കെ.എസ്.ആർ.ടി.സി ഗ്രാമീണ മേഖലയിലാരംഭിക്കുന്ന ഗ്രാമവണ്ടികളിൽ എം.എൽ.എമാർ നിർദ്ദേശിക്കുന്നവയ്ക്ക് മുൻഗണന നൽകുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഇന്ധനച്ചെലവ് വഹിക്കുന്ന രീതിയിലാണ് ഗ്രാമവണ്ടികൾ വിഭാവനം ചെയ്തിരിക്കുന്നത്. എം.എൽ.എ ഫണ്ട് ഇതിനായി വിനിയോഗിക്കുന്ന കാര്യവും പരിഗണിക്കുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. ജൻമദിനം, ചരമവാർഷികം പോലുള്ള ഓർമ്മ ദിനങ്ങളിലുൾപ്പെടെ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഗ്രാമവണ്ടികൾ സ്‌പോൺസർ ചെയ്യാം.
യാത്രക്കാർ കുറവുള്ള റൂട്ടുകളിൽ നഷ്ടം സഹിച്ച് ഇനിയും ബസ് സർവീസ് ആരംഭിക്കുവാൻ കെ.എസ്.ആർ.ടി.സിക്ക് കഴിയില്ല. എന്നാൽ പൊതുജനങ്ങളുടെ യാത്രാസൗകര്യം വർദ്ധിപ്പിക്കുകയും വേണം. ഈ സാഹചര്യത്തിലാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോട് കൂടിയുള്ള ബസ് സർവീസുകൾ ആരംഭിക്കുന്നത്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കെ.എസ്.ആർ.ടി.സിയുമായി സഹകരിക്കണം. ഒരു ദിവസം കുറഞ്ഞത് 150 കിലോ മീറ്റർ ഓടിയാലെ ഗ്രാമവണ്ടികൾ നഷ്ടമില്ലാതെ നടത്താനാവൂ. ഒരു പഞ്ചായത്തിൽ തന്നെ അത് സാദ്ധ്യമാകണമെന്നില്ല. അത്തരം സാഹചര്യത്തിൽ പല പഞ്ചായത്തുകൾ ചേർന്ന ഇന്ധനച്ചെലവ് പങ്കിടുന്ന തരത്തിൽ സർവീസ് ക്രമീകരിക്കാൻ കഴിയും. ജില്ലകൾക്ക് പുറത്തേക്ക് ഇത്തരം സർവീസ് നീട്ടുന്ന കാര്യവും പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
യാത്രക്കാരുടെ എണ്ണം അനുസരിച്ച് 18, 24, 28, 32 സീറ്റുകളുള്ള വാഹനങ്ങളും ഇതിനായി ഉപയോഗിക്കാം. സ്വകാര്യ വാഹനങ്ങൾ ഓരോ വർഷത്തേക്കും ലീസിനെടുത്താണ് സർവ്വീസ് നടത്തുന്നത്. ആവശ്യത്തിന് വാഹനങ്ങളില്ലാത്തതു കൊണ്ടാണ് പാരലൽ സർവീസുകൾ നടക്കുന്നതെന്നും ഗ്രാമവണ്ടികളാരംഭിക്കുന്നതോടു കൂടി ഇത്തരം സർവ്വീസുകൾ ഇല്ലാതാകുമെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു. കെ.എസ്.ആർ.ടി.സിയുടെ യാത്രാ നിരക്കിൽ നിലവിലുള്ള കൺസെഷനുകൾ നിലനിർത്തിയാണ് സർവീസുകൾ ആരംഭിക്കുന്നതെന്നും മന്ത്രി അറിയിച്ചു.