന്ത്രിയുടെ വാഹനം ഇടിക്കുകയായിരുന്നു.
അതേസമയം, മരിച്ച പ്രഫസറുടെ അവകാശികൾക്ക് ഇൻഷുറൻസ് കമ്പനി നൽകുന്ന വിധിത്തുക വാഹന ഉടമയിൽ നിന്ന് ഈടാക്കുന്നതിനു കോടതി ഉത്തരവിട്ടു.
മന്ത്രിയുടെ യാത്രയ്ക്കായി സ്വകാര്യവാഹനത്തിൽ കേരള സ്റ്റേറ്റ് ബോർഡ് വച്ചും ചുവന്ന ബീക്കൺ ലൈറ്റ് സ്ഥാപിച്ചുമാണ് യാത്ര ചെയ്തത്. ഇത് മറച്ചുവച്ച് ഇൻഷുറൻസ് കരാർ ലംഘിച്ചു എന്ന എച്ച്ഡിഎഫ്സി ജനറൽ ഇൻഷുറൻസ് കമ്പനിയുടെ വാദം കോടതി അംഗീകരിച്ചു.
എന്നാൽ, സർക്കാരിനുവേണ്ടി സ്വകാര്യവാഹനം ഓടിച്ചതിനാൽ കേസിൽ കക്ഷിചേർത്ത കേരള സർക്കാർ വിധിത്തുക നൽകണമെന്ന ഇൻഷുറൻസ് കമ്പനിയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല.