ഊർജ്ജ സംരക്ഷണ പക്ഷാചരണം സംസ്ഥാനതല ചിത്രരചന മത്സരം അഞ്ചിന്

Share

ദേശീയ ഊർജ്ജ സംരക്ഷണ പക്ഷാചരണത്തിന്റെ ഭാഗമായി ബ്യുറോ ഓഫ് എനർജി എഫിഷ്യൻസിയുടെയും, കേന്ദ്ര ഊർജ മന്ത്രാലയത്തിന്റെയും നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി നടത്തുന്ന ചിത്രരചനാ മത്സരത്തിന്റെ സംസ്ഥാനതല മത്സരങ്ങൾ ഡിസംബർ അഞ്ചിന് നടക്കും. എനർജി മാനേജ്‌മെന്റ് സെന്റർ, എൻ. ടി. പി. സി  കായംകുളം, പൊതു വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് മത്സരം സംഘടിപ്പിക്കുന്നത്.
സംസ്ഥാനത്തെ 41 വിദ്യാഭ്യാസ ജില്ലാ കേന്ദ്രങ്ങളിലായി പതിനാലായിരത്തിലധികം കുട്ടികൾ മത്സരത്തിൽ പങ്കെടുക്കും. സ്വാതന്ത്ര്യത്തിന്റെ 75-ാം  വാർഷിക ദിനാചരണത്തോടനുബന്ധിച്ച് നടക്കുന്ന ‘ആസാദി കാ അമൃത് മഹോത്സവ’ത്തിന്റെ ഭാഗമായി ഈ വർഷം ‘എനർജി എഫിഷ്യന്റ് ഇന്ത്യ, ക്ലീനർ പ്ലാനറ്റ്’ എന്ന വിഷയത്തിലാണ് മത്സരം നടക്കുക.
മത്സരങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം അഞ്ചിനു രാവിലെ 10.30ന്  തിരുവനന്തപുരം വഴുതക്കാട് കോട്ടൺഹിൽ എച്ച്. എസ്. എസിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും. മേയർ ആര്യ രാജേന്ദ്രൻ മുഖ്യാതിഥിയാകും.